| Wednesday, 3rd September 2025, 8:56 pm

ഒന്നാമനായെത്തിയ അതേ ദിവസം തന്നെ ക്യാപ്റ്റനായി തോല്‍വി; റാസയെ വിറപ്പിച്ച് ലങ്കന്‍ ഗര്‍ജനം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന് തൊട്ടുമുമ്പുള്ള ശ്രീലങ്കയുടെ സിംബാബ്‌വേ പര്യടനത്തിലെ ആദ്യ ടി-20യില്‍ സന്ദര്‍ശകര്‍ക്ക് വിജയം. ഹരാരെയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. ഷെവ്‌റോണ്‍സ് ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ ലങ്ക മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ലങ്ക സിംബാബ്‌വേയെ ബാറ്റിങ്ങിനയച്ചു. ഐ.സി.സി ഏകദിന ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയ്ക്ക് അതേ ദിവസം വിജയം കൊണ്ട് സമ്മാനം നല്‍കണമെന്നുറച്ച ബ്രയാന്‍ ബെന്നറ്റ് തുടക്കത്തിലേ ആക്രമിച്ചുകളിച്ചു.

ക്രീസിലെത്തിയ ഓരോ താരങ്ങളെയും ഒപ്പം കൂട്ടി ബെന്നറ്റ് തകര്‍ത്തടിച്ചു. ഓപ്പണറായി ക്രീസിലെത്തിയ താരം ടീം സ്‌കോര്‍ 162ല്‍ നില്‍ക്കവെ 19ാം ഓവറിലെ അവസാന പന്തിലാണ് പുറത്താകുന്നത്. 57 പന്ത് നേരിട്ട താരം 12 ഫോറിന്റെ അകമ്പടിയോടെ 81 റണ്‍സ് സ്വന്തമാക്കി.

താഡിവനാഷെ മരുമാനി (ഏഴ് പന്തില്‍ ഏഴ്), ഷോണ്‍ വില്യംസ് (11 പന്തില്‍ 14), സിക്കന്ദര്‍ റാസ (22 പന്തില്‍ 28), റയാന്‍ ബേള്‍ (15 പന്തില്‍ 17) എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് വലുതും ചെറുതുമായ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ ബെന്നറ്റിന് സാധിച്ചു. താരത്തിന്റെ രണ്ടാമത് ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്.

ആറ് പന്തില്‍ 11 റണ്‍സടിച്ച താഷിംഗ മുസേകിവയാണ് ഷെവ്‌റോണ്‍സ് നിരയില്‍ ഇരട്ടയക്കം കണ്ട മറ്റൊരു താരം.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്‌വേ 175 റണ്‍സ് നേടി.

ശ്രീലങ്കയ്ക്കായി ദുഷ്മന്ത ചമീര മൂന്ന് വിക്കറ്റ് നേടി. ടോണി മുന്യോംഗ ഡയമണ്ട് ഡക്കായി മടങ്ങിയപ്പോള്‍ ദുഷന്‍ ഹേമന്ത, മഹീഷ് തീക്ഷണ, നുവാന്‍ തുഷാര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്കായി ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ചു. ആദ്യ വിക്കറ്റില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് പാതും നിസങ്കയും വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസും സ്‌കോറിങ്ങിന് അടിത്തറയൊരുക്കിയത്.

32 പന്തില്‍ 55 റണ്‍സ് നേടിയ നിസങ്കയെ പുറത്താക്കി ടിനോടെന്‍ഡ മപോസയാണ് കൂട്ടുകെട്ട് പൊളിച്ചത്. ശേഷം തുടര്‍ച്ചയായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഷെവ്‌റോണ്‍സ് ലങ്കയെ സമ്മര്‍ദത്തിലാക്കി.

കുശാല്‍ പെരേര (എട്ട് പന്തില്‍ നാല്), കുശാല്‍ മെന്‍ഡിസ് (35 പന്തില്‍ 38), ക്യാപ്റ്റന്‍ ചരിത് അസലങ്ക (രണ്ട് പന്തില്‍ ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. 96/0 എന്ന നിലയില്‍ നിന്നും 106/4 എന്ന നിലയിലേക്ക് ശ്രീലങ്ക വീണു.

സെറ്റ് ബാറ്റര്‍മാര്‍ രണ്ട് പേരെയും നഷ്ടപ്പെട്ടെങ്കിലും ആറാം നമ്പറിലെത്തിയ കാമിന്ദു മെന്‍ഡിസ് വെടിക്കെട്ട് പുറത്തെടുത്തു. 16 പന്തില്‍ പുറത്താകാതെ 41 റണ്‍സാണ് താരം നേടിയത്. നാല് സിക്‌സറും ഒരു ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഒടുവില്‍ 20ാം ഓവറിലെ ആദ്യ പന്തില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി സന്ദര്‍ശകര്‍ വിജയലക്ഷ്യം മറികടന്നു.

സിംബാബ്‌വേക്കായി റിച്ചാര്‍ഡ് എന്‍ഗരാവ രണ്ട് വിക്കറ്റ് വീഴ്ത്തി. സിക്കന്ദര്‍ റാസ, ബ്രാഡ് എവാന്‍സ്, ടിനോടെന്‍ഡ മപോസ, ബ്ലെസ്സിങ് മുസരബാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഈ വിജയത്തോടെ മൂന്ന് ടി-20കളുടെ പരമ്പരയില്‍ ലങ്ക 1-0ന് മുമ്പിലാണ്. സെപ്റ്റംബര്‍ ആറിനാണ് പരമ്പരയിലെ അടുത്ത മത്സരം. ഹരാരെ തന്നെയാണ് വേദി.

Content Highlight: ZIM vs SL: Sri Lanka won 1st T20

We use cookies to give you the best possible experience. Learn more