| Saturday, 25th October 2025, 10:03 pm

എഴുതിയപ്പോള്‍ ചിന്തിച്ചിട്ട് പോലുമില്ലാത്ത കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്; ഒരു ഇംഗ്ലിഷ് ഗാനം മലയാളികള്‍ ഏറ്റെടുത്തത് വലിയ കാര്യം: സെബ ടോമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ലോക’യിലെ ട്രെന്‍ഡിങ്ങ് ആയി മാറിയ ഗാനമായിരുന്നു സെബ ടോമി ആലപിച്ച ക്വീന്‍ ഓഫ് ദി നൈറ്റ്. ജേക്സ് ബിജോയ് സംഗീതം നല്‍കിയ ഇംഗ്ലിഷ് ഗാനത്തിന്റെ വരികള്‍ എഴുതിയതും സെബ തന്നെയാണ്. ഇപ്പോള്‍ ആ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് സെബ ടോമി.

ചന്ദ്രയുടെ കാഴ്ചപ്പാടില്‍ നിന്നുള്ള പാട്ടായതിനാല്‍ സംവിധായകന്‍ ഡൊമിനിക് അരുണും ജേക്‌സ് ബിജോയിയും സന്ദര്‍ഭത്തെപ്പറ്റിയും കഥയെപ്പറ്റിയും ഏകദേശ രൂപം നല്‍കിയിരുന്നുവെന്ന് അവര്‍ പറയുന്നു. പിന്നീട് പാട്ടിനൊപ്പം വരുന്ന ദൃശ്യങ്ങളും കാണിച്ച് തന്നിരുന്നുവെന്നും ഇവയെല്ലാം മനസില്‍ വെച്ചാണ് ‘ക്വീന്‍ ഓഫ് ദ് നൈറ്റിന്റെ’ വരികള്‍ എഴുതിയതെന്നും സെബ പറഞ്ഞു.

‘കഥാപാത്രത്തിന്റെ ചിന്തകളാണ് വരികളില്‍ പ്രതിഫലിക്കുന്നത്. സിനിമയില്‍ പറഞ്ഞതിനപ്പുറം ലോകയുടെ കഥയുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്നാണ് ലോക ആരാധകര്‍ അന്വേഷിച്ചത്. വരികള്‍ എഴുതിയപ്പോള്‍ ചിന്തിച്ചിട്ട് പോലുമില്ലാതിരുന്ന കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഒരു ഇംഗ്ലിഷ് ഗാനം മലയാളി ആരാധകര്‍ ഇത്രയും ഏറ്റെടുത്തത് വലിയ കാര്യമാണ്,’സെബ പറയുന്നു.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗോപി സുന്ദറിന്റെ സംഗീതത്തില്‍ കോറസ് പാടിയാണ് സെബ സിനിമയിലേക്കെത്തിയത്. പൂക്കാലം, ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി, കല്‍ക്കി, ഗരുഡന്‍ എന്നീ സിനിമകള്‍ക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും പാടിയിട്ടുണ്ട്. ജേക്‌സ് ബിജോയിക്കൊപ്പമുള്ള നാലാമത്തെ ചിത്രമാണ് ലോക.

മലയാളം കണ്ട ഏറ്റവും വലിയ വിജയമായി മാറാന്‍ ലോകക്ക് കഴിഞ്ഞിരുന്നു. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തില്‍ എത്തിയ സിനിമ സംവിധാനം ചെയ്തത് ഡൊമിനിക് അരുണാണ്.

Content highlight: Zeba Tommy  about the song Queen of the Night

We use cookies to give you the best possible experience. Learn more