| Wednesday, 11th December 2024, 9:27 pm

അഫ്ഗാനിസ്ഥാനെ തൂക്കിയടിച്ച് സിംബാബ്‌വേ; അഞ്ച് പേരെയും വെട്ടിവീഴ്ത്തി വമ്പന്‍ തിരിച്ചുവരവ്

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 മത്സരത്തില്‍ സിംബാബ്‌വേയ്ക്ക് വമ്പന്‍ വിജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് സിംബാബ്‌വേ വിജയിച്ചത്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടാനാണ് ടീമിന് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടി സിംബാബ്‌വേ വിജയം സ്വന്തമാക്കുകയായിരുന്നു.

ഈ വര്‍ഷം വമ്പന്‍ വിജയങ്ങള്‍ സ്വന്തമാക്കിയാണ് സിക്കന്ദര്‍ റാസയും സംഘവും മുന്നേറുന്നത്. കഴിഞ്ഞ അഞ്ച് ബൈലാറ്ററര്‍ മത്സരത്തിലെയും ഒരുമത്സരത്തില്‍ ഫുള്‍മെമ്പര്‍ ടീമുകളായ ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരെ പരാജയപ്പെടുത്താന്‍ സിംബാബ്‌വേയ്ക്ക് സാധിച്ചിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വേക്ക വേണ്ടി മിന്നും പ്രകടനമാണ് ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റും ഡിയോണ്‍ മൈര്‍സും കാഴ്ചവെച്ചത്. ബ്രയാന്‍ 49 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 49 റണ്‍സും ഡിയോണ്‍ 29 പന്തില്‍ നിന്ന് 32 റണ്‍സും നേടിയാണ് പുറത്തായത്. തുടര്‍ന്ന് തഷിങ്ക മുസേക്കിവയും (16 റണ്‍സ്) വെല്ലിങ്ടണ്‍ മസാകാഡ്‌സയുമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

അഫ്ഗാനിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റ് നേടി നവീന്‍ ഉള്‍ ഹഖ് മികവ് പുലര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റും നബി ഒരു വിക്കറ്റും നേടി. അഫ്ഗാനിസ്ഥാന്റെ മധ്യനിര ബാറ്ററായ കരീം ജന്നത്തിന്റെയും സീനിയര്‍ താരം മുഹമ്മദ് നബിയുടെയും മികച്ച പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്.

കരീം 49 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ ഉള്‍പ്പെടെ 54 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ നബി 27 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 44 റണ്‍സ് നേടി കൂടാരം കയറി. ആറാം വിക്കറ്റില്‍ 79 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. ഇരുവര്‍ക്കും പുറമേ വണ്‍ ടൗണ്‍ ബാറ്റര്‍ ഹസ്രത്തുള്ള സസായി 20 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും കാര്യമായി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

സിംബാബ്‌വേയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് റിച്ചാര്‍ഡ് എന്‍ഗരാവയാണ്. 28 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ ആണ് താരം നേടിയത്. ബ്ലെസിങ് മുസാരബാനി, ത്രിവോര്‍ ഗ്വാണ്ടു, വെല്ലിങ്ടണ്‍ മസാകാഡ്‌സ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Content highlight: Zimbabwe Won Against Afghanistan In First T-20 Match

We use cookies to give you the best possible experience. Learn more