| Wednesday, 3rd September 2025, 8:37 pm

ആട്ടം കണ്ട ശേഷം മമ്മൂക്ക വിളിച്ചു; അത് വലിയൊരു നേട്ടം: സെറിൻ ഷിഹാബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാമിലി മാൻ എന്ന സീരീസിലൂടെ വന്ന് രേഖാചിത്രം വരെ ഒരുപിടി നല്ല സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ച വച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് സെറിൻ ഷിഹാബ്. നടി അഭിനയിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ മനസിൽ ഇടംപിടിക്കുന്നതായിരുന്നു.

നാടകത്തിലൂടെയാണ് സെറിൻ അഭിനയരംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് ആട്ടം എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രമായെത്തി ഗംഭീര പെർഫോമൻസ് കാഴ്ച വെച്ചു.

രേഖാചിത്രത്തിലെ പുഷ്പം, ഔസേപ്പിന്റെ ഒസ്യത്തിലെ അഞ്ജലി എന്നീ കഥാപാത്രങ്ങളെല്ലാം വളരെ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഇപ്പോൾ ആട്ടം സിനിമയെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും സംസാരിക്കുകയാണ് നടി.

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു നിമിഷമാണ് ആട്ടം കണ്ടതിനുശേഷം മമ്മൂക്ക ഞങ്ങളെ എല്ലാവരെയും വീട്ടിലേക്ക് വിളിച്ചത്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടുവളർന്നവരാണ് നമ്മൾ. ഷാജോൺ ചേട്ടൻ വഴിയാണ് അങ്ങനെയൊരു അവസരം വന്നത്. സിനിമ നന്നായിട്ടുണ്ടെന്ന് മമ്മൂക്ക പറഞ്ഞു. അദ്ദേഹത്തിന് ക്ലൈമാക്സ് വളരെ ഇഷ്ടപ്പെട്ടു. ഞാൻ മമ്മൂക്കയുടെ സിനിമകൾ കുട്ടിക്കാലം മുതലേ കാണുന്ന ആളാണ്,’ സെറിൻ പറയുന്നു.

ഭൂതക്കണ്ണാടിയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമയെന്നും മുംബൈ മാമി ഫെസ്റ്റിവലിൽ വച്ച് ബോളിവുഡ് സംവിധായകൻ വിശാൽ ഭരദ്വാജിനെ കണ്ടുവെന്നും അദ്ദേഹം ആട്ടം കണ്ട് എന്റെ തോളിൽ തട്ടി അഭിനന്ദിച്ചുവെന്നും സെറിൻ കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ കാസ്റ്റിങ് കോൾ കണ്ടിട്ടാണ് താൻ പ്രൊഫൈൽ അയച്ചതെന്നും അവസാന പട്ടികയിൽ താൻ ഉൾപ്പെടെ അഞ്ചുപേർ ഉണ്ടായിരുന്നുവെന്നും സെറിൻ പറഞ്ഞു. ഓഡിഷന് എനിക്ക് അഭിനയിക്കാൻ തന്ന ഭാഗം വായിച്ചപ്പോൾ താൻ കരുതിയത് ഇതൊരു പ്രണയകഥയാണ് എന്നായിരുന്നു.സെലക്ഷൻ കിട്ടിയതിനുശേഷം തിരക്കഥ കേട്ടു. അപ്പോഴാണ് സംഭവം വിചാരിച്ചതുപോലെയല്ല എന്ന് മനസിലായതെന്നും സെറിൻ കൂട്ടിച്ചേർത്തു.

Content Highlight: Zerin  Shihab talking about Mammootty

We use cookies to give you the best possible experience. Learn more