| Saturday, 14th February 2026, 8:51 am

ഇന്ത്യ 4, പാകിസ്ഥാന്‍ 3, സിംബാബ്‌വേ 2; ലോകകപ്പില്‍ സ്വന്തം ചരിത്രം തിരുത്തി ഷെവ്‌റോണ്‍സ്

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സിംബാബ്‌വേ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഷെവ്റോണ്‍സ് സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ ബ്രയാന്‍ ബെന്നറ്റിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കള്‍ 19.3 ഓവറില്‍ 146ന് പുറത്താവുകയായിരുന്നു.

View this post on Instagram

A post shared by ICC (@icc)

നാല് വിക്കറ്റ് നേടിയ സൂപ്പര്‍ പേസര്‍ ബ്ലെസിങ് മുസരബാനിയുടെ കരുത്തിലാണ് ഷെവ്‌റോണ്‍സ് ഓസ്ട്രേലിയയെ ചുരുട്ടിക്കെട്ടിയത്. മുസരബാനി തന്നെയാണ് കളിയിലെ താരവും.

ടി-20 ലോകകപ്പുകളില്‍ ഇത് രണ്ടാം തവണയാണ് സിംബാബ്‌വേ ഓസീസിനെ പരാജയപ്പെടുത്തുന്നത്. ഇതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവുമധികം തവണ ഓസീസിനെ പരാജയപ്പെടുത്തുന്ന ടീമുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും സിംബാബ്‌വേക്ക് സാധിച്ചു.

ടി-20 ലോകകപ്പുകളില്‍ കങ്കാരുക്കള്‍ക്കെതിരെ 100 ശതമാനം വിജയമാണ് സിംബാബ്‌വേയ്ക്കുള്ളത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.

ടി-20 ലോകകപ്പുകളില്‍ ഏറ്റവുമധികം തവണ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയ ടീമുകള്‍

(ടീം – ആകെ മത്സരം – വിജയം എന്നീ ക്രമത്തില്‍)

ഇന്ത്യ – 6 – 4

വെസ്റ്റ് ഇന്‍ഡീസ് – 6 – 3

പാകിസ്ഥാന്‍ – 7 – 3

സിംബാബ്‌വേ – 2 – 2*

ന്യൂസിലാന്‍ഡ് – 3 – 2

ഇംഗ്ലണ്ട് – 4 – 2

ശ്രീലങ്ക – 5 – 1

നമീബിയ – 1 – 0

ഒമാന്‍ – 1 – 0

സ്‌കോട്‌ലാന്‍ഡ് – 1 – 0

സൗത്ത് ആഫ്രിക്ക – 2 – 0

അയര്‍ലന്‍ഡ് – 3 – 0

ബംഗ്ലാദേശ് – 6 – 0

ടി-20 ലോകകപ്പിന്റെ ആദ്യ എഡിഷനായ 2007ലാണ് സിംബാബ്‌വേ ആദ്യമായി ഓസ്‌ട്രേലിയക്കെതിരെ വിജയം നേടിയത്. കേപ്പ് ടൗണില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു വിജയം.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 139 റണ്‍സിന്റെ വിജയലക്ഷ്യം സൂപ്പര്‍ താരം ബ്രെന്‍ഡന്‍ ടെയ്‌ലറിന്റെ കരുത്തില്‍ (45 പന്തില്‍ പുറത്താകാതെ 60) ഒറ്റ പന്ത് ശേഷിക്കെ ഷെവ്‌റോണ്‍സ് മറികടക്കുകയായിരുന്നു.

അതേസമയം, കളിച്ച രണ്ട് മത്സരത്തില്‍ രണ്ടിലും വിജയിച്ച് നാല് പോയിന്റുമായി സിംബാബ്‌വേ നിലവില്‍ ഗ്രൂപ്പ് ബി സ്റ്റാന്‍ഡിങ്സില്‍ രണ്ടാം സ്ഥാനത്താണ്. നാല് പോയിന്റ് നേടിയ ശ്രീലങ്കയാണ് ഒന്നാമത്. നെറ്റ് റണ്‍ റേറ്റിന്റെ കരുത്തിലാണ് ലങ്ക ഒന്നാമത് തുടരുന്നത്.

ഫെബ്രുവരി 17നാണ് ടീമിന്റെ അടുത്ത മത്സരം. പല്ലേക്കലെയില്‍ നടക്കുന്ന മത്സരത്തില്‍ അയര്‍ലന്‍ഡാണ് എതിരാളികള്‍.

Content Highlight: Zimbabwe joins the list of teams with multiple T20 World Cup victories over Australia

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more