ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും പരിശീലകരില്‍ ഒരാളാണ് ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍. കളിക്കളത്തില്‍ താരമെന്ന നിലയില്‍ പ്രതിഭ തെളിയിച്ച സിദാന്‍ പരിശീലകന്റെ കുപ്പായത്തിലും തിളങ്ങിയിട്ടുണ്ട്. നിലവില്‍ സിദാന്‍ ഫ്രാന്‍സിന്റെ പരിശീലകനായി പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.
ലോകകപ്പിന് ശേഷം ഫ്രാന്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ദിദിയര്‍ ദെഷാംസിന്റെ പകരക്കാരനായാണ് സിദാന്‍ ഫ്രാന്‍സിന്റെ പുതിയ പരിശീലക കുപ്പായമണിഞ്ഞത്.
2021ല്‍ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയ സിദാന്‍ വീണ്ടും പരിശീലകന്റെ റോളിലെത്തുമ്പോള്‍ പരിശീലിപ്പിച്ചവരില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട താരം ആരാണെന്ന് സിദാന്‍ മുമ്പ് പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണ്.
പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് സിദാന്‍ തന്റെ പ്രിയ ശിഷ്യനായി തെരഞ്ഞെടുത്തിരുന്നത്. ഫുട്ബോളില്‍ മികച്ച പ്രകടനം നടത്തി ചരിത്രം കുറിച്ച നിരവധി താരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും റോണോയോളം ആരും വരില്ലെന്നായിരുന്നു സിദാന്‍ പറഞ്ഞത്. ഒരു സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദാന്‍ റൊണാള്‍ഡോയെ കുറിച്ച് സംസാരിച്ചത്.
‘ഫുട്ബോളില്‍ ചരിത്രം സൃഷ്ടിച്ച ഒരുപാട് താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആരും റൊണാള്‍ഡയോളം വരില്ല. കണക്കുകള്‍ നോക്കിയാല്‍ അത് വ്യക്തമാകും. അവന്‍ ഫുട്ബോളില്‍ ചെയ്തതെല്ലാം മികച്ച കാര്യങ്ങളാണ്. റൊണാള്‍ഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. അവനെ കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ല. റയല്‍ മാഡ്രിഡില്‍ അവന്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. അവന്‍ വിരമിക്കുന്നത് വരെ ഇതുപോലെ തുടരുമെന്ന് എനിക്കുറപ്പുണ്ട്,’ സിദാന്‍ പറഞ്ഞു.
2009ലാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സ്പാനിഷ് ടീമിലേക്ക് ചേക്കേറിയ റൊണാള്‍ഡോ ലോസ് ബ്ലാങ്കോസിനായി 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകള്‍ സ്വന്തമാക്കി.
നീണ്ട ഒമ്പത് വര്‍ഷത്തെ റയല്‍ ജീവിതത്തിന് ശേഷം 2018ല്‍ താരം യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. യുവന്റസില്‍ നിന്നും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്കും റൊണാള്‍ഡോ കൂടുമാറി.
റെഡ് ഡെവിള്‍സില്‍ നിന്നും സൗദി ക്ലബ്ബായ അല്‍ നസറിലേക്കാണ് റൊണാള്‍ഡോ ചേക്കേറിയത്. സൗദിയില്‍ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ പുറത്തെടുക്കുന്നത്.
അതേസമയം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനൊപ്പം അവിസ്മരണീയമായ കോച്ചിങ് കരിയറാണ് സിദാനും പടുത്തുയര്‍ത്തിയത്. റയല്‍ മാഡ്രിഡിനെ ഹാട്രിക് ചാമ്പ്യന്‍സ് കിരീടത്തിലേക്ക് നയിക്കാന്‍ സിദാന് സാധിച്ചിരുന്നു. മറ്റൊരു കോച്ചിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണിത്.
കളിക്കളത്തില്‍ താരമായും പരിശീലകനായും ഒരുപോലെ തിളങ്ങിയ സിദാന്റെ കീഴില്‍ ഫ്രാന്‍സ് ഇനിയും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Zinadine Zidane talks about Cristiano Ronaldo