ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടിയാണ് സെറിന്‍ ഷിഹാബ്. ഫാമിലി മാന്‍ എന്ന വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ സെറിന്‍ ആട്ടം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കിടയിലും ശ്രദ്ധ നേടി. ഓരോ സിനിമയും ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്ന സെറിന്റെ ഏറ്റവും പുതിയ ചിത്രം ഇത്തിരി നേരമാണ്.
റോഷന്‍ മാത്യു നായകനായെത്തിയ ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. ഇത്തിരി നേരത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ തന്റെ വരും പ്രൊജക്ടുകളെക്കുറിച്ച് സെറിന്‍ സംസാരിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരൊന്നിക്കുന്ന പാട്രിയറ്റില്‍ താനും ഭാഗമായിട്ടുണ്ടെന്ന് താരം പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു സെറിന്‍.
‘പാട്രിയറ്റിന്റെ സെറ്റ് നല്ല രസമായിരുന്നു. ആ സെറ്റില്‍ ഏറ്റവും എക്‌സ്പീരിയന്‍സ് കുറവുള്ളയാള്‍ ഞാനാണ്. ബാക്കി എല്ലാവരും എന്നെക്കാള്‍ സീനിയേഴ്‌സ്. എന്തെങ്കിലും പറഞ്ഞാലോ ചെയ്താലോ അബദ്ധമാകുമെന്ന് പേടിയുണ്ടായിരുന്നു. അതുകൊണ്ട് ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിലേക്ക് മാറി നില്‍ക്കലായിരുന്നു പതിവ്.
ഞാന്‍ മാറി നില്‍ക്കുന്നത് മമ്മൂക്ക കണ്ടു. പുള്ളി എന്റെയടുത്ത് വന്നിട്ട് ‘ഇങ്ങനെ മസില് പിടിച്ച് നില്‍ക്കേണ്ട ആവശ്യമൊന്നുമില്ല. ഫ്രീയായിട്ട് നിന്നാ മതി. ഇടക്ക് എന്റെ കൈയീന്നും ചിലതൊക്കെ പാളാറുണ്ട്’ എന്ന് പറഞ്ഞു. എന്നെ പരമാവധി കൂളാക്കാനാണ് അദ്ദേഹം നോക്കിയത്. നമ്മളെയും അവരുടെ ആ കംഫര്‍ട്ട് സോണിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്’ സെറിന്‍ ഷിഹാബ് പറഞ്ഞു.
12 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം അവസാനഘട്ട ഷൂട്ടിലാണ്. മമ്മൂട്ടി അസുഖബാധിതനായതിനാല്‍ ഇടക്ക് ഷൂട്ട് മുടങ്ങിയിരുന്നു. താരം തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും ചിത്രീകരണം ആരംഭിച്ചു. വന്‍ താരനിരയാണ് പാട്രിയറ്റില്‍ അണിനിരക്കുന്നത്.
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രന്‍, രേവതി, രാജീവ് മേനോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ശ്രീലങ്ക, കൊച്ചി, ദല്‍ഹി, ഹൈദരബാദ് എന്നിവിടങ്ങളിലായാണ് പാട്രിയറ്റിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം. 2026 ഏപ്രിലില്‍ വിഷു റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.
Content Highlight: Zarin Shihab shares the shooting experience of Patriot movie