ഇന്ത്യയുടെ സൂപ്പര്‍ താരം സഞ്ജു സാംസണിന് ഫൂട് വര്‍ക്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിര്‍ദേശം നല്‍കിയതിനെക്കുറിച്ച് മുന്‍ താരം യുവരാജ് സിങ് പറഞ്ഞ വാക്കുകളാണ് ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. 2024ലെ ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലായിരുന്നു. സഞ്ജു മോശം ഫോമിലൂടെ കടന്നുപോയ സമയത്ത് ഫൂട് വര്‍ക്കിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താന്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെന്ന് യുവരാജ് പറഞ്ഞു.
‘സഞ്ജു സാംസണിനെക്കുറിച്ച് പറയുകയാണെങ്കില്‍, 8-10 ഇന്നിങ്സുകളില്‍ പരാജയപ്പെട്ട് മോശം ഫോമിലൂടെയാണ് അദ്ദേഹം കടന്നുപോയിരുന്നത്. അത്തരം സമയത്താണ് ‘എന്തെങ്കിലും മാറ്റം വേണം’ എന്ന് ഒരു താരം തിരിച്ചറിയേണ്ടത്. ടീമിന്റെ പ്ലേയിങ് ഇലവനില്‍ പോലും സ്ഥാനം ഉറപ്പില്ലെന്ന തോന്നല്‍ സഞ്ജുവിന് ഉണ്ടായിരുന്ന ഘട്ടമായിരുന്നു അത്.
സൗത്ത് ആഫ്രിക്കയില്‍ അദ്ദേഹം രണ്ട് സെഞ്ച്വറികള്‍ നേടിയെങ്കിലും, ഞങ്ങള്‍ നടത്തിയ ആ സംഭാഷണം 2024ല്‍ ഇന്ത്യ ബാര്‍ബഡോസില്‍ ലോകകപ്പ് നേടിയ സമയത്തായിരുന്നു. ആ ലോകകപ്പില്‍ സഞ്ജു കളിച്ചിരുന്നില്ല. അതിന് മുമ്പുള്ള രണ്ടോ മൂന്നോ ഐ.പി.എല്‍ സീസണുകളിലായി അദ്ദേഹത്തിന്റെ ബാറ്റിങ് ഞാന്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. സമയം കിട്ടുമ്പോള്‍ സംസാരിക്കാമെന്ന് ഞാന്‍ സഞ്ജുവിനോട് പറഞ്ഞു.
സഞ്ജുവിനോട് എനിക്ക് പറയാനുണ്ടായിരുന്നത് ഒറ്റ കാര്യമായിരുന്നു. ‘നിന്റെ ഫൂട് വര്‍ക്ക് മെച്ചപ്പെടുത്തണം. അത് മെച്ചപ്പെടുത്താത്തപക്ഷം നീ സ്ഥിരമായി പ്രശ്‌നങ്ങളില്‍പ്പെടും. റണ്‍സ് നേടുന്നതും നേടാതിരിക്കുന്നതും വേറൊരു കാര്യമാണ്. പക്ഷേ ഫൂട്‌വര്‍ക്ക് മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്.’ അത് എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ചും ഞാന്‍ അദ്ദേഹത്തിന് ചില നിര്‍ദേശങ്ങള്‍ നല്‍കി,’ യുവരാജ് സിങ് പറഞ്ഞു.
ഫൂട് വര്‍ക്കിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചും മികച്ച ബാറ്റിങ് പ്രകടനം നടത്തിയുമായിരുന്നു പിന്നീട് സഞ്ജു സാംസണ്‍ എന്ന വെടിക്കെട്ട് ബാറ്റര്‍ കളത്തിലേക്ക് തിരിച്ചെത്തിയത്. 2026ലെ ലോകകപ്പില്‍ ഇന്ത്യയെ കിരീടമണിയിച്ചതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചത് സഞ്ജുവായിരുന്നു. ലോകകപ്പില്‍ മൊത്തം അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സ് നേടിയായിരുന്നു സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ അടക്കം വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയതായ സഞ്ജു തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സ്വന്തമാക്കിയത്.
അയര്‍ലാന്‍ഡിനോടും ഇംഗ്ലണ്ടിനോടുമുള്ള മത്സരത്തില്‍ നിറം മങ്ങിയത് കാരണമാക്കി സഞ്ജുവിന് അര്‍ഹിച്ച അവസരങ്ങള്‍ നല്‍കാത്തതില്‍ സെലക്ടര്‍മാര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ക്രിക്കറ്റ് സര്‍ക്കിളില്‍ നിന്നും ഉയരുന്നത്. സിംബാബ്‌വേ പര്യടത്തിലും സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താത്തതാണ് ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചായാകുന്നത്.
Content Highlight: Yuvraj Singh’s past remarks about Sanju Samson have once again become a topic of discussion