അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ വമ്പന്‍ വിജയം സ്വന്തമാക്കി സിംബാബ്‌വേ. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സത്തില്‍ ഇന്നിങ്‌സിനും 73 റണ്‍സിനുമാണ് സിംബാബ്‌വേ വിജയം സ്വന്തമാക്കിയത്.
അഫ്ഗാനിസ്ഥാന് – 127 & 159
സിംബാബ്‌വേ – 359
മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ 127 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു അഫ്ഗാന്‍ പട. ടീമിന് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ സ്‌കോര്‍ ഉയര്‍ത്തിയത് 37 റണ്‍സ് നേടിയ റഹ്‌മാനുള്ള ഗുര്‍ബാസാണ്. അബ്ദുള്‍ മാലിക് 30 റണ്‍സും നേടി.
ബൗളിങ്ങില്‍ സിംബാബ്‌വേക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് ബ്രാഡ് ഇവാന്‍സാണ്. അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. വെറും 9.3 ഓവറില്‍ 22 റണ്‍സ് വിട്ടുനല്‍കിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. താരത്തിന് പുറമെ ബ്ലസിങ് മുസാരബാനി മൂന്ന് വിക്കറ്റും നേടി. തനാക ചിവന്‍ക ഒരു വിക്കറ്റും സ്വന്തമാക്കി.
ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ ബെന്‍ കറനാണ്. 256 പന്തില്‍ 15 ഫോര്‍ ഉള്‍പ്പെടെ 121 റണ്‍സെടുത്താണ് താരം മടങ്ങിയത്. സൂപ്പര്‍ താരം സിക്കന്ദര്‍ റാസ 88 പന്തില്‍ 65 റണ്‍സും നിക്ക് വെല്‍ച്ച് 49 റണ്‍സും നേടി മികവ് പുലര്‍ത്തി. അവസാന ഘട്ടത്തില്‍ ബ്രാഡ് ഇവാന്‍സ് 35* റണ്‍സും നേടിയിരുന്നു.
അതേസമയം അഫ്ഗാനിസ്ഥാന് വേണ്ടി സിയാവുര്‍ റഹ്‌മാന്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇസ്മത് അലം രണ്ട് വിക്കറ്റും ഷറഫുദ്ദീന്‍ ഒരു വിക്കറ്റും നേടി.
ശേഷം രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ അഫ്ഗാനെ 159ന് ഓള്‍ ഔട്ട് ചെയ്യാനും ക്യാപ്റ്റന്‍ ക്രൈഗ് എര്‍വൈനും സംഘത്തിനും സാധിച്ചു. അഫ്ഗാനിസ്ഥാന് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയത് 42 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാനാണ്. സിംബാബ്‌വേക്ക് വേണ്ടി റിച്ചാര്‍ഡ് എന്‍ഗരാവെ അഞ്ച് വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ ബ്ലസിങ് മുസാരബാനി മൂന്ന് വിക്കറ്റും നേടി മികവ് പുലര്‍ത്തി.