| Thursday, 26th November 2026, 10:41 am

ഇലവനില്‍ ആറ് വനിതകളും അഞ്ച് പുരഷന്‍മാരും; പ്രൊഫഷണല്‍ മിക്‌സഡ് ജെന്‍ഡര്‍ ടി-20ക്ക് തുടക്കം കുറിക്കാന്‍ സഹീര്‍ ഖാന്‍

ശ്രീരാഗ് പാറക്കല്‍

മുന്‍ ഇന്ത്യന്‍ പേസ് ബൗളറും 2011 ലോകകപ്പ് ജേതാവുമായ സഹീര്‍ ഖാന്‍ ക്രിക്കറ്റില്‍ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ്. സ്‌പോര്‍ട്‌സ് കമ്പനിയായ ആങ്കര്‍ സ്‌പോര്‍ട്‌സ് എബിയും ജര്‍മന്‍ ക്രിക്കറ്റ് ഫെഡറേഷനുമായി (ഡോയ്ചര്‍ ക്രിക്കറ്റ് ബണ്ട്) കൈകോര്‍ത്ത് പ്രൊഫഷണല്‍ മിക്‌സഡ് ജെന്‍ഡര്‍ ടി-20 ലീഗിന് തുടക്കമിടുകയാണ് സഹാര്‍ ഖാന്‍. ആങ്കര്‍ സ്‌പോര്‍ട്‌സ് എബിയുടെ സഹ ഉടമ കൂടിയാണ് സഹീര്‍.

2027 ഓഗസ്റ്റില്‍ ജര്‍മനിയിലാണ് ടൂര്‍ണമെന്റിന്റെ ആദ്യ പതിപ്പ് നടക്കുക. പുരുഷ-വനിതാ ക്രിക്കറ്റിലെ പരമ്പരാഗത വേര്‍തിരിവുകള്‍ മറികടന്ന് പുരുഷ താരങ്ങളും വനിതാ താരങ്ങളും ഒരേ പ്ലെയിങ് ഇലവനില്‍ അണിനിരക്കുമെന്നതാണ് ടൂര്‍ണമെന്റിന്റെ പ്രത്യേകത.

ആദ്യ പതിപ്പില്‍ അഞ്ച് ടീമുകള്‍ പങ്കെടുക്കും. ആകെ 12 ടി-20 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടാകുക. ഓരോ ടീം സ്‌ക്വാഡിലും 18 താരങ്ങള്‍ വീതവും ഉണ്ടായിരിക്കും. മത്സരത്തിലെ എല്ലാ പ്ലെയിങ് ഇലവനിലും ആറ് വനിത താരങ്ങളും അഞ്ച് പുരഷ താരങ്ങളുമാണ് അണിനിരക്കുക.

മിക്‌സഡ് ജെന്‍ഡര്‍ ടി-20യുമായി ബന്ധപ്പെട്ട് സഹീര്‍ ഖാന്‍ സംസാരിച്ചിരുന്നു. എല്ലാ വിഭാഗം ആളുകള്‍ക്കും ക്രിക്കറ്റില്‍ പങ്കാളികളാകാനും സംഭാവനകള്‍ നല്‍കാനും പുതിയ ടി-20ക്ക് സാധിക്കുമെന്നും പുരുഷ വനിതാ താരങ്ങള്‍ ഒരുമിച്ച് മൈതാനത്തിറങ്ങി പരസ്പരം മത്സരിക്കുന്നത് ഏറ്റവും വലിയ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.

‘ആളുകളെ ഒരുമിപ്പിക്കാന്‍ ക്രിക്കറ്റിന് വലിയ കഴിവുണ്ട്. യൂറോപ്പ് പോലുള്ള വളര്‍ന്നുവരുന്ന വിപണികളില്‍ ക്രിക്കറ്റിന്റെ വളര്‍ച്ച കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്രത്തോളം എത്തിക്കാന്‍ കഴിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

എല്ലാ വിഭാഗം ആളുകള്‍ക്കും ക്രിക്കറ്റില്‍ പങ്കാളികളാകാനും സംഭാവനകള്‍ നല്‍കാനും ഈ കായികവിനോദത്തിന്റെ വളര്‍ച്ചയുടെ ഭാഗമാകാനും അവസരം നല്‍കുന്ന ‘ഇക്വല്‍’ എന്ന ദിശയിലുള്ള സുപ്രധാന ചുവടുവെപ്പാണിത്.

2028ല്‍ ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് തിരിച്ചെത്തുന്നതോടെ പുതിയ ജനവിഭാഗങ്ങളിലേക്ക് ഈ കായികവിനോദത്തെ എത്തിക്കാനും ആഗോളതലത്തില്‍ അതിന്റെ സ്വാധീനം കൂടുതല്‍ വിപുലീകരിക്കാനും അവസരമൊരുങ്ങുകയാണ്. ഒരു പുരുഷ താരവും വനിതാ താരവും ഒരുമിച്ച് മൈതാനത്തിറങ്ങി പരസ്പരം മത്സരിക്കുന്നു എന്നതാണ് ‘ഇക്വല്‍ ടൂര്‍ണമെന്റിനെ ഏറെ ശ്രദ്ധേയമാക്കുന്നത്,’ സഹീര്‍ ഖാന്‍ പറഞ്ഞു.

Content Highlight: Zaheer Khan to kick off professional mixed-gender T20

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more