| Sunday, 5th April 2026, 1:55 pm

മഞ്ഞ ജേഴ്‌സി ധരിച്ചാല്‍ സഞ്ജു ഫോം തുടരുമെന്നും സ്വര്‍ണം പോലെ തിളങ്ങുമെന്നും നിങ്ങള്‍ പ്രതീക്ഷിച്ചു: സഹീര്‍ ഖാന്‍

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പില്‍ നിര്‍ണായകമായ അവസാനത്തെ മൂന്ന് മത്സരത്തിലും മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസണ്‍ ചെന്നൈയിലേക്ക് ചേക്കറിയപ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍.

എന്നാല്‍ സഞ്ജു ഫോം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും സഞ്ജു, ശിവം ദുബെ, ആയുഷ് മാഹ്‌ത്രെ എന്നിവര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചാല്‍ വ്യത്യസ്തമായ ഒരു ചെന്നൈയെ കാണാമെന്നും സഹീര്‍ഖാന്‍ പറഞ്ഞു. ക്രിക്ക്ബസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോകകപ്പിലെ മൂന്ന് ഇന്നിങ്സുകള്‍ക്ക് ശേഷം സഞ്ജു സാംസണില്‍ ധാരാളം പ്രതീക്ഷകളുണ്ടായിരുന്നു. മഞ്ഞ ജേഴ്‌സി ധരിച്ചുകഴിഞ്ഞാല്‍ ഫോം തുടരുമെന്നും അദ്ദേഹം സ്വര്‍ണം പോലെ തിളങ്ങുമെന്നും എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ സാംസണ്‍ തന്റെ ഫോം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. അദ്ദേഹം ഫോമിലേക്ക് എത്തിയാല്‍, ശിവം ദുബെയും ആയുഷ് മാഹ്‌ത്രെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയാണെങ്കില്‍, നിങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു സി.എസ്.കെയെ കാണാന്‍ കഴിയും,’ സഹീര്‍ ഖാന്‍ പറഞ്ഞു.

അതേസമയം ഐ.പി.എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബെംഗളൂരുവിന്റെ തട്ടകമായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ചെന്നൈക്ക് ബെംഗളൂരുവിനെതിരെയുള്ള മത്സരം നിര്‍ണായകമാണ്.

ചെന്നൈ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് മലയാളി സൂപ്പര്‍ താരവും ഇന്ത്യന്‍ ഓപ്പണറുമായ സഞ്ജു സാംസണിന്റെ പ്രകടനമാണ്. രാജസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ആറ് റണ്‍സും പഞ്ചാബിനെതിരായ രണ്ടാം മത്സരത്തില്‍ ഏഴ് റണ്‍സുമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഹോം ഗ്രൗണ്ടില്‍ പഞ്ചാബിനെതിരെ പരാജയപ്പെട്ടെങ്കിലും ഡിഫന്റിങ് ചാമ്പ്യന്‍മാരായ ബെംഗളൂരുവിനെതിരെ സഞ്ജു മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

നിലവില്‍ ഐ.പി.എല്ലില്‍ 179 മത്സരങ്ങളില്‍ നിന്ന് 4717 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. 119 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറുള്‍പ്പെടെ 30.63 എന്ന മിന്നും ആവറേജിലാണ് താരത്തിന്‍രെ റണ്‍വേട്ട. ടൂര്‍ണമെന്റില്‍ മൂന്ന് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Zaheer Khan Talking About Sanju Samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more