| Thursday, 25th September 2025, 9:17 pm

യുദ്ധം അവസാനിച്ചാല്‍ ഉക്രൈന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയും: സെലന്‍സ്‌കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.

‘റഷ്യയുമായുള്ള യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ ഞാന്‍ പിന്നീട് പ്രസിഡന്റ് സ്ഥാനത്ത് തുടരില്ല. കാരണം തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയല്ല എന്റെ ലക്ഷ്യം. വളരെ ദുഷ്‌കരമായ സമയത്ത് എന്റെ രാജ്യത്തോടൊപ്പം നില്‍ക്കാനും എന്റെ രാജ്യത്തെ സഹായിക്കാനും ആഗ്രഹിക്കുന്നു. യുദ്ധം അവസാനിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം,’ ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തില്‍ സെലന്‍സ്‌കി പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019ലാണ് സെലന്‍സി ഉക്രൈന്‍ പ്രസിഡന്റായി സ്ഥാനമേറ്റത്. 2024 വരെയായിരുന്നു അദ്ദേഹത്തിന്റെ അധികാര സമയപരിധി. എന്നാല്‍ 2022ല്‍ റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് പദവിയില്‍ തന്നെ തുടരുകയായിരുന്നു.

മൂന്ന് വര്‍ഷത്തിലേറെയായി യുദ്ധത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഒരു പുരോഗതിയും കൈവരിക്കാന്‍ സാധിച്ചിട്ടില്ല. ഉക്രൈനെതിരായ യുദ്ധം തടയാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ തയ്യാറായില്ലെങ്കില്‍ യുദ്ധം കൂടുതല്‍ ശക്തമാകുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം സെലന്‍സി നല്‍കിയിരുന്നു.

ഏറ്റവും വിനാശകരമായ ആയുധ മത്സരത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നതെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു. സഖ്യകക്ഷികള്‍ ഐക്യമുന്നണി ഉണ്ടാക്കണമെന്നും പിന്തുണ വര്‍ധിപ്പിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെടുകയും ചെയ്തു.

റഷ്യ- ഉക്രൈന്‍ യുദ്ധത്തില്‍ യു.എസ്. പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു. റഷ്യ-ഉക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ എളുപ്പമാണെന്നാണ് കരുതിയിരുന്നതെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം തന്നെ നല്ല സുഹൃത്തായിരുന്നിട്ട് കൂടി യുദ്ധമവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ റഷ്യ-യുദ്ധം അവസാനിപ്പിക്കുമെന്നും യു.എസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് യുദ്ധത്തിന് ഇന്ധനം പകരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ ട്രംപ് ഇന്ത്യക്ക് മേല്‍ 25 ശതമാനം തീരുവയും ചുമത്തിയിരുന്നു.

Content Highlight: Zelensky says he is ready to step down as President if War ends

We use cookies to give you the best possible experience. Learn more