ക്ലബ്ബ് വേള്‍ഡ് കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്റര്‍ മയാമി പരാജയപ്പെട്ടിരുന്നു. മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് പാരീസ് വമ്പന്‍മാര്‍ മേജര്‍ ലീഗ് സോക്കര്‍ സൂപ്പര്‍ ടീമിനെ തകര്‍ത്തുവിട്ടത്.
പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ജാവോ നെവസിന്റെ ഇരട്ട ഗോള്‍ നേടിയപ്പോള്‍ അഷ്റഫ് ഹാക്കിമിയും പി.എസ്.ജിക്കായി ഗോള്‍ കണ്ടെത്തി. തോമസ് അവിലസിന്റെ സെല്‍ഫ് ഗോളും പി.എസ്.ജിക്ക് തുണയായി.
ഈ പരാജയത്തിന് പിന്നാലെ മെസിയെ വിമര്‍ശിച്ചും കളിയാക്കിക്കൊണ്ടും ഒരുപറ്റം ആരാധകര്‍ രംഗത്തുവന്നിരുന്നു. ഇപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മെസിയുടെ മുന്‍ സഹതാരവും സ്വീഡിഷ് ലെജന്‍ഡുമായ സ്ലാട്ടന്‍ ഇബ്രഹാമോവിച്ച്. മത്സരത്തില്‍ മെസിക്ക് ഒരു തരത്തിലുമുള്ള പിന്തുണയും ലഭിച്ചില്ല എന്നാണ് അദ്ദേഹം പറയുന്നത്.
‘മികച്ച പരിശീലകരില്ല, താരങ്ങളില്ല, പന്ത് കൈവശമില്ലാത്തപ്പോള്‍ കളിക്കളത്തില്‍ എങ്ങനെ നീങ്ങണമെന്ന് അറിയുന്നവര്‍ പോലുമില്ല. നിങ്ങള്‍ക്ക് മെസിയെ കുറ്റപ്പെടുത്തണോ? അവന്‍ റൊണാള്‍ഡോ, എംബാപ്പെ, ഹാലണ്ട്, സ്ലാട്ടന്‍ എന്നിവര്‍ക്കൊപ്പം കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് മെസിയെ കുറ്റപ്പെടുത്താം. എന്നാല്‍ ഇന്ന് നിങ്ങള്‍ക്കതിന് സാധിക്കില്ല.
പക്ഷേ നിങ്ങള്‍ കരുതിയിരിക്കണം. അവന് ഒരു യഥാര്‍ത്ഥ ടീമിനെ ലഭിച്ചാല്‍, അവന്‍ ഒരിക്കല്‍ക്കൂടി സ്റ്റേഡിയം തന്നെ കത്തിക്കും. അതിനുള്ള കാരണമെന്തെന്നാല്‍ മെസി എല്ലായ്പ്പോഴും മെസി തന്നെയാണ്. എന്നാല്‍ ഇന്ന്? ഇത് മെസിയുടെ തോല്‍വിയല്ല, ഇന്റര്‍ മയാമിയുടെയും ഫുട്ബോളിന്റെയും തോല്‍വിയാണ്,’ ഇബ്ര പറഞ്ഞു.
മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ മെസിയുടെ സഹതാരങ്ങളെയും സ്ലാട്ടന്‍ കുറ്റപ്പെടുത്തി.
‘മെസി ഒരിക്കലും പരാജയപ്പെട്ടിട്ടില്ല, പരാജയപ്പെട്ടത് ഇന്റര്‍ മയാമി മാത്രമാണ്. മെസി വെറും പ്രതിമകള്‍ക്കൊപ്പമാണ് കളിക്കുന്നത്, അല്ലാതെ സഹതാരങ്ങള്‍ക്കൊപ്പമല്ല. അവന്‍ ഒരു യഥാര്‍ത്ഥ ടീമിനൊപ്പമായിരുന്നെങ്കില്‍, പാരീസിലോ മാഞ്ചസ്റ്ററിലോ മറ്റേതെങ്കിലും മികച്ച ടീമിനൊപ്പമായിരുന്നെങ്കിലോ നിങ്ങള്‍ക്ക് യഥാര്‍ത്ഥ സിംഹത്തെ തന്നെ കാണാന്‍ സാധിക്കുമായിരുന്നു.
ഈ ഗെയ്മിനെ ഇഷ്ടപ്പെടുന്നു എന്നത് കൊണ്ട് മാത്രമാണ് മെസി കളിക്കുന്നത്. കാരണം 99 ശതമാനത്തോളം വരുന്ന താരങ്ങള്‍ക്ക് സാധിക്കാത്തതെന്തോ, അത് ഇപ്പോഴും ചെയ്തുകാട്ടാന്‍ മെസിക്ക് സാധിക്കും. എന്നാല്‍ സിമന്റ് ചാക്ക് ചുമക്കുന്നത് പോലെ ഓടുന്നവര്‍ക്കൊപ്പമാണ് അവന്‍ കളിക്കുന്നത്,’ സ്ലാട്ടന്‍ കുറ്റപ്പെടുത്തി.
അതേസമയം, എം.എല്‍.എസ് പോരാട്ടങ്ങളുടെ മുന്നൊരുക്കത്തിലാണ് മായാമി. കാനഡ ക്യുബെക്കിലെ സപ്പുറ്റോ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ മോണ്‍ട്രിയലാണ് എതിരാളികള്‍.
Content Highlight: Zlatan Ibrahimović slams criticism targeting Lionel Messi