| Wednesday, 3rd February 2016, 9:17 am

സിക്ക വൈറസ് ലൈംഗികബന്ധത്തിലൂടെയും പകരുമെന്ന് സ്ഥിരീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.എസ്: ആഗോളതലത്തില്‍ ഭീതി പരത്തുന്ന സിക്കാ വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് സ്ഥിരീകരണം. യു.എസിലെ ദല്ലാസ് കൗണ്ടിയിലെ ഒരാള്‍ക്കാണ് സിക്കാ അസുഖം പിടികൂടിയിരിക്കുന്നത്.

യു.എസിന് പുറത്തേക്ക് ഇവര്‍ യാത്ര ചെയ്തിരുന്നില്ല. ടെക്‌സാസില്‍ ഈ അസുഖം പിടിപെടുന്ന ആദ്യത്തെ വ്യക്തിയാണ് ഇവര്‍. കൊതുകുകളിലൂടെ മാത്രമേ വൈറസ് പകരൂ എന്ന വാദത്തെ തള്ളി ലൈംഗികബന്ധത്തിലൂടെയും രോഗം പകരുമെന്ന് യു.എസിലെ ആരോഗ്യമന്ത്രാലയം തന്നെ വ്യക്തമാക്കുന്നു.

വെനസ്വേലയില്‍ നിന്നും യു.എസില്‍ തിരിച്ചെത്തിയ വ്യക്തിയുമായി ലൈംഗികബന്ധം സ്ഥാപിച്ച ആള്‍ക്കാണ് വൈറസ്ബാധ ഉണ്ടായത്. വെനസ്വേലയില്‍ നിന്ന എത്തിയ ഇയാള്‍ക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊതുകിലൂടെ സിക്ക വൈറസ് പകരുന്നതായാണ് ഇതുവരെ കണ്‌ടെത്തിയിരുന്നത്. രോഗത്തിനെതിരേയുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സിക്ക വൈറസ് 23 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

സിക്കാ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടുതല്‍ രാജ്യങ്ങളില്‍ സിക്കാ വൈറസ് കാണപ്പെട്ട സാഹചര്യത്തിലാണ് നടപടി.

2009ല്‍ എച്ച്‌വണ്‍ എന്‍വണ്‍ ബാധയെത്തുടര്‍ന്നാണ് ലോകാരോഗ്യസംഘടന ആദ്യമായി ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. പിന്നീട് 2014 മേയില്‍ പാകിസ്ഥാനിലും സിറിയയിലും പടര്‍ന്നുപിടിച്ച പോളിയോക്ക് സമാനമായ രോഗത്തെ തുടര്‍ന്നും ആഗസ്തില്‍ എബോളബാധയെത്തുടര്‍ന്നും പടിഞ്ഞാറന്‍ ആഫ്രിക്കയിലും ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

സിക്കാവൈറസ് പടരുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം വൈറസിനെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളുടെ സംയോജിത നീക്കം വേണമെന്ന നിലപാടും ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ചു.

ഗര്‍ഭിണികളായ സ്ത്രീകളില്‍ വൈറസ് ബാധയുണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
നവജാതശിശുക്കളില്‍ മൈക്രോസെഫാലി എന്ന അവസ്ഥയ്ക്കിടയാക്കുന്നു എന്നതാണ് സിക്ക വൈറസിനെ ഏറ്റവും അപകടകാരിയാക്കുന്നത്.

ചെറിയ തലയോട്ടിയും മസ്തിഷ്‌കവുമായി കുഞ്ഞുങ്ങള്‍ ജനിക്കുന്ന അവസ്ഥയാണിത്. ബ്രസീലില്‍ മാത്രം 2000ത്തോളം കുഞ്ഞുങ്ങളാണ് ഈ രോഗാവസ്ഥയുമായി ജനിച്ചുവീണത്.

We use cookies to give you the best possible experience. Learn more