ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം ടെസ്റ്റിന് കളമൊരുങ്ങവെ ഇംഗ്ലണ്ട് മണ്ണില്‍ ആറ് വിക്കറ്റ് നേട്ടവുമായി യൂസ്വേന്ദ്ര ചഹല്‍. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഡെര്‍ബിഷെയറിനെതിരെ നോര്‍താംപ്ടണ്‍ഷെയറിന് വേണ്ടിയാണ് ചഹല്‍ ബൗളിങ്ങില്‍ തിളങ്ങിയത്.
ദി കൗണ്ടി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 33.2 ഓവര്‍ പന്തെറിഞ്ഞ് 118 റണ്‍സ് വിട്ടുകൊടുത്താണ് ചഹല്‍ ആറ് വിക്കറ്റ് വീഴ്ത്തിയത്. ഓപ്പണര്‍ ലൂയീസ് റീസ് മുതല്‍ 11ാം നമ്പറിലിറങ്ങിയ ബ്ലെയര്‍ ടിക്‌നറിന്റെയടക്കം വിക്കറ്റുകളാണ് ചഹല്‍ സ്വന്തമാക്കിയത്.
ഇവര്‍ക്ക് പുറമെ ഹാരി ക്യാം, വിക്കറ്റ് കീപ്പര്‍ ബ്രൂക് ഗസ്റ്റ്, സാക്ക് ചാപ്പല്‍, ബെന്‍ ഐച്ച്‌സണ്‍ എന്നിവരുടെ വിക്കറ്റുകളാണ് ചഹല്‍ പിഴുതെറിഞ്ഞത്.
ചഹലിന്റെ കരുത്തില്‍ ഡെര്‍ബിഷെയറിനെ 377ന് പുറത്താക്കാനും നോര്‍താംപ്ടണ്‍ഷെയറിന് സാധിച്ചു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡെര്‍ബിഷെയറിനായി മിഡില്‍ ഓര്‍ഡറില്‍ സെഞ്ച്വറി നേടിയ മാര്‍ട്ടിന്‍ ആന്‍ഡേഴ്‌സണാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 148 പന്ത് നേരിട്ട താരം 105 റണ്‍സുമായി പുറത്തായി. 54 പന്തില് 45 റണ്‍സ് നേടിയ ബെന്‍ ഐച്ച്‌സണാണ് രണ്ടാമത് മികച്ച റണ്‍ഗെറ്റര്‍.
ലൂയീസ് റീസ് (90 പന്തില്‍ 39), അമനൂറിന്‍ ഡൊണാള്‍ഡ് (69 പന്തില്‍ 37), ജോ വില്യം ആന്‍ഡ്രൂ ഹോക്കിന്‍സ് (112 പന്തില്‍ പുറത്താകാതെ 34), സാക്ക് ചാപ്പല്‍ (66 പന്തില്‍ 32) എന്നിവരുടെ ഇന്നിങ്‌സും ഡെര്‍ബിഷെയര്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.
മത്സരത്തില്‍ ചഹലിന് പുറമെ ലൂക്ക് പ്രോക്ടര്‍, കോബി കിയോ, ലിയാം ഗുത്രി, ജോര്‍ജ് സ്‌ക്രിംഷോ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ നോര്‍താംപ്ടണ്‍ഷെയര്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 265 എന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ്. നിലവില്‍ ടീം 112 റണ്‍സിന് പിന്നിലാണ്.
അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ലൂക്ക് പ്രോക്ടര്‍, ജോര്‍ജ് ബാര്‍ട്‌ലെറ്റ്, ജസ്റ്റിന്‍ ബ്രോഡ് എന്നിവരുടെ കരുത്തിലാണ് നോര്‍താംപ്ടണ്‍ഷെയര്‍ സ്‌കോര്‍ ഉയര്‍ത്തുന്നത്. പ്രോക്ടര്‍ 137 പന്തില്‍ 71 റണ്‍സടിച്ച് മടങ്ങി. ബാര്ടലെറ്റ് 131 പന്തില്‍ 60 റണ്‍സും ബ്രോഡ് 105 പന്തില്‍ 64 റണ്‍സുമായും ക്രീസില്‍ തുടരുകയാണ്.
കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഡിവിഷന്‍ 2ല്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഡെര്‍ബിഷെയര്‍. പത്ത് മത്സരത്തില്‍ നിന്നും രണ്ട് വീതം ജയവും തോല്‍വിയുമായി 128 പോയിന്റാണ് ടീമിനുള്ളത്. കളിച്ച പത്തില്‍ രണ്ട് ജയവും നാല് തോല്‍വിയുമായി 110 പോയിന്റോടെ ഏഴാമതാണ് നോര്‍താംപ്ടണ്‍ഷെയര്‍.
Content highlight: Yuzvendra Chahal picks 6 wickets in County Championship