| Tuesday, 17th February 2026, 9:23 pm

ഹിന്ദിയില്‍ നിന്നാല്‍ ഒരുപോലെയുള്ള കഥാപാത്രങ്ങളെ കിട്ടുവെന്ന് മനസിലായി; അതൊരു തടസമായിരുന്നില്ല: സെറിന്‍ ഷിഹാബ്

ഐറിന്‍ മരിയ ആന്റണി

ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സെറിന്‍ ഷിഹാബ്. ഫാമിലി മാന്‍ എന്ന ഹിന്ദി വെബ്സീരിലൂടെ കരിയര്‍ ആരംഭിച്ച സെറിന്‍ പിന്നീട് മലയാളത്തില്‍ സജീവമാകുകയായിരുന്നു. ആട്ടത്തില്‍ അഞ്ജലിയെന്ന കഥപാത്രമായി മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ച സെറിന്‍ രേഖാചിത്രം എന്ന സിനിമയില്‍ പുഷ്പം ആയും ഗംഭീര പെര്‍ഫോമന്‍സായിരുന്നു.

ഇത്തിരി നേരമാണ് സെറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചത്താ പച്ച സിനിമയില്‍ ക്യാമിയോ റോളിലും എത്തിയിരുന്നു. ഇപ്പോള്‍ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ ഹിന്ദിയില്‍ നിന്ന് എന്തുകൊണ്ടാണ് താന്‍ മലയാളത്തിലേക്ക് വന്നതെന്ന് പറയുകയാണ് സെറിന്‍. ഹിന്ദിയില്‍ പ്രൊജക്റ്റുകളുടെ സ്‌കെയില്‍ വലുതാണെന്ന് നടി പറയുന്നു.

‘ഒരു സമയം കഴിഞ്ഞപ്പോള്‍, ഇവിടെ നിന്നാല്‍ ഒരേ രീതിയിലുള്ള കഥാപാത്രങ്ങള്‍ മാത്രമേ കിട്ടുകയുള്ളൂ എന്ന് മനസിലായി. കോവിഡ് സമയത്ത് നാട്ടിലേക്ക് താമസം മാറി. കുടുംബത്തിന്റെ കൂടെ കുറച്ചുനാള്‍ നില്‍ക്കണം എന്ന് തോന്നലിലാണ് നാട്ടിലേക്കുള്ള വരവ്.

ത്രിശങ്കുവാണ് മലയാളത്തിലെ ആദ്യ സിനിമ. ഓണ്‍ലൈനില്‍ ഒരു കാസ്റ്റിങ് കോള്‍ കണ്ടിട്ടാണ് പോവുന്നത്. ബി 32 മുതല്‍ 44 വരെയിലെ വേഷം തേടി വന്നതാണ്. അതിനുശേഷം ‘ആട്ടം’ ചെയ്തു. അതും ഓഡിഷന്‍ ആയിരുന്നു. പിന്നീട് ‘രേഖാചിത്രവും,’ സെറിന്‍ പറഞ്ഞു.

ഒരു കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ ഭാഷ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അതുമാത്രമല്ല ആ കഥാപാത്രം വരുന്ന സംസ്‌കാരവും നമ്മള്‍ അറിഞ്ഞിരിക്കണമെന്നും നടി കൂട്ടിച്ചേര്‍ത്തു. ഓരോ സംസ്‌കാരങ്ങളും വ്യത്യസ്തമാണെന്നും ഭാഷയും സംസ്‌കാരവും അറിഞ്ഞാലേ എനിക്ക് ആ കഥാപാത്രത്തില്‍ കുറച്ചെങ്കിലും സത്യസന്ധത കൊണ്ടുവരാന്‍ പറ്റുകയുള്ളുവെന്നും സെറിന്‍ പറഞ്ഞു. അതൊരു തടസമായി കാണുന്നില്ലെന്നും പുതിയ കാര്യം പഠിക്കാന്‍ ഇഷ്ടമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് പുറത്താണ് താന്‍ ജനിച്ച് വളര്‍ന്നതെന്ന് സെറിന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ജനിച്ച സെറിന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായാണ് പഠിച്ചത്. പേട്രിയേറ്റാണ് താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

Content Highlight: zarin shihab  explaining why he came to Malayalam from Hindi 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more