| Tuesday, 8th July 2025, 12:24 pm

അറിവില്ലായ്മ; ഉണ്ണി മേരിക്ക് നല്ല വണ്ണമുള്ള സമയത്ത് ആ ചേച്ചി റോള്‍ ഞാന്‍ വേണ്ടെന്നുവെച്ചു: സീനത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് സീനത്ത്. ഇപ്പോള്‍ താന്‍ വേണ്ടെന്ന് വെച്ച ഒരു സിനിമയെ കുറിച്ച് പറയുകയാണ് അവര്‍. 1991ല്‍ പുറത്തിറങ്ങിയ ജോര്‍ജൂട്ടി കെയര്‍ ഓഫ് ജോര്‍ജൂട്ടി എന്ന ചിത്രത്തെ കുറിച്ചാണ് സീനത്ത് പറയുന്നത്.

അതില്‍ ഉണ്ണി മേരിയുടെ ചേച്ചി റോളായിരുന്നു തനിക്ക് ചെയ്യാനുണ്ടായിരുന്നതെന്നും എന്നാല്‍ താന്‍ ലൊക്കേഷനില്‍ കഥ കേട്ട് തിരികെ പോയെന്നും നടി പറയുന്നു. അത് തന്റെ ബുദ്ധിമോശവും അറിവില്ലായ്മയും കൊണ്ടാണ് സംഭവിച്ചതെന്നും സീനത്ത് പറഞ്ഞു. വണ്‍ 2 ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘വേണ്ടെന്ന് വെച്ച സിനിമകള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. പണ്ട് രഞ്ജിത്ത് എഴുതിയ ഒരു സിനിമ ഞാന്‍ വേണ്ടെന്ന് വെച്ചിരുന്നു. ജോര്‍ജൂട്ടി കെയര്‍ ഓഫ് ജോര്‍ജൂട്ടി എന്ന സിനിമയായിരുന്നു അത്. ആ സിനിമക്ക് വേണ്ടി എന്നെ വിളിച്ചിരുന്നു.

കോഴിക്കോട് വെച്ചായിരുന്നു അന്ന് ഷൂട്ടിങ്. ആ ദിവസം നടന്നത് ശരിക്കും എന്റെ അറിവില്ലായ്മ ആയിരുന്നു. ഞാന്‍ അപ്പോള്‍ സിനിമയെ വലിയ സീരിയസായി എടുത്തിരുന്നില്ല. അപ്പോഴും സിനിമ ചെയ്യുന്നുവെന്ന് പറയുമ്പോള്‍ നമ്മളുടെ മനസില്‍ ഒരു സങ്കല്‍പ്പമുണ്ടാകുമല്ലോ.

അന്ന് കോഴിക്കോട് ചെന്നതും എനിക്ക് അവര്‍ സിനിമയുടെ കഥയൊക്കെ പറഞ്ഞു തന്നു. അതില്‍ ഉണ്ണി മേരി ഉണ്ടായിരുന്നു. ഉണ്ണി മേരി നല്ല വണ്ണമുള്ള സമയമായിരുന്നു അത്. ആളുടെ ചേച്ചി ആയിട്ടാണ് ഞാന്‍ അഭിനയിക്കേണ്ടത്. ഞാന്‍ അപ്പോള്‍ മെലിഞ്ഞ് നില്‍ക്കുന്ന സമയമാണ്.

ഉണ്ണി മേരിക്ക് അപ്പോള്‍ വലിയ പ്രായമൊന്നും ഉണ്ടായിരുന്നില്ല കേട്ടോ. പക്ഷെ നല്ല വണ്ണമുണ്ടായിരുന്നു. അവളുടെ ചേച്ചിയായി അഭിനയിക്കണമെന്ന് കേട്ടതും ‘എന്റെ തലയൊക്കെ നരപ്പിക്കുമല്ലോ’യെന്ന് ഞാന്‍ ചിന്തിച്ചു. അതുകൊണ്ട് തന്നെ ആ റോള്‍ ഞാന്‍ ചെയ്യില്ലെന്ന് പറയുകയും ലോക്കേഷനില്‍ നിന്ന് പോകുകയും ചെയ്തു.

പിന്നീട് കുറേകാലത്തിന് ശേഷമായിരുന്നു ഞാന്‍ രഞ്ജിത്തിനെ കണ്ടത്. ‘ഞാന്‍ അന്ന് ചെയ്തത് വലിയ മോശമായി പോയി’യെന്ന് അങ്ങോട്ട് പറഞ്ഞു. ‘ആ മനസിലായി’ എന്ന് മാത്രമായിരുന്നു മറുപടി. അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട് ഞാന്‍. പക്ഷെ അതൊക്കെ ബുദ്ധിമോശം കൊണ്ടാണ്,’ സീനത്ത് പറയുന്നു.


Content Highlight: Zeenath says she turned down a sister role of Unni Mary

We use cookies to give you the best possible experience. Learn more