മലയാള സിനിമ-ടെലിവിഷൻ രംഗത്ത് അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയാണ് സീനത്ത്. നാടകത്തിലൂടെ അഭിനയം ആരംഭിച്ച താരം സിബി മലയിൽ സംവിധാനം ചെയ്ത ധനം എന്ന സിനിമയിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. 1991-ൽ പുറത്തിറങ്ങിയ സിദ്ദിഖ്-ലാൽ ചിത്രമായ ഗോഡ്ഫാദറിലെ കാർത്ത്യായനി എന്ന കഥാപാത്രം സീനത്തിന്റെ സിനിമാ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി മാറി.
സിനിമയിലെയെന്ന പോലെ സീരിയൽ രംഗത്തും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സുൽത്താൻവീട്, സൂര്യപുത്രി, കടമറ്റത്ത് കത്തനാർ, സാന്ത്വനം തുടങ്ങിയ സീരിയലുകളിൽ സീനത്ത് അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സീരിയൽ മേഖലയിലെ അഭിനയത്തെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകൾ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് താരം.
സീനത്ത്. Photo. Screen grab/ Youtube
തന്റെ അഭിനയജീവിതത്തിലെ ഒരു കാലഘട്ടത്തിൽ ടെലിവിഷൻ പരമ്പരകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് സിനിമകൾ ഇല്ലാത്തതുകൊണ്ടാണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സീനത്ത്.
‘സിനിമയില്ലെങ്കിൽ സീരിയലുകൾ ചെയ്യാം എന്ന രീതിയിലല്ല ഞാൻ അഭിനയിച്ചത്. എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ വരുമ്പോൾ മാത്രമാണ് സീരിയലുകൾ ഏറ്റെടുത്തിരുന്നത്. എന്നാൽ, സീരിയലുകളിൽ സ്ത്രീകളെ എപ്പോഴും ദുഷ്ട കഥാപാത്രങ്ങളായി മാത്രമാണ് കാണിക്കുന്നത്. എത്ര നല്ല റോൾ ആണെന്ന് പറഞ്ഞാലും ഒടുവിൽ കുട്ടികളെ ഉപദ്രവിക്കുന്ന കഥാപാത്രമോ അല്ലെങ്കിൽ ക്രൂരയായ അമ്മായിയമ്മയോ ഒക്കെ ആയിരിക്കും. എങ്കിലും ഇടയ്ക്ക് നല്ല കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ മാത്രമാണ് ഞാൻ ചെയ്യാറുള്ളത്,’ സീനത് പറഞ്ഞു.
സീരിയലുകളിൽ എത്ര വലിയ കഥാപാത്രത്തെ അവതരിപ്പിച്ചാലും ആ സമയത്ത് മാത്രമേ ആളുകൾ ഓർക്കുകയുള്ളൂ, എന്നാൽ സിനിമയിൽ അങ്ങനെയല്ല. അതുകൊണ്ടുതന്നെ സിനിമകൾ ചെയ്യാനാണ് തനിക്ക് എപ്പോഴും കൂടുതൽ ഇഷ്ടമെന്ന് പറയുകയാണ് നടി സീനത്ത്
‘സിനിമകൾ ചെയ്യാനാണ് എനിക്ക് എപ്പോഴും കൂടുതൽ ഇഷ്ടം. പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ് സീരിയലുകൾ കാണുന്നത്. അങ്ങനെ വരുമ്പോൾ അവർ നമ്മളെ ഒരു വില്ലത്തി എന്ന കണ്ണിലൂടെയാവും കാണുക.
എന്നാൽ അതേ റോൾ സിനിമയിലാണ് ചെയ്യുന്നതെങ്കിൽ അതിനൊരു ഇംപാക്ട് ഉണ്ടാകും. എത്ര വലിയ സീരിയൽ ചെയ്താലും അത് സംപ്രേഷണം ചെയ്യുന്ന സമയത്ത് മാത്രമേ ആളുകൾ നമ്മളെ ഓർക്കുകയുള്ളൂ. കൂടാതെ സീരിയലുകളുടെ കഥകളും ഏതാണ്ട് ഒരുപോലെ ആയിരിക്കും,’ സീനത്ത് പറഞ്ഞു.
സീരിയൽ മേഖല ഒരുപാട് പേർക്ക് ഒരു ഉപജീവന മാർഗ്ഗം ആയതുകൊണ്ട് തന്നെ അതിനെ ഒരിക്കലും തള്ളിപ്പറയില്ലെന്നും നടി കൂട്ടിച്ചേർത്തു
‘സീരിയലുകൾ കാരണം ഒരുപാട് ആളുകൾ ജീവിച്ചു പോകുന്നുണ്ട്. സിനിമയിൽ രക്ഷപ്പെടാൻ സാധിക്കാത്ത സംവിധായകർക്കും അഭിനേതാക്കൾക്കും ഉൾപ്പെടെ എത്രയോ പേർക്കാണ് സീരിയലുകൾ തൊഴിൽ നൽകുന്നത്. അതുകൊണ്ട് സീരിയൽ മേഖലയെ നമുക്ക് ഒരിക്കലും തള്ളിപ്പറയാൻ സാധിക്കില്ല,’ നടി പറഞ്ഞു.
സീരിയലിൽ അഭിനയിച്ചു കഴിഞ്ഞാൽ പിന്നീട് സിനിമയിലേക്ക് എത്തുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്, അത്തരത്തിലുള്ള പ്രയാസങ്ങൾ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള തന്റെ അനുഭവങ്ങളും താരം പങ്കുവെച്ചു.
‘എനിക്ക് അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടില്ല. കാരണം സിനിമകൾ ചെയ്തുകൊണ്ടിരുന്ന സമയത്ത് തന്നെയാണ് ഞാൻ സീരിയലുകളിലും അഭിനയിച്ചത്. നാടകത്തിലൂടെ വന്ന് നേരിട്ട് സീരിയലുകൾ ചെയ്യുന്ന ആളുകൾക്കാണ് ആ പ്രശ്നം ഉണ്ടാകുന്നത്. എന്നാൽ സീരിയലും സിനിമയും ഒരുമിച്ച് കൊണ്ടുപോകുന്നത് വളരെ ബുദ്ധിമുട്ടാണ്.
നമ്മൾ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരിക്കും എപ്പിസോഡുകൾ ബാക്കിയാണ് എന്ന് പറഞ്ഞ് സീരിയലിന്റെ ഭാഗത്തുനിന്ന് വിളിക്കുന്നത്. അങ്ങനെ വരുമ്പോൾ രണ്ടും കൂടെ ഒന്നിച്ചു കൊണ്ടുപോവുക എന്നത് വലിയൊരു വെല്ലുവിളിയാണ്,’ സീനത്ത് വ്യക്തമാക്കി.
സീനത്ത്. സാന്ത്വനം പരമ്പര. Photo. JioHotstar