| Monday, 19th January 2026, 3:32 pm

ക്യാപ്റ്റന് തെറ്റി; വിമര്‍ശനവുമായി സഹീര്‍ഖാനും രഹാനെയും

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര യിലെ പരാജയത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യാ രഹാനെ. മിഡില്‍ ഓവറുകളില്‍ വിക്കറ്റ് നേടാന്‍ സാധ്യതയുള്ള കുല്‍ദീപ് യാദവിന് വെറും മൂന്ന് ഓവര്‍ മാത്രം നല്‍കിയത് ഗില്ലിന്റെ തന്ത്രത്തിലെ വലിയൊരു പിഴവാണെന്ന് രഹാനെ പറഞ്ഞു.

മത്സര ശേഷം ക്രിക്ക്ബസിലെ ഒരു ചര്‍ച്ചയില്‍ സഹീര്‍ ഖാനുമായി സംസാരിക്കുകയായിരുന്നു രഹാനെ. എന്നാല്‍ സഹീര്‍ ഖാന് മറ്റൊരു അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. കുല്‍ദീപിനേക്കാള്‍ രവീന്ദ്ര ജഡേജക്ക് പന്ത് നല്‍കാന്‍ വൈകിയത് മോശം തീരുമാനമെന്നാണ് മുന്‍ പേസര്‍ അഭിപ്രായപ്പെട്ടത്.

‘മിഡില്‍ ഓവറുകളില്‍ കുല്‍ദീപിന് വെറും മൂന്ന് ഓവര്‍ മാത്രം നല്‍കിയത് ഗില്ലിന്റെ തന്ത്രത്തിലെ വലിയൊരു പിഴവാണ്. അടുത്ത ഓവറിനായി കുല്‍ദീപിന് 37 ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. വിക്കറ്റ് നേടാന്‍ സാധ്യതയുള്ള ബൗളര്‍മാരെ എങ്ങോട്ടാണ് നിങ്ങള്‍ മാറ്റി നിര്‍ത്തുന്നത്. ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ പിഴച്ചത് അവിടെയാണ്,’ ക്രിക് ബസില്‍ നടന്ന ചര്‍ച്ചയില്‍ രഹാനെ പറഞ്ഞു.

‘കുല്‍ദീപിനേക്കാള്‍ ജഡേജക്ക് പന്ത് നല്‍കാന്‍ വൈകിയതാണ് ഒരു മോശം തീരുമാനമെന്ന് ഞാന്‍ പറയും. നിതീഷിന് കുറച്ച് കൂടി ഗെയിം ടൈം ലഭിക്കാന്‍ വേണ്ടിയാവാം നിങ്ങളത് ചെയ്തത്. പക്ഷെ ഇത് മത്സരഫലത്തെയാണ് ബാധിക്കുക എന്നത് മറക്കരുത്,’ സഹീര്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന സീരീസ് ഡിസൈഡറിലും തോല്‍വി വഴങ്ങിയതോടെ ചരിത്രത്തിലാദ്യമായി കിവീസിന് ഇന്ത്യന്‍ മണ്ണില്‍ ഒരു ഏകദിന പരമ്പര സ്വന്തമാക്കാനും സാധിച്ചിരിക്കുകയാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസിനായി ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. മിച്ചല്‍ 131 പന്തില്‍ 137 റണ്‍സെടുത്തപ്പോള്‍ ഫിലിപ്‌സ് 88 പന്തില്‍ 106 റണ്‍സും അടിച്ചെടുത്തു.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 108 പന്തില്‍ 124 റണ്‍സാണ് വിരാട് അടിച്ചെടുത്തത്. മൂന്ന് സിക്‌സും 10 ഫോറും ഉള്‍പ്പെടെയാണ് താരം മിന്നും പ്രകടനം നടത്തിയത്.

Content Highlight: Zaheer Khan And Ajinkya Rahane Criticize Indian Captain Shubhman Gill

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more