| Saturday, 9th August 2025, 7:17 pm

വിരുന്നുവന്ന രണ്ട് പേരും ഒരു മര്യാദയില്ലാതെ തല്ലി; ഷെവ്‌റോണ്‍സിന് നിരാശ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

2025ലെ രണ്ട് ഹോം ടെസ്റ്റ് പരമ്പരകളിലും ക്ലീന്‍ സ്വീപ് പരാജയമേറ്റുവാങ്ങി സിംബാബ്‌വേ. സൗത്ത് ആഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ഹോം ടെസ്റ്റ് പരമ്പരകളിലാണ് ഷെവ്‌റോണ്‍സ് പരാജയമേറ്റുവാങ്ങിയത്.

ഇരുവര്‍ക്കുമെതിരെ രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് സിംബാബ്‌വേ പരാജയപ്പെട്ടത്. ഇതില്‍ നാലില്‍ രണ്ടും ഇന്നിങ്‌സ് തോല്‍വികളാണ് ഹോം ടീമിന് നേരിടേണ്ടി വന്നത്.

2025ല്‍ സിംബാബ് വേയുടെ ഹോം ടെസ്റ്റ് പരാജയങ്ങള്‍

vs സൗത്ത് ആഫ്രിക്ക

➔ ആദ്യ ടെസ്റ്റ് – 328 റണ്‍സിന്റെ തോല്‍വി

സൗത്ത് ആഫ്രിക്ക: 418/9d & 369

സിംബാബ്‌വേ: 251 & 208 (T: 537)

➔ രണ്ടാം ടെസ്റ്റ് – ഇന്നിങ്‌സിനും 236 റണ്‍സിനും തോല്‍വി

സൗത്ത് ആഫ്രിക്ക: 626/5d

സിംബാബ്‌വേ: 170 & 220 (f/o)

vs ന്യൂസിലാന്‍ഡ്

➔ ആദ്യ ടെസ്റ്റ് – ഒമ്പത് വിക്കറ്റ് തോല്‍വി

സിംബാബ്‌വേ: 149 & 165

ന്യൂസിലാന്‍ഡ്: 307 & 8/1 (T:8)

➔ രണ്ടാം ടെസ്റ്റ് – ഇന്നിങ്‌സിനും 359 റണ്‍സിനും തോല്‍വി

സിംബാബ്‌വേ: 125 & 117

ന്യൂസിലാന്‍ഡ്: 601/3d

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്‌വേയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ വെറും 125 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 44 റണ്‍സ് നേടിയ ബ്രെന്‍ഡന്‍ ടെയ്‌ലറാണ് ടോപ്പ് സ്‌കോറര്‍. പുറത്താകാതെ 33 റണ്‍സ് നേടിയ തഫാദ്‌സ്വ സിഗയും 13 പന്തില്‍ 11 റണ്‍സ് വീതം നേടിയ ഷോണ്‍ വില്യംസ്, നിക്ക് വെല്‍ച്ച് എന്നിവര്‍ മാത്രമാണ് ഷെവ്‌റോണ്‍സ് നിരയില്‍ രണ്ടക്കം കണ്ടത്.

ഫൈഫറുമായി തിളങ്ങിയ മാറ്റ് ഹെന്‌റിയാണ് ഷെവ്‌റോണ്‍സിനെ തകര്‍ത്തെറിഞ്ഞത്. നാല് വിക്കറ്റുമായി സാക്രി ഫോള്‍ക്‌സും കരുത്ത് കാട്ടി. മാത്യു ഫിഷറാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ രചിന്‍ രവീന്ദ്ര, ഹെന്‌റി നിക്കോള്‍സ്, ഡെവോണ്‍ കോണ്‍വേ എന്നിവരുടെ കരുത്തില്‍ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തു. രചിന്‍ പുറത്താകാതെ 165 റണ്‍സും നിക്കോള്‍സ് പുറത്താകാതെ 150 റണ്‍സും നേടി. 153 റണ്‍സാണ് കോണ്‍വേ സ്വന്തമാക്കിയത്. 74 റണ്‍സ് നേടിയ വില്‍ യങ്ങും കിവീസ് നിരയില്‍ കരുത്തായി.

ഒടുവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 601 എന്ന നിലയില്‍ നില്‍ക്കവെ കിവീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് വീണ്ടും പിഴച്ചു. നിക്ക് വെല്‍ച്ചും ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനും മാത്രമാണ് രണ്ടക്കം കണ്ടത്. പുറത്താകാതെ 47 റണ്‍സ് നേടിയ വെല്‍ച്ചാണ് രണ്ടാം ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോറര്‍.

ആദ്യ ഇന്നിങ്‌സില്‍ ഫൈഫര്‍ മിസ്സായ ഫോള്‍ക്‌സ് രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. മാറ്റ് ഹെന്‌റിയും ജേകബ് ഡഫിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മാത്യൂ ഫിഷര്‍ ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.

Content Highlight: Zimbabwe’s home test loss in 2025

We use cookies to give you the best possible experience. Learn more