സൂപ്പര്‍ താരം വിരാട് കോഹ്ലിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. ക്ലാസിക് ഷോട്ട് കളിച്ച് കോഹ്ലി 14000 ടി – 20 റണ്‍സ് നേടിയെന്നത് അതിശയകരമാണെന്നും തുടര്‍ച്ചയായി ഡക്കാപ്പോള്‍ ചോദ്യം ചെയ്തവരെ ആ രണ്ട് പൂജ്യങ്ങള്‍ക്ക് മുന്നില്‍ ഒരു ഒന്ന് വെച്ച് താരം നിശബ്ദരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയത് പഞ്ചാബ് കിങ്സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനും വലിയ ഭീഷണിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സഹീര്‍ ഖാന്‍.
സഹീർ ഖാൻ.
‘ക്ലാസിക് ഷോട്ടുകൾ കളിച്ച് കോഹ്ലി 14000 ടി – 20 റണ്‍സ് നേടിയെന്നത് അതിശയകരമാണ്. അവന്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഡക്കായതായിരുന്നു എല്ലാവരുടെയും ചര്‍ച്ച. പക്ഷേ, രണ്ട് പൂജ്യങ്ങള്‍ക്ക് മുന്നില്‍ ഒരു ഒന്ന് വെച്ച് എല്ലാവരെയും നിശബ്ദരാക്കി. റണ്‍ ചെയ്സിങ്ങില്‍ അവന് ഒപ്പമെത്താന്‍ ലോകക്രിക്കറ്റില്‍ മറ്റാരുമില്ല. 175 സ്‌ട്രൈക്ക് റേറ്റില്‍ 105 റണ്‍സ് നേടിയെന്നത് മനോഹരമാണ്.
കോഹ്ലി വളരെ ലാഘവത്തോടെയാണ് സ്‌കോര്‍ ചെയ്തത്. റിസ്റ്റ് ഉപയോഗിച്ച് സ്‌ക്വയര്‍ ലെഗ് നിന്ന് മിഡ് വിക്കറ്റിലൂടെയായിരുന്നു അവന്റെ മിക്ക ഷോട്ടുകളും. വളരെ പ്രയാസകരമായ ഷോട്ട് അവന്‍ എളുപ്പത്തിലാണ് കളിച്ചത്. വലിയൊരു ടാര്‍ഗറ്റായിട്ടും അവന്‍ ഒരു ഘട്ടത്തിലും പതറിയിരുന്നില്ല. കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയത് മറ്റുള്ളവര്‍ക്ക് ഒരു മോശം വാര്‍ത്തയാണ്. ഇപ്പോള്‍ പഞ്ചാബ് കിങ്സും സണ്‍റൈസേഴ്സ് ഹൈദെരാബാദും വലിയ ഭീഷണിയിലാണ്,’ സഹീര്‍ ഖാന്‍ പറഞ്ഞു.
വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com
കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ വിരാട് 60 പന്തില്‍ പുറത്താവാതെ 105 റണ്‍സാണ് എടുത്തത്. മൂന്ന് സിക്‌സറുകളും 11 ഫോറുകളുമടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഈ ഇന്നിങ്സാണ് ആര്‍.സി.ബി വിജയം സമ്മാനിച്ചത്.
ഇന്നിങ്‌സിനിടയില്‍ കോഹ്ലി ടി – 20യില്‍ 14000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായും മുന്‍ ആര്‍.സി.ബി നായകന്‍ മാറി.
Content Highlight: Zaheer Khan praises Virat Kohli and says his return to form make trouble to PBKS and SRH