ഇന്ത്യന്‍ ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മയേയും വിരാട് കോഹ്‌ലിയെയും പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ്. രോഹിത്തും കോഹ്‌ലിയും രാജ്യത്തിനായി നല്‍കിയ സംഭാവനകളെ എല്ലാവരും ബഹുമാനിക്കണമെന്നാണ് യുവരാജ് പറഞ്ഞത്,
2027 ഐ.സി.സി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കോഹ്‌ലിയും രോഹിത്തും ഉണ്ടെങ്കില്‍ അത് സുരക്ഷിതമായൊരു തെരഞ്ഞെടുപ്പായിരിക്കുമെന്നും യുവരാജ് വ്യക്തമാക്കി. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഇന്ത്യക്കായി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരങ്ങളാണ്. അതിനാല്‍ രാജ്യത്തിനായി അവര്‍ നല്‍കിയ സംഭാവനകളെ എല്ലാവരും ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യണം. 2027 ലോകകപ്പ് ടീമില്‍ അവരെ ഉള്‍പ്പെടുത്തിയാല്‍ അത് സുരക്ഷിതമായ ഒരു തീരുമാനമായിരിക്കും. പക്ഷെ ടീമിന് ഉറച്ച പിന്തുണയും വിശ്വാസവും നല്‍കാതെ പോവുകയാണെങ്കില്‍ അവരുടെ കഴിവ് പൂര്‍ണമായി ഉപയോഗിക്കാന്‍ സാധിക്കില്ല. താരങ്ങള്‍ക്ക് നല്‍കുന്ന വിശ്വാസവും പിന്തുണയും ഏറ്റവും പ്രധാനമാണ്,’ യുവരാജ് സിങ് പറഞ്ഞു.
2027ല്‍ സൗത്ത് ആഫ്രിക്കയില്‍ വെച്ച് നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പരകളാണ് ഇനി രോഹിത്തിന്റെയും കോഹ്‌ലിയുടെയും മുന്നിലുള്ളത്. ടെസ്റ്റില്‍ നിന്നും ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇരുവരും ഏകദിനത്തില്‍ മാത്രമാണ് നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നത്.
അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു.
ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ നടന്ന അവസാന ഏകദിനത്തില്‍ രോഹിത് സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 110 പന്തില്‍ 17 ഫോറുകളും അഞ്ച് സിക്സുകളും അടക്കം 138 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ലോര്‍ഡ്സില്‍ നടന്ന ഏകദിന മത്സരത്തിന് മുന്നോടിയായി രോഹിത് ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന വാര്‍ത്തകള്‍ നിലനിന്നിരുന്നു. ഈ സമയത്താണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും സെഞ്ച്വറി പിറന്നതെന്നതും ശ്രദ്ധേയമാണ്.
വിരാട് ഈ പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറി നേടിയും തിളങ്ങി. രണ്ടാം ഏകദിനത്തില്‍ 65 റണ്‍സും അവസാന ഏകദിനത്തില്‍ 74 റണ്‍സുമാണ് താരം സ്വന്തമാക്കിയത്.
Content Highlight: Yuvraj Singh praise Rohit Sharma and Virat Kohli