ടി-20യിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ. ടി-20 ഫോർമാറ്റിൽ 400 വിക്കറ്റുകൾ പൂർത്തിയാക്കിയാണ് ചഹൽ ചരിത്രത്തിന്റെ ഭാഗമായത്. കുട്ടി ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ചഹൽ.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനക്ക് വേണ്ടി തമിഴ്നാടിനെതിരെ മൂന്ന് വിക്കറ്റുകൾ നേടിയാണ് താരം ഈ ചരിത്ര നേട്ടത്തിലേക്ക് നടന്നുകയറിയത്. മത്സരത്തിൽ നാല് ഓവറിൽ വെറും 16 റൺസ് മാത്രം വിട്ടുനൽകിയാണ് ചഹൽ തിളങ്ങിയത്.
മത്സരത്തിൽ തമിഴ്നാടിനെ ഏഴ് വിക്കറ്റിനാണ് ഹരിയാന വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാടിനെ ചഹലിന്റെ നേതൃത്തിലുള്ള ബൗളിങ് നിര എറിഞ്ഞുവീഴ്ത്തിയപ്പോൾ വെറും 125 റൺസിൽ ഇന്നിങ്സ് അവസാനിച്ചു. മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസമായി ഹരിയാന ലക്ഷ്യം മറികടന്നു.
346 മത്സരങ്ങളിൽ നിന്നുമാണ് ചഹൽ 400 വിക്കറ്റുകൾ പൂർത്തിയാക്കിയത്. 12 തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ സ്പിന്നർ രണ്ട് ഫൈഫറും തന്റെ കരിയറിൽ നേടിയിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി 80 ടി-20 മത്സരങ്ങളിൽ നിന്നും 96 വിക്കറ്റുകളാണ് ചഹൽ വീഴ്ത്തിയത്. ഐ.പി.എല്ലിൽ 188 മത്സരങ്ങളിൽ നിന്നും 233 വിക്കറ്റുകളാണ് ചഹൽ നേടിയിട്ടുള്ളത്.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി 139 വിക്കറ്റുകൾ നേടിയ താരം രാജസ്ഥാൻ റോയൽസിനൊപ്പം 66 വിക്കറ്റുകളും സ്വന്തമാക്കി. പഞ്ചാബ് കിങ്സിനായി 28 തവണയാണ് താരം എതിരാളികളെ പുറത്താക്കിയത്. ആഭ്യന്തര ലീഗുകളിലും മറ്റുള്ള ടി-20 മത്സരങ്ങളിലുമായി 71 വിക്കറ്റുകളും ചഹൽ കൈപ്പിടിയിലാക്കിയിട്ടുണ്ട്.
യുസ്വേന്ദ്ര ചഹൽ – 400
ഭുവനേശ്വർ കുമാർ – 366
ജസ്പ്രീത് ബുംറ – 354
ആർ. അശ്വിൻ – 323
അക്സർ പട്ടേൽ – 300
Content Highlight: Yuzvendra Chahal become the first Indian player to complete 400 wickets in T20