ന്യൂയോര്‍ക് സിറ്റി: ന്യൂയോര്‍ക്കിന്റെ പുതിയ മേയറായ സൊഹ്‌റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതുവര്‍ഷം പിറന്ന് നിമിഷങ്ങള്‍ക്കകമാണ് മംദാനി സബ്‌വേ സ്റ്റേഷനിലെ സിറ്റി ഹാളില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. പകല്‍ പൊതുചടങ്ങിലും മംദാനി സത്യപ്രതിജ്ഞ ചെയ്യും.
ഖുര്‍ആനില്‍ കൈവെച്ചുകൊണ്ടാണ് മംദാനി സത്യപ്രതിജ്ഞ ചെയ്തത്. തന്റെ മുത്തച്ഛന്റെ ഖുര്‍ആനും ന്യൂയോര്‍ക് പബ്ലിക് ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന കറുത്ത വര്‍ഗക്കാരനും ചരിത്രകാരനുമായ അര്‍തുറോ ഷോംബെര്‍ഗിന്റെ ഖുര്‍ആനുമാണ് അദ്ദേഹം രാത്രിയില്‍ നടന്ന സത്യപ്രതിജ്ഞാ സമയം കൈവശം വെച്ചത്.
സിറ്റി ഹാളില്‍ പകല്‍ നടക്കുന്ന ചടങ്ങില്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ഖുര്‍ആനുകള്‍ മംദാനി ഉപയോഗിക്കുമെന്ന് ന്യൂയോര്‍ക് ടൈംസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷോംബെര്‍ഗ് സെന്ററിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷത്തോടനുബന്ധിച്ച് ന്യൂയോര്‍ക് പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന പ്രത്യേക പ്രദര്‍ശനത്തിന്റെ ഭാഗമായി ഷോംബെര്‍ഗിന്റെ ഖുര്‍ആന്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുമെന്ന് മംദാനിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ഹാര്‍ലെം നവോത്ഥാനനായകനായ ആഫ്രോ-ലാറ്റിനോ എഴുത്തുകാരനായ ഷോംബെര്‍ഗിന്റെ കൃതികളും മറ്റ് ശേഖരങ്ങളും ഖുര്‍ആനും പ്രദര്‍ശിപ്പിക്കുന്നത് നഗരത്തിന്റെ വിശ്വാസ-വംശീയ കൂടിച്ചേരലുകളെ അടിവരയിടാന്‍ മംദാനിയെ സഹായിക്കും,
സത്യപ്രതിജ്ഞാ ചടങ്ങില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഏതെങ്കിലും മതഗ്രന്ഥങ്ങള്‍ ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ മുന്‍ മേയര്‍മാരില്‍ ഭൂരിഭാഗം ആളുകളും സത്യപ്രതിജ്ഞാ ചടങ്ങില്‍ ബൈബിളുകള്‍ കൈവശം വെച്ചിരുന്നു. ഇത്തരത്തില്‍ ഖുര്‍ആന്‍ കൈവശം വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന ചരിത്രത്തിലെ ആദ്യ ന്യൂയോര്‍ക് മേയറാണ് മംദാനി.
2021ല്‍ എറിക് ആഡംസ് ഒരു കൈ ബൈബിളിന് മുകളിലും മറുകൈ തന്റെ അമ്മയുടെ ചിത്രത്തിന് മുകളിലും കൈവെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ആഡംസിന്റെ മുന്‍ഗാമിയായ ഫ്രാങ്ക്‌ളിന്‍ ഡി റൂസ്‌വെല്‍റ്റിന്റെ കൈവശമുണ്ടായിരുന്ന ബൈബിളില്‍ കൈവെച്ചാണ് സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയത്.
2022ല്‍ ന്യൂയോര്‍ക് സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷഹാന ഹനീഷ് തന്റെ കുടുംബം ഉപയോഗിച്ചുവന്ന ഖുര്‍ആനില്‍ കൈ വെച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കായി ഖുര്‍ആന്‍ ഉപയോഗിക്കുന്നത് സിറ്റി പൊളിറ്റിക്‌സില്‍ മുസ്‌ലിങ്ങളുടെ നിര്‍ണായക സ്വാധീനത്തിന് അടിവരയിടുമെന്ന് ഷഹാന പറഞ്ഞു.
‘തുറന്ന് പറയട്ടെ, മറ്റ് വിഭാഗങ്ങളെയും സമൂഹങ്ങളെയും പോലെ പതിറ്റാണ്ടുകളായി മുസ്‌ലിങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നില്ല. ന്യൂയോര്‍ക് നഗരത്തിലും വിദേശത്തുമുള്ള മുസ്‌ലിം സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ അടയാളമായാണ് ഖുര്‍ആനിനെ പ്രതിനിധീകരിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ഷഹാന ഹനീഫ് പറഞ്ഞു.
വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ചരിത്രപ്രസിദ്ധമായ സബ്‌വേ സ്റ്റേഷന്‍ സിറ്റി ഹാളാണ് മംദാനിയുടെ ഒഫീഷ്യല്‍ മിഡ്‌നൈറ്റ് ഓത്തിന് സാക്ഷ്യം വഹിച്ചത്. പകല്‍ സിറ്റി ഹാളിന് പുറത്ത് വിപുലമായ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. നാല്‍പ്പതിനായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.
Content Highlight: Zohran Mamdani becomes first New York mayor to use Quran during swearing-in ceremony