| Wednesday, 9th September 2026, 2:29 pm

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി പരിഗണിക്കപ്പെടുന്നത് അതിശയിപ്പിക്കുന്ന കാര്യം; ബാലണ്‍ ഡി ഓര്‍ റെയ്‌സില്‍ സൂപ്പര്‍ താരത്തെ പിന്തുണച്ച് സിനദിന്‍ സിദാന്‍

ശ്രീരാഗ് പാറക്കല്‍

2026ലെ മികച്ച ഫുട്‌ബോള്‍ താരത്തിന് നല്‍കുന്ന പ്രശസ്ത ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ ഇതിഹാസ താരം ലയണല്‍ മെസിയും നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. വിരമിക്കലിന് ശേഷവും ബാലന്‍ ഡി ഓര്‍ നേട്ടത്തിന്റെ നാമ നിര്‍ദേശത്തില്‍ മെസി ഇടം പിടിച്ചതില്‍ സംസാരിക്കുകയാണ് ഫ്രഞ്ച് ഫുട്‌ബോളിന്റെ മുഖ്യ പരിശീലകന്‍ സിനദിന്‍ സിദാന്‍.

39ാം വയസിലും ലോകത്തിലെ മികച്ച താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് അവിശ്വസനീയമായ കാര്യമാണെന്ന് സിദാന്‍ പറഞ്ഞു. മാത്രമല്ല മെസി ബാലണ്‍ ഡി ഓര്‍ നേടിയാലും തനിക്ക് അത്ഭുതമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ 100 തവണ അദ്ദേഹത്തിന് വോട്ട് ചെയ്യും. 39ാം വയസിലും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നത് എത്രത്തോളം അവിശ്വസനീയമായ നേട്ടമാണെന്ന് പലരും മനസിലാക്കുന്നില്ല. ഈ പ്രായത്തിലെത്തുമ്പോഴേക്കും പല ഫുട്‌ബോള്‍ താരങ്ങളുടെയും മികച്ച കാലഘട്ടം അവസാനിച്ചിട്ടുണ്ടാകും.

സത്യസന്ധമായി പറഞ്ഞാല്‍, 39ാം വയസില്‍ എനിക്ക് ഒരു ഗോള്‍ പോലും നേടാനാകുമായിരുന്നോ എന്ന് പോലും ഓര്‍മയില്ല. അങ്ങനെയിരിക്കെ, ഈ നിലവാരത്തില്‍ പ്രകടനം നടത്തി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി പരിഗണിക്കപ്പെടുന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.

മെസിയാണ് എക്കാലത്തെയും മികച്ച താരം എന്ന കാര്യത്തില്‍ ഇപ്പോഴും ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍, സത്യത്തില്‍ ആ വ്യക്തിക്ക് ഫുട്‌ബോളിനെക്കുറിച്ച് പറയാനുള്ള അവകാശമില്ലെന്ന് തോന്നുന്നു. ഫുട്‌ബോളില്‍ ഇത്രയും മഹത്തായ പ്രകടനം എങ്ങനെ കാണാതെ പോകും?

മെസി ബാലണ്‍ ഡി ഓര്‍ നേടിയാലും എനിക്ക് അത്ഭുതമുണ്ടാകില്ല. ഈ വര്‍ഷം നാമനിര്‍ദേശ പട്ടികയിലുള്ള മറ്റാരെങ്കിലും മെസിയേക്കാള്‍ വലിയ സ്വാധീനം ചെലുത്തിയെന്ന് എങ്ങനെയാണ് ആത്മാര്‍ഥമായി പറയാന്‍ കഴിയുക?,’ സിദാന്‍ പറഞ്ഞു.

അതേസമയം ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ കുറിപ്പ് പങ്കുവെച്ചാണ് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

അര്‍ജന്റീനക്കായി ഐതിഹാസിക സംഭാവനകള്‍ നല്‍കിയാണ് മെസി കളം വിട്ടത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്നും 125 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ തുടര്‍ച്ചയായി അര്‍ജന്റീനയെ ഫൈനലില്‍ എത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

2026 ലോകകപ്പിലും മെസിയുടെ പോരാട്ടവീര്യങ്ങള്‍ക്ക് ഫുട്ബോള്‍ ലോകം സാക്ഷിയായി. ഫൈനലില്‍ സ്പെയ്നിന് മുന്നില്‍ പരാജയപ്പെട്ടെങ്കിലും ലോകകപ്പില്‍ പല റെക്കോഡുകളും തിരുത്തിയാണ് മെസി മടങ്ങിയത്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായും മെസി ചരിത്രത്തില്‍ ഇടം പിടിച്ചു. 21 ഗോളുകളാണ് ആറ് ലോകകപ്പുകളില്‍ നിന്നും മെസി അടിച്ചുകൂട്ടിയത്. 2026 ലോകകപ്പില്‍ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായിരുന്നു മെസിയുടെ സമ്പാദ്യം.

Content Highlight: Zinadine Zidan Talking About Lionel Messi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more