| Tuesday, 18th November 2014, 11:28 am

'ഓ അങ്ങനെയോ ?'; സെന്‍ കഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇത് മിസ്റ്റിക് കഥകളുടെ ലോകം.. ഡൂള്‍ന്യൂസ് അതിന്റെ 2000 ദിനത്തില്‍ ആരംഭിച്ച പംക്തി…
സെന്‍കഥ



പരിശുദ്ധജീവിതം നയിക്കുന്ന ഒരാളെന്ന നിലയില്‍ ഹക്വിന്‍ എന്ന സെന്‍ ഗുരുവിനെ എല്ലാവരും ബഹുമാനത്തോടെ മാത്രേമേ ഓര്‍ക്കാറുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ താമസസ്ഥലത്തിനടുത്ത് ജപ്പാന്‍കാരായ ഒരു കുടുംബം താമസിച്ചിരുന്നു. ഭക്ഷണ സ്റ്റോര്‍ നടത്തിയിരുന്ന ഇവര്‍ക്ക് ഒരു മകളുണ്ടായിരുന്നു. സുന്ദരിയായ ബാലികയായ മകള്‍…

മാതാപിതാക്കള്‍ ഒരു നാള്‍ കണ്ടുപിടിച്ചു, അവരുടെ മകള്‍ ഗര്‍ഭിണിയാണെന്ന്. ആരാണ് ഉത്തരവാദിയെന്ന ചോദ്യം അവള്‍ക്ക് മുന്നില്‍ പലവട്ടം ആവര്‍ത്തിക്കപ്പെട്ടു.  സഹിക്കാതായപ്പോള്‍ അവള്‍ ഹക്വിന്റെ പേരു പറഞ്ഞു. ക്ഷുഭിതരായ മാതാപിതാക്കള്‍ ഗുരുവിനടുത്തു ചെന്ന് കാര്യം ചോദിച്ചു.

“ഓ, അങ്ങനെയോ? “(Is that so?) ഇത്രമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇക്കാര്യം പുറത്ത് കാട്ടുതീ പോലെ പരന്നു. ഗുരുവിന്റെ സല്‍പ്പേര് നശിച്ചു. എന്നാല്‍ ഇതൊന്നും അദ്ദേഹത്തെ തെല്ലും ബാധിച്ചില്ല.

പെണ്‍കുട്ടിക്ക് കുഞ്ഞ് ജനിച്ചു. കുട്ടിയെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹക്വിനെ ഏല്‍പ്പിച്ചു.

കുഞ്ഞിന്റെ എല്ലാ ആവശ്യങ്ങളും അറിഞ്ഞ് ഹക്വിന്‍ അതിനെ നല്ലവണ്ണം പരിചരിച്ചു. ഒരു കൊല്ലത്തോളം അങ്ങനെ കഴിഞ്ഞു.

അപ്പോഴേയ്ക്കും ബാലികാമാതാവിന് സഹിക്കാനായില്ല. ചന്തയില്‍ ജോലി ചെയ്തിരുന്ന മറ്റൊരാളാണ് കുട്ടിയുടെ യഥാര്‍ത്ഥ പിതാവെന്ന് അവള്‍ അച്ഛനമ്മമാരെ അറിയിച്ചു. അവര്‍ അപ്പോള്‍ത്തന്നെ ഗുരുവിന്റടുത്തു ചെന്നു ക്ഷമ ചോദിച്ചു, കുട്ടിയെ തിരിച്ചു കൊടുക്കാന്‍ അപേക്ഷിച്ചു.

ഹക്വിന് അത് സമ്മതമായിരുന്നു. കുഞ്ഞിനെ തിരിച്ചു നല്‍കുമ്പോള്‍ അദ്ദേഹം ആകെ പറഞ്ഞതിത്രമാത്രം. “ഓ അങ്ങനെയോ ?”

1 p=”left”]

We use cookies to give you the best possible experience. Learn more