| Tuesday, 18th November 2025, 9:38 pm

ബാബര്‍ പൂജ്യത്തില്‍, ക്യാപ്റ്റന്‍ ഒരു റണ്‍സ്; പാകിസ്ഥാനെ സമ്മര്‍ദത്തിലാക്കി സിംബാബ്‌വേ

സ്പോര്‍ട്സ് ഡെസ്‌ക്

2025 പാകിസ്ഥാന്‍ ടി-20 ട്രൈ നാഷന്‍ പരമ്പരയില്‍ സിംബാബ്‌വേയും പാകിസ്ഥാനും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സായിരുന്നു സിംബാബ്‌വേ നേടിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാനെ വലിയ സമ്മര്‍ദത്തില്‍ ആക്കിയിരിക്കുകയാണ് സന്ദര്‍ശകര്‍. നിലവില്‍ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്.

ഓപ്പണര്‍ സഹിബ്‌സാദാ ഫര്‍ഹാന്‍ 16 റണ്‍സിനും സയിം അയ്യൂബ് 22 റണ്‍സിനും നേരത്തെ പുറത്തായി. മൂന്നാമനായി ഇറങ്ങിയ സൂപ്പര്‍ താരം ബാബര്‍ അസമിനെ പൂജ്യം റണ്‍സിനാണ് സിംബാബ്‌വേ പറഞ്ഞയച്ചത്. എല്‍.ബി.ഡബ്ല്യൂവിലൂടെ ബ്രാഡ് ഇവന്‍സിനാണ് ബാബറിന്റെ വിക്കറ്റ്.

പാകിസ്ഥാന് വേണ്ടി നാലാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയെ ഒരു റണ്‍സിന് ടിനോട്ടെണ്ട മപ്പോസ പുറത്താക്കി. നിലവില്‍ ക്രീസില്‍ ഉള്ളത് 19 പന്തില്‍ 15 റണ്‍സ് നേടിയ ഫഖര്‍ സമാനും 12 പന്തില്‍ 17 റണ്‍സ് നേടിയ ഉസ്മാന്‍ ഖാനുമാണ്.

അതേസമയം സിംബാബ്‌വേയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റാണ്. 36 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 49 റണ്‍സ് ആണ് താരം നേടിയത്. വെറും ഒരു റണ്‍സിനാണ് താരത്തിന് അര്‍ധസെഞ്ച്വറി നഷ്ടമായത്.

ഓപ്പണര്‍ തദവനാഷെ മരുമണി 22 പന്തില്‍ 30 റണ്‍സും നേടി. ഒരു സിക്‌സും മൂന്ന് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 24 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 34 റണ്‍സ് നേടി പുറത്താകാതെയും നിന്നു.

പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി, സല്‍മാന്‍ മിര്‍സ, സയിം അയ്യൂബ്, ബ്രാര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. മുഹമ്മദ് നവാസ് രണ്ട് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനവും കാഴ്ചവച്ചു.

Content Highlight: Zimbabwe VS Pakistan: Pakistan Suffering Against Zimbabwe

We use cookies to give you the best possible experience. Learn more