ആട്ടം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സെറിന്‍ ഷിഹാബ്. ഫാമിലി മാന്‍ എന്ന ഹിന്ദി വെബ് സീരീസിലൂടെ കരിയര്‍ ആരംഭിച്ച നടി ഹിന്ദിയില്‍ മികച്ച സിനിമകളുടെ ഭാഗമായി. മലയാളത്തില്‍ ആട്ടത്തിന് ശേഷം രേഖാചിത്രം, ഇത്തിരി നേരം എന്നീ സിനിമകളില്‍ അഭിനയിച്ചു. ആട്ടത്തില്‍ അഞ്ജലിയെന്ന കഥപാത്രമായി മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ച സെറിന്‍ രേഖാചിത്രത്തില്‍ പുഷ്പം എന്ന കഥാപാത്രമായും പ്രേക്ഷകരെ ഞെട്ടിച്ചു.
ഇത്തിരി നേരത്തില്‍ നായിക വേഷത്തിലെത്തിയ സെറിന്‍ ചത്താ പച്ചയില്‍ ചെറിയ റോളിലും എത്തിയിരുന്നു. പിന്നാലെ ഈ വര്‍ഷം പുറത്തിറങ്ങിയ പേട്രിയറ്റില്‍ മമ്മൂട്ടിയുടെ നായികയായും അതിരടിയില്‍ ടൊവിനോ തോമസിന്റെ നായികയായും താരം വേഷമിട്ടിരുന്നു. ഇരു ചിത്രങ്ങളിലും രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത താരം പ്രേക്ഷകരില്‍ നിന്നും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
സെറിന്‍ ഷിഹാബ്. Photo: X.com
അടുത്തിടെ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ വാനപ്രസ്ഥത്തെ കുറിച്ച് സെറിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം നിരവധി അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.
ചിത്രത്തിലെ കുഞ്ഞിക്കുട്ടന്‍ എന്ന കഥകളി കലാകാരനെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. വാനപ്രസ്ഥത്തിലെ താരത്തിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സെറിന്‍ ഷിഹാബ് ഇപ്പോള്‍.
‘വാനപ്രസ്ഥം എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചിത്രമാണ്. അതില്‍ ഫുള്‍ കഥകളി ഗെറ്റപ്പിലും മേക്കപ്പിലും അഭിനയിക്കുന്ന ഒരു സീനുണ്ട്. അത്രയും ഭാരമുള്ള ഭാരമുള്ള കോസ്റ്റിയൂം ആണത്. അതില്‍ കണ്ണിലൂടെ എക്പ്രഷന്‍ മാറുന്ന ഒരു രംഗമുണ്ട്. എന്നെ സംബന്ധിച്ച് ആ രംഗം ഒരു വണ്ടറാണ്. എത്ര തവണ ആ ക്ലിപ്പ് നോക്കി പഠിച്ചാലും ആ രംഗം റീക്രിയേറ്റ് ചെയ്യാന്‍ ആര്‍ക്കും പറ്റില്ല. അതില്‍ ശ്വാസമുണ്ട്, ഫേഷ്യല്‍ മുവ്‌മെന്റ്‌സിന്റെ വര്‍ക്കുണ്ട്, ആ കഥാപാത്രം കടന്നുപോകുന്ന ഇമോഷണല്‍ ജേര്‍ണി എല്ലാം ആ ചെറിയ ഫ്രെയ്മില്‍ ആ കണ്ണിലൂടെയും ഫ്രെയ്മിലൂടെയും കാണാന്‍ സാധിക്കും.
വാനപ്രസ്ഥം. Photo: IMDB
അത് എങ്ങനെയാണ് അദ്ദേഹം ചെയ്‌തെടുത്തത് എന്നറിയില്ല. ഒരു ആക്ടറിനോട് എന്താണ് നിങ്ങളുടെ പ്രൊസസ് എന്ന് ചോദിച്ചാല്‍ അവര്‍ക്കത് എക്‌സ്‌പ്ലെയിന്‍ ചെയ്യാന്‍ സാധിക്കില്ല. ചിലപ്പോള്‍ ഒരുപാട് റിഹേഴ്‌സല്‍ എല്ലാം ചെയ്തിട്ടുണ്ടാകാം. എന്തുതന്നെയായാലും അദ്ദേഹം ഒരു ജീനിയസാണ്,’ സെറിന്‍ പറഞ്ഞു.
Content Highlight: Zarin Shihab talks about Mohanlal’s acting in Vanaprastham