ന്യൂയോർക്ക്: ന്യൂയോർക് മേയർ സ്ഥാനത്തേക്കുള്ള പ്രൈമറി തെരഞ്ഞെടുപ്പ് വിജയിയായ സൊഹ്‌റാൻ മംദാനിക്ക് നേരെ വംശീയ അധിക്ഷേപം. ജൂൺ 24 ന് ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള പ്രൈമറി തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പൗരത്വം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു റിപ്പബ്ലിക്കൻ നിയമസഭാംഗം രംഗത്തെത്തി .
93 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ, ഫലസ്തീൻ അനുകൂല ഡെമോക്രാറ്റിക് സ്ഥാനാർഥിയായ മംദാനി വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നിലെത്തിയതിന് പിന്നാലെയാണ് ആക്രമണം.
റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള ന്യൂയോർക്ക് സിറ്റി കൗൺസിൽ വനിത വിക്കി പലാഡിനോ, കോൺഗ്രസ് അംഗം റാണ്ടി ഫൈൻ എന്നിവർ അദ്ദേഹത്തിനെതിരെ വംശീയ അധിക്ഷേപം നടത്തി. മംദാനിയുടെ വിജയത്തിന് പിന്നാലെ, റിപ്പബ്ലിക്കൻ നേതാവ് ആൻഡി ഓഗിൾസ് മംദാനിയെ നാടുകടത്താനും ആവശ്യപ്പെട്ടു.
എക്‌സിൽ കുറിച്ച ഒരു പോസ്റ്റിൽ സൊഹ്‌റാൻ മാംദാനി ഒരു സെമിറ്റിക് വിരുദ്ധനും, സോഷ്യലിസ്റ്റും, കമ്മ്യൂണിസ്റ്റുമാണെന്ന് ഓഗിൾസ് പറഞ്ഞു. ‘സൊഹ്‌റാൻ മംദാനി ഒരു സെമിറ്റിക് വിരുദ്ധനും, സോഷ്യലിസ്റ്റും, കമ്മ്യൂണിസ്റ്റുമാണ്, അദ്ദേഹം ന്യൂയോർക്ക് എന്ന മഹത്തായ നഗരത്തെ നശിപ്പിക്കും. അദ്ദേഹത്തെ നാടുകടത്തേണ്ടതുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കുന്നതിനുള്ള നടപടികൾക്ക് വിധേയമാക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നത്,’ അദ്ദേഹം പറഞ്ഞു.
സ്വന്തം വ്യക്തിത്വം മനപൂർവ്വം തെറ്റായി ചിത്രീകരിച്ചോ തീവ്രവാദത്തിനുള്ള പിന്തുണ മറച്ചുവെച്ചോ ആണ് മംദാനി പൗരത്വം നേടിയെന്ന് ആരോപിച്ച് അറ്റോർണി ജനറൽ പാം ബോണ്ടിക്ക് ഒരു കത്തും ഓഗിൾസ് സമർപ്പിച്ചു .
ഡെമോക്രാറ്റിക് കോൺഗ്രസുകാരനായ താനേദാർ, ഹൗസ് ഹോംലാൻഡ് സെക്യൂരിറ്റി കമ്മിറ്റി ഡെമോക്രാറ്റുകൾ, കോൺഗ്രസിലെ മുസ്‌ലിം അമേരിക്കൻ അംഗങ്ങൾ എന്നിവരുൾപ്പെടെ നിരവധിപേർ ഓഗലിന്റെ ഈ അഭിപ്രായത്തെ അപലപിച്ചു.
ഇത്തരം വംശീയതയ്ക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്ന് എക്‌സിൽ എഴുതിയ ഒരു പോസ്റ്റിൽ താനേദാർ പറഞ്ഞു. ‘ഇത്തരം വംശീയതയ്ക്ക് അമേരിക്കയിൽ സ്ഥാനമില്ല. കുടിയേറ്റക്കാരാണ് നമ്മുടെ രാജ്യത്തെ മഹത്തരമാക്കുന്നത്, ആൻഡി ഓഗിൾസിന്റെ ഈ നഗ്നമായ, കുടിയേറ്റ വിരുദ്ധ വർഗീയതയെ ഞാൻ ശക്തമായിഅപലപിക്കുന്നു,’ അദ്ദേഹം കുറിച്ചു.
അതേസമയം ഓഗിളിന്റെ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട്, ഡെമോക്രാറ്റിക് കോൺഗ്രസ് വനിത റാഷിദ ത്ലൈബും എത്തി. കോൺഗ്രസിലെ അംഗങ്ങൾ മാംദാനിക്കെതിരായ വംശീയ ആക്രമണങ്ങളിൽ അപലപിച്ച് പ്രസ്താവനയിറക്കി. ‘ സൊഹ്‌റാൻ മംദാനിയെ ആക്രമിച്ച ഞങ്ങളുടെ സഹപ്രവർത്തകരുടെ നികൃഷ്ടവും മുസ്‌ലിം വിരുദ്ധവും വംശീയവുമായ അധിക്ഷേപങ്ങളെ നിശബ്ദമായി നേരിടാൻ കഴിയില്ല,’ പ്രസ്താവനയിൽ പറയുന്നു. ത്ലൈബ്, കോൺഗ്രസ് വനിതകളായ ഇൽഹാൻ ഒമർ, ലത്തീഫ സൈമൺ, കോൺഗ്രസ് അംഗം ആൻഡ്രെ കാർസൺ എന്നിവർ പ്രസ്താവനയിൽ ഒപ്പുവച്ചു.
മംദാനിക്കെതിരായ ആക്രമണങ്ങൾ പതിറ്റാണ്ടുകളായി മുസ്‌ലിങ്ങളെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടിന്റെ ഭാഗമാണെന്ന് സിവിൽ റൈറ്റ്സ് ആൻഡ് അഡ്വക്കസി ഓർഗനൈസേഷനായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസിലെ ഗവേഷണ ഡയറക്ടർ കോറി സെയ്‌ലർ മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു. ‘ന്യൂയോർക്ക് നഗരത്തിലെ ഡെമോക്രാറ്റിക് മേയർ പ്രൈമറി റിസൾട്ടിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിൽ പൊട്ടിപ്പുറപ്പെട്ട മുസ്‌ലിം വിരുദ്ധ വർഗീയത സത്യസന്ധതയില്ലാത്തതും അപകടകരവുമാണ്,’ അദ്ദേഹം പറഞ്ഞു.
അമേരിക്കൻ-മുസ്‌ലിം സമൂഹത്തിന് ഇത് പുതിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Zohran Mamdani faces racist smears and calls for citizenship to be stripped