ടി-20യില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് സിംബാബ്വേ. ഇന്റർനാഷണൽ ടി-20 ക്രിക്കറ്റില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സിംബാബ്‌വേ ചരിത്രം കുറിച്ചത്. നമീബിയക്കെതിരെയുള്ള മത്സരത്തിലാണ് സിംബാബ്‌വേ ഈ ചരിത്രനേട്ടത്തിലേക്ക് നടന്നുകയറിയത്. ടി-20യില്‍ ഈ മൈല്‍സ്റ്റോണ്‍ പിന്നിടുന്ന പത്താമത്തെ ടീമാണ് സിംബാബ്വേ.
പാകിസ്ഥാന്‍-299
ഇന്ത്യ-287
ന്യൂസിലാന്‍ഡ്-267
വെസ്റ്റ് ഇന്‍ഡീസ്-255
ശ്രീലങ്ക-235
സൗത്ത് ആഫ്രിക്ക-232
ഇംഗ്ലണ്ട്-230
ഓസ്‌ട്രേലിയ-229
ബംഗ്ലാദേശ്-220
സിംബാബ്‌വേ-200
മത്സരത്തില്‍ സിംബാബ്‌വേ അഞ്ച് റണ്‍സിന് നമീബിയയെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 195 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നമീബിയ 190ന് പുറത്തായി.
റയാന്‍ ബേളിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് സിംബാബ്‌വേ മികച്ച സ്‌കോറിലെത്തിയത്. 32 പന്ത് നേരിട്ട് പുറത്താകാതെ 57 റണ്‍സാണ് ബേള്‍ അടിച്ചെടുത്തത്. ഏഴ് ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ബെന്‍ കറന്‍ (22 പന്തില്‍ 38 റണ്‍സ്), ബ്രാഡ് ഇവാന്‍സ് (25 പന്തില്‍ പുറത്താകാതെ 37), ബ്രയാന്‍ ബെന്നറ്റ് (21 പന്തില്‍ 32ഃ) എന്നിവരുടെ ഇന്നിങ്സുകളും സിംബാബ്വേ നിരയില്‍ നിർണായകമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയയ്ക്ക് വേണ്ടി അലക്സാണ്ടര്‍ വോള്‍ഷെങ്കും (29 പന്തില്‍ 56) വിക്കറ്റ് കീപ്പര്‍ സേന്‍ ഗ്രീനും (26 പന്തില്‍ 54) മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
അവസാന ഓവറില്‍ 15 റണ്‍സാണ് നമീബിയയ്ക്ക് വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ പന്ത് നോ ബോളായി മാറി. അഞ്ച് താരങ്ങളെ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് നിര്‍ത്തിയതാണ് തിരിച്ചടിയായത്. ആ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. ആദ്യ ലീഗല്‍ ഡെലിവെറിയില്‍ രണ്ട് റണ്‍സും നേടിയതോടെ അഞ്ച് പന്തില്‍ പത്ത് എന്ന നിലയിലേക്ക് വിജയലക്ഷ്യം മാറി.
എന്നാല്‍ അടുത്ത അഞ്ച് പന്തുകളില്‍ നാല് വിക്കറ്റുകള്‍ വീണതോടെ നമീബിയ പരാജയപ്പെടുകയായിരുന്നു.
Content Highlight: Zimbabwe create a new milestone in T20 cricket