| Saturday, 9th August 2025, 7:47 pm

ഒറ്റ മത്സരത്തില്‍ ഒമ്പത് വിക്കറ്റ്! തിരുത്തിയത് ന്യൂസിലാന്‍ഡിന്റെ ചരിത്രമാണേ...

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ സിംബാബ്‌വേ പര്യടനത്തിലെ രണ്ടാം മത്സരത്തിലും വിജയിച്ച് കിവീസ് പരമ്പര വൈറ്റ് വാഷ് ചെയ്ത് സ്വന്തമാക്കിയിരിക്കുകയാണ്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടിലും ആധികാരിക വിജയം നേടിയാണ് കിവീസ് വിജയം സ്വന്തമാക്കിയത്.

ബുലവായോയില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 359 റണ്‍സിന്റെയും വിജയമാണ് കിവീസ് സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്.

സ്‌കോര്‍

സിംബാബ്‌വേ: 125 & 117

ന്യൂസിലാന്‍ഡ്: 601/3d

യുവതാരം സാക്രി ഫോള്‍ക്‌സിന്റെ അരങ്ങേറ്റത്തിന് കൂടിയാണ് ബുലവായോ ടെസ്റ്റ് സാക്ഷ്യം വഹിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഫോര്‍ഫറും രണ്ടാം ഇന്നിങ്‌സില്‍ ഫൈഫറും നേടിയ താരം തന്റെ അരങ്ങേറ്റവും കളറാക്കി.

ഇതോടെ ഒരു ചരിത്ര നേട്ടവും ഫോള്‍ക്‌സ് സ്വന്തമാക്കി. ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഒരു ന്യൂസിലാന്‍ഡ് താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ എന്ന നേട്ടമാണ് ഫോള്‍ക്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം വില്‍ ഒ റൂര്‍ക് കുറിച്ച റെക്കോഡാണ് ഫോള്‍ക്‌സ് തകര്‍ത്തത്.

ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഒരു ന്യൂസിലാന്‍ഡ് താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍

(താരം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

സാക്രി ഫോള്‍ക്‌സ് – സിംബാബ്‌വേ – 9/75 – 2025*

വില്‍ ഒ റൂര്‍ക് – സൗത്ത് ആഫ്രിക്ക – 9/93 – 2024

മാര്‍ക് ക്രെയ്ഗ് – വെസ്റ്റ് ഇന്‍ഡീസ് – 8/188 – 2014

കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം – പാകിസ്ഥാന്‍ – 7/64 – 2016

അജാസ് പട്ടേല്‍ – പാകിസ്ഥാന്‍ – 7/123 – 2018

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്‌വേയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ വെറും 125 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 44 റണ്‍സ് നേടിയ ബ്രെന്‍ഡന്‍ ടെയ്‌ലറാണ് ടോപ്പ് സ്‌കോറര്‍. പുറത്താകാതെ 33 റണ്‍സ് നേടിയ തഫാദ്‌സ്വ സിഗയും 13 പന്തില്‍ 11 റണ്‍സ് വീതം നേടിയ ഷോണ്‍ വില്യംസ്, നിക്ക് വെല്‍ച്ച് എന്നിവര്‍ മാത്രമാണ് ഷെവ്‌റോണ്‍സ് നിരയില്‍ രണ്ടക്കം കണ്ടത്.

ഫൈഫറുമായി തിളങ്ങിയ മാറ്റ് ഹെന്‌റിയാണ് ഷെവ്‌റോണ്‍സിനെ തകര്‍ത്തെറിഞ്ഞത്. നാല് വിക്കറ്റുമായി സാക്രി ഫോള്‍ക്‌സും കരുത്ത് കാട്ടി. മാത്യു ഫിഷറാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ രചിന്‍ രവീന്ദ്ര, ഹെന്‌റി നിക്കോള്‍സ്, ഡെവോണ്‍ കോണ്‍വേ എന്നിവരുടെ കരുത്തില്‍ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തു. രചിന്‍ പുറത്താകാതെ 165 റണ്‍സും നിക്കോള്‍സ് പുറത്താകാതെ 150 റണ്‍സും നേടി. 153 റണ്‍സാണ് കോണ്‍വേ സ്വന്തമാക്കിയത്. 74 റണ്‍സ് നേടിയ വില്‍ യങ്ങും കിവീസ് നിരയില്‍ കരുത്തായി.

ഒടുവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 601 എന്ന നിലയില്‍ നില്‍ക്കവെ കിവീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് വീണ്ടും പിഴച്ചു. നിക്ക് വെല്‍ച്ചും ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനും മാത്രമാണ് രണ്ടക്കം കണ്ടത്. പുറത്താകാതെ 47 റണ്‍സ് നേടിയ വെല്‍ച്ചാണ് രണ്ടാം ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോറര്‍.

ആദ്യ ഇന്നിങ്‌സില്‍ ഫൈഫര്‍ മിസ്സായ ഫോള്‍ക്‌സ് രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. മാറ്റ് ഹെന്‌റിയും ജേകബ് ഡഫിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മാത്യൂ ഫിഷര്‍ ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.

Content Highlight: Zak Foulkes holds the record for the best bowling figures by a New Zealand player on Test debut

We use cookies to give you the best possible experience. Learn more