| Tuesday, 18th August 2026, 8:42 am

മെസിയുടെ മിനിയേച്ചര്‍ പതിപ്പ് കാണണമെങ്കില്‍ അവനെ നോക്കിയാല്‍ മതി: ഇബ്രാഹിമോവിച്ച്

സുദേവ് എ

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇളയ മകന്‍ ഇന്റര്‍ മയാമിക്കൊപ്പം അടുത്തിടെ കിരീടം ചൂടിയിരുന്നു. സിറോ മെസി തന്റെ എട്ടാം വയസിലാണ് ഇന്റര്‍ മയാമിക്കൊപ്പം ആദ്യ കിരീടം നേടിയത്. ഇ

ത്ര ചെറുപ്പത്തില്‍ തന്നെ ചാമ്പ്യനായ സിറോ മെസിയെ സ്വീഡിഷ് ഇതിഹാസം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് പ്രശംസിക്കുകയും ചെയ്തിരുന്നു. മെസിയുടെ മിനിയേച്ചര്‍ പതിപ്പ് കാണണമെങ്കില്‍ സിറോ മെസിയെ നോക്കിയാല്‍ മതിയെന്നാണ് ഇബ്രാഹിമോവിച്ച് പറഞ്ഞത്. ഫുട്‌ബോളില്‍ സിറോ മെസിക്ക് വലിയ ഭാവിയുണ്ടെന്നും സ്വീഡിഷ് ലെജന്‍ഡ് വ്യക്തമാക്കി. മാര്‍ക്കയിലൂടെ സംസാരിക്കുകയായിരുന്നു ഇബ്രാഹിമോവിച്ച്.

‘മെസിയുടെ ഒരു മിനിയേച്ചര്‍ പതിപ്പ് കാണണമെങ്കില്‍ സിറോ മെസിയെ നോക്കിയാല്‍ മതി. ടോപ് സ്‌കോറര്‍ അവാര്‍ഡ് അവന് നല്‍കാന്‍ സാധിച്ചതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ഈ കുട്ടിക്ക് നല്ലൊരു ഭാവിയുണ്ട്. അവന്‍ ഒരുപാട് ദൂരം മുന്നോട്ട് പോവും,’ ഇബ്രാഹിമോവിച്ച് പറഞ്ഞു.

ഇന്റര്‍ മയാമിയുടെ യൂത്ത് അക്കാദമിയില്‍ പന്തുതട്ടുന്ന സിറോ മെസി തന്നെയാണ് ഫൈനലിലെ എം.വി.പി പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഫൈനലില്‍ 10-2ന്റെ വമ്പന്‍ വിജയമാണ് മയാമി സ്വന്തമാക്കിയത്. കലാശ പോരാട്ടത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് സിറോ മെസി തിളങ്ങിയത്.

ഇത്ര ചെറിയ പ്രായത്തില്‍ തന്നെ ചാമ്പ്യനായി പ്രതിഭ തെളിയിച്ച സിറോ മെസിക്ക് മെസിയുടെ അതേ പാതയിലൂടെ ചരിത്രം സൃഷ്ടിക്കാന്‍ സാധിക്കുമോയെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

മെസിയുടെ മൂത്ത മകനായ തിയാഗോ മെസിയും ഇതിനോടകം തന്നെ ഫുട്ബോളിലേക്ക് ചുവട് വെച്ചുകഴിഞ്ഞു. നിലവില്‍ തിയാഗോ ഇന്റര്‍ മയാമിയുടെ അക്കാദമിക്ക് വേണ്ടിയാണ് കളിക്കുന്നത്.

അതേസമയം ബാഴ്സലോണയില്‍ കളിച്ചാണ് മെസി ലോക ഫുട്‌ബോളില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയത്. 2004 ഒക്ടോബര്‍ 16ന് എസ്പാനിയോളിനെതിരായ മത്സരത്തിലാണ് മെസി ബാഴ്‌സയ്ക്കായി തന്റെ അരങ്ങേറ്റം കുറിച്ചത്. ബാഴ്‌സയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും നേടിയ താരവും മെസി തന്നെയാണ്.

672 ഗോളുകളും 303 അസിസ്റ്റുകളുമാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി സ്വന്തമാക്കിയത്. ബാഴ്‌സക്കൊപ്പം ഒരുപിടി കിരീട നേട്ടങ്ങളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചു. 10 ലാലിഗ കിരീടങ്ങള്‍, രണ്ട് കോപ്പ കിരീടങ്ങള്‍, ഏഴ് കോപ്പ ഡെല്‍ റേ, നാല് ചാമ്പ്യന്‍സ് ലീഗ് എന്നീ കിരീടങ്ങളാണ് താരം ബാഴ്‌സയ്‌ക്കൊപ്പം നേടിയത്.

2021ലാണ് മെസി 21 വര്‍ഷത്തെ തന്റെ ബാഴ്‌സയിലെ അവിസ്മരണീയമായ കരിയറിന് വിരാമമിട്ടത്. ബാഴ്‌സയില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്നിക്കാണ് മെസി ചേക്കേറിയത്. പി.എസ്.ജിയില്‍ നിന്നും 2023ല്‍ മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മയാമിയിലേക്കും താരം കൂടുമാറി.

Content Highlight: Zlatan Ibrahimovic praise Lionel Messi son Siro Messi

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more