ക്രിക്കറ്റ് ലോകം ഐ.പി.എല്‍ ആരവങ്ങളിലേക്ക് കടക്കുകയാണ്. മാര്‍ച്ച് 28നാണ് ടൂര്‍ണമെന്റ് 19ാം എഡിഷന് അരങ്ങുണരുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍.സി.ബിയും) സണ്‍ റൈസേഴ്സ് ഹൈദരാബാദുമാണ് ആദ്യ മത്സരത്തില്‍ (എസ്.ആര്‍.എച്ച്) ഏറ്റുമുട്ടുക. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയാണ് മത്സരത്തിന്റെ വേദി.
ടൂര്‍ണമെന്റ് തുടങ്ങി രണ്ടാം ദിവസം തന്നെ ഐ.പി.എല്ലിലെ വിജയകരമായ ടീമുകളിൽ ഒന്നായ മുംബൈ ഇന്ത്യന്‍സും കളത്തിലിറങ്ങുന്നുണ്ട്. മൂന്ന് വട്ടം ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍.
ഇപ്പോള്‍ ടൂര്‍ണമെന്റിന് മുന്നോടിയായി മുംബൈയുടെ ഓള്‍ ടൈം ഇലവനെ തെരഞ്ഞെടുക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സഹീര്‍ ഖാന്‍. ക്രിക്ബസിലാണ് താരം മുംബൈയുടെ ടീമിനെ തെരഞ്ഞെടുത്തത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുംബൈയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനുമായ രോഹിത് ശര്‍മയുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. ടൂര്‍ണമെന്റിലെ ആദ്യ ആറ് സീസണുകളില്‍ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു സച്ചിന്‍. എന്നാല്‍, ടീമിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച നായകനാണ് രോഹിത്. കൂടാതെ, 5876 റണ്‍സുമായി മുംബൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‌സെടുത്തിട്ടുള്ളതും താരം തന്നെയാണ്.
സച്ചിൻ ടെൻഡുൽക്കറും രോഹിത് ശർമയും. Photo: Mumbai Indians
വൺ ഡൗണായി എത്തുന്നത് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറെയാണ്. രണ്ട് സീസണിലാണ് താരം മുംബൈയ്ക്ക് ഒപ്പമുണ്ടായിരുന്നത്. 2019ലും 2020ലും ടീമിന്റെ കിരീടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇഷാന്‍ കിഷനെ തഴഞ്ഞാണ് ബട്‌ലറെ തെരഞ്ഞെടുത്തതെന്നാണ് കൗതുകം. 2020ല്‍ മുംബൈ തുടര്‍ച്ചയായ രണ്ടാം കിരീടം ഉയര്‍ത്തിയപ്പോള്‍ 516 റണ്‍സുമായി കിഷനായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍.
ഇഷാൻ കിഷനും സൂര്യകുമാർ യാദവും. Photo; Mumbai Indians
നാലാമതായി നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയാണ് സഹീര്‍ ഖാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുംബൈക്കായി 112 മത്സരങ്ങളില്‍ കളിച്ച താരം 3703 റണ്‍സ് എടുത്തിട്ടുണ്ട്.
അഞ്ചാമതായി അമ്പാട്ടി റായിഡു എത്തുമ്പോള്‍ ആറാമന്‍ ഫ്രാഞ്ചൈസിയുടെ രണ്ടാമത്തെ റണ്‍ വേട്ടക്കാരും മികച്ച ഓള്‍ റൗണ്ടറുമായ കിറോണ്‍ പൊള്ളാര്‍ഡാണ്. 2416 റണ്‍സാണ് റായിഡു ടീമിനായി സ്‌കോര്‍ ചെയ്തതെങ്കില്‍ 3412 റണ്‍സാണ് പൊള്ളാര്‍ഡിന്റെ സമ്പാദ്യം.
ജസ്പ്രീത് ബുംറയും ലസിത് മലിംഗയും. Photo: Mumbai Indians
ഏഴാമനായി നിലവില്‍ മുംബൈയുടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണ്. സ്പിന്നറായി ഹര്‍ഭജന്‍ സിങ്ങിനെയാണ് സഹീര്‍ ഖാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് ഫാസ്റ്റ് ബൗളറുമാരും അദ്ദേഹത്തിന്റെ ടീമില്‍ ഇടം പിടിച്ചു. അവസാന മൂന്ന് സത്യങ്ങളില്‍ എത്തുന്നത് ടീമിന്റെ എക്കാലത്തെയും മികച്ച ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ലസിത് മലിംഗ, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രോഹിത് ശര്‍മ, ജോസ് ബട്‌ലര്‍, സൂര്യകുമാര്‍ യാദവ്, അമ്പാട്ടി റായിഡു, കിറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, ഹര്‍ഭജന്‍ സിങ്, ജസ്പ്രീത് ബുംറ, ലസിത് മലിംഗ, ട്രെന്റ് ബോള്‍ട്ട്
Content Highlight: Zaheer Khan picks Mumbai Indians all time eleven ahead of IPL 2026; excludes Ishan Kishan