മലയാള സിനിമയില്‍ ഏറെ പരിചിതമായ മുഖമാണ് സീനത്തിന്റേത്. അഭിനേത്രി എന്നതിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും കഴിവ് തെളിയിച്ച ആളാണ് അവര്‍. ഒപ്പം ഒരുപാട് ടെലിവിഷന്‍ പരമ്പരകളിലും നാടകങ്ങളിലും അഭിനയിക്കാന്‍ സീനത്തിന് സാധിച്ചിട്ടുണ്ട്.
1986 മുതല്‍ക്കാണ് അവര്‍ സിനിമകളില്‍ സജീവമാകുന്നത്. അതിന് ശേഷം മലയാളത്തില്‍ നിരവധി മികച്ച വേഷങ്ങള്‍ സീനത്ത് ചെയ്തിട്ടുണ്ട്. 2007ല്‍ പരദേശി എന്ന ചിത്രത്തില്‍ ശ്വേത മേനോന് ശബ്ദം നല്‍കിയതിലൂടെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്.
ഇപ്പോള്‍ മോഹന്‍ലാല്‍ വഴി താന്‍ കിലുക്കം, ഉള്ളടക്കം എന്നീ ചിത്രങ്ങളിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് സീനത്ത്. വണ്‍ 2 ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടി.
പവിത്രേട്ടന്റെ പടമായിരുന്നു അത്. അന്ന് സെറ്റിലേക്ക് പെട്ടെന്ന് എനിക്കൊരു ഫോണ്‍ വന്നു. അന്ന് മൊബൈല്‍ അല്ലല്ലോ, ലാന്‍ഡ് ഫോണായിരുന്നു. ആരോ എന്റെ അടുത്തേക്ക് ഓടിവരികയായിരുന്നു.
വന്നതും പറഞ്ഞത് ‘ചേച്ചി ഒരു ഫോണുണ്ട്, മോഹന്‍ലാലിന്റെ’ എന്നായിരുന്നു. ഞാന്‍ പെട്ടെന്ന് ഞെട്ടി ‘എന്നെയോ’ എന്ന് ചോദിച്ചു. അങ്ങനെ ഞാന്‍ ഓടിച്ചെന്ന് ഫോണെടുത്തു. മോഹന്‍ലാല്‍ എന്നോട് സംസാരിച്ചു.
‘ഇവിടെ ഒരു സിനിമ നടക്കുന്നുണ്ട്. ഞാന്‍ സീനത്തിന്റെ പേര് പറഞ്ഞോട്ടെ’ എന്നായിരുന്നു ചോദ്യം. ഞാന്‍ ഉടനെ തന്നെ ‘പറഞ്ഞോളൂ’വെന്ന് പറഞ്ഞു. ആ ഫോണ്‍ കോള്‍ എനിക്ക് ഒട്ടും വിശ്വസിക്കാന്‍ പറ്റിയിരുന്നില്ല. അങ്ങനെ ലാലിന്റെ കോളിലൂടെയാണ് കിലുക്കം സിനിമയില്‍ എത്തിയത്,’ സീനത്ത് പറയുന്നു.
Content Highlight: Zeenath Talks About Phone Call Of Mohanlal