അഫ്ഗാനിസ്ഥാൻ-സിംബാബ്വേ ആദ്യ ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 504 റൺസും രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 520 റൺസുമാണ് സിംബാബ്വേ അടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനും ഒന്നാം ഇന്നിങ്സിൽ 514 റൺസ് നേടിയപ്പോൾ അഞ്ചാം ദിവസം മത്സരം സമനിലയിൽ പിരിയുകയായിരുന്നു.
മത്സരത്തിൽ ഒരു അപൂർവ ചരിത്രത്തിന് കൂടിയാണ് ക്രിക്കറ്റ് ലോകം സാക്ഷികളായത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മത്സരത്തിൽ മൂന്ന് ഇന്നിങ്സിലും 500+ റൺസ് കടക്കുന്നത്. 1887ൽ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ചതിനുശേഷം 55 ടെസ്റ്റ് മത്സരങ്ങളിൽ 500 റൺസ് രണ്ട് തവണ കടന്നിട്ടുണ്ട്.
എന്നാൽ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് 500 റൺസ് പിറക്കുന്ന ഒറ്റ മത്സരം അപൂർവമായി പിറവിയെടുത്തത്. 149 വർഷം പഴക്കമുള്ള ടെസ്റ്റ് ഫോർമാറ്റിന് ഇതൊരു പുതിയ ചരിത്രമാണ്.
എന്നാൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതിനുമുമ്പ് രണ്ട് തവണ മൂന്ന് 500 റൺസ് ഒരു മത്സരത്തിൽ പിറവിയെടുത്തിട്ടുണ്ട്. 1949ൽ ബോംബെയും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിൽ ആയിരുന്നു ആദ്യമായി ഇത്തരത്തിൽ ഒരു അപൂർവ നേട്ടം സംഭവിച്ചത്.
പിന്നീട് 2001ൽ രണ്ടാം ഡിവിഷൻ ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിലും ഈ നേട്ടം ആവർത്തിക്കപ്പെട്ടു. നോട്ടിങ്ഹാമും ഡെർബിഷെയറും തമ്മിലുള്ള മത്സരത്തിൽ ആയിരുന്നു നേട്ടം.
അതേസമയം മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ സിംബാബ്വേക്ക് വേണ്ടി ബ്രണ്ടൻ ടെയ്ലറും ക്യാപ്റ്റൻ ബ്രയാൻ ബെന്നറ്റും സെഞ്ച്വറി നേടി തിളങ്ങി. 168 പന്തുകളിൽ നിന്നും 14 ഫോറുകളും നാല് സിക്സുകളും അടക്കം 131 റൺസാണ് ടെയ്ലർ നേടിയത്. മറുഭാഗത്ത് ബെന്നറ്റ് 206 പന്തിൽ നിന്നും 128 റൺസും സ്വന്തമാക്കി. 11 ഫോറുകൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
വെസ്ലി മധേവെരെ 54 റൺസും നേടി ടീമിന് കൂറ്റൻ ടോട്ടൽ സമ്മാനിക്കുന്നതിൽ നിർണായകമായി.
അഫ്ഗാനിസ്ഥാൻ ബൗളിങ് നിരയിൽ മുഹമ്മദ് സലീം, ഖൈസ് അഹമ്മദ് എന്നിവർ മൂന്ന് വീതം വിക്കറ്റുകളും സിയ ഉർ റഹ്മാൻ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. സിയാവൂർ റഹ്മാൻ, അസ്മതുള്ള ഷാഹിദി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
അഫ്ഗാൻ നിരയിൽ ഒന്നാം ഇന്നിങ്സിൽ മൂന്ന് താരങ്ങളാണ് സെഞ്ച്വറി നേടിയത്. ക്യാപ്റ്റൻ റഹ്മത്ത് ഷാ 347 പന്തുകളിൽ നിന്നും 14 ഫോറുകളും മൂന്ന് സിക്സുകളും അടക്കം 173 റൺസ് നേടിയാണ് തിളങ്ങിയത്. റഹ്മാനുള്ള 12 ഫോറുകളും ഒരു സിക്സും അടക്കം 113 റൺസും സൈദിഖുള്ള അടൽ 213 പന്തുകളിൽ നിന്നും 105 റൺസും സ്വന്തമാക്കി. ആറ് ഫോറുകളും മൂന്ന് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
സിംബാബ്വേ ബൗളിങ്ങിൽ ന്യൂമാൻ ന്യാഹുരി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. ഗ്രേം ക്രീമർ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ബ്ലെസ്സിങ് മുസരാബാനി ഒരു വിക്കറ്റും കൈപ്പിടിയിലാക്കി.
രണ്ടാം ഇന്നിങ്സിൽ സിംബാബ്വേക്ക് വേണ്ടി ക്രൈഗ് എർവിൻ ഇരട്ട സെഞ്ച്വറി നേടി കരുത്തുകാട്ടി. 279 പന്തുകളിൽ നിന്നും പുറത്താവാതെ 206 റൺസ് നേടിയാണ് താരം തിളങ്ങിയത്. 23 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് ഇന്നിങ്സ്. ബ്രെണ്ടൻ 82 റൺസും ബെന്നറ്റ് 58 റൺസും നേടി മികച്ച പ്രകടനം നടത്തി.
റഹ്മാൻ രണ്ട് വിക്കറ്റുകളും മുഹമ്മദ് സലീം, അബ്ദുൽ മാലിക് എന്നിവർ ഓരോ വിക്കറ്റുകളും അഫ്ഗാനിസ്ഥാന് വേണ്ടി സ്വന്തമാക്കി.
Content Highlight: Zimbabwe and Afganistan create a new history in Test cricket