2026 വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ചാമ്പ്യൻസിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ ചാമ്പ്യൻസ് വരവറിയിച്ചിരിക്കുകയാണ്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 46 റൺസിന്റെ വിജയമാണ് യുവരാജ് സിങ്ങിന്റെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഓസ്‌ട്രേലിയ 16.2 ഓവറിൽ 150 റൺസിൽ ഓൾ ഔട്ട് ആവുകയായിരുന്നു.
ക്യാപ്റ്റൻ യുവരാജ് സിങ്ങിന്റെ വെടിക്കെട്ട് ഇന്നിങ്സിന് കൂടിയാണ് ഷാർജ സ്റ്റേഡിയം സാക്ഷികളായത്. 44 പന്തിൽ നിന്ന് ആറ് സികസറും നാല് ഫോറും ഉൾപ്പെടെ 71 റൺസാണ് യുവി അടിച്ചുകൂട്ടിയത്. 161.36 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ഉണ്ടായിരുന്നു. മത്സരത്തിൽ നാലാമനായി ഇറങ്ങിയാണ് താരം മിന്നൽ പ്രകടനം നടത്തിയത്.
വിന്റേജ് യുവിയെയാണ് ആരാധകർ വീണ്ടും ക്രീസിൽ കണ്ടത്. ഓസ്‌ട്രേലിയക്കെതിരെ ഇതിന് മുമ്പും പല മത്സരങ്ങളിലും യുവരാജിന്റെ ബാറ്റ് പൊട്ടിത്തെറിച്ചിട്ടുണ്ട്. പല മേജർ ടൂർണമെന്റുകളിലും കങ്കാരുപ്പടയുടെ മുന്നിൽ യുവരാജ് വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യൻ സിക്സർ കിങ് അവതരിച്ചിട്ടുണ്ട്.
2011 ഏകദിന ലോകകപ്പ് ക്വാർട്ടർ ഫൈനൽ, 2007 ടി-20 ലോകകപ്പ് സെമി ഫൈനൽ, 2000 ചാമ്പ്യൻസ് ട്രോഫി ക്വാർട്ടർ ഫൈനൽ എന്നീ ടൂർണമെന്റുകളിൽ ഓസ്‌ട്രേലിയക്കെതിരെ യുവരാജ് നടത്തിയ പോരാട്ടങ്ങൾ ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസിൽ മായാതെ നിൽക്കുന്നുണ്ട്.
2000ത്തിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഓസ്‌ട്രേലിയക്കെതിരെയുള്ള ക്വാർട്ടർ ഫൈനലിലെ താരമായിരുന്നു യുവരാജ്. 12 ഫോറുകൾ ഉൾപ്പെടെ 80 പന്തിൽ 84 നേടിക്കൊണ്ടായിരുന്നു യുവരാജ് ഇന്ത്യയുടെ ഹീറോയയാതി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 265 റൺസ് പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയ 245 റൺസിന് പുറത്താവുകയായിരുന്നു.
2007 ടി-20 ലോകകപ്പിന്റെ സെമി ഫൈനലിലും യുവരാജ് കങ്കാരുപ്പടക്ക് മുകളിൽ വെടിക്കെട്ടുമായി അവതരിച്ചു. മത്സരത്തിൽ ഓസ്‌ട്രേക്കെതിരെ 30 പന്തിൽ 70 റൺസ് നേടിയായിരുന്നു യുവരാജ് തകർത്താടിയത്. അഞ്ച് വീതം ഫോറുകളും സിക്‌സുകളുമാണ് താരം നേടിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 188 റൺസായിരുന്നു നേടിയിരുന്നത്. വിജയലക്ഷം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടാനേ സാധിച്ചുള്ളൂ.
2011 ഏകദിന ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലും ഓസ്‌ട്രേലിയക്കെതിരെയുള്ള യുവരാജിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ സെമിയിലെത്തിച്ചത്. മത്സരത്തിൽ ഇന്ത്യക്കായി 65 പന്തിൽ പുറത്താവാതെ 57 റൺസ് നേടികൊണ്ടായിരുന്നു യുവരാജിന്റെ മിന്നും പ്രകടനം. ബൗളിങ്ങിൽ രണ്ട് വിക്കറ്റുകളും താരം നേടി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 260 റൺസ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റുകളും 14 പന്തുകളും ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു.
കാലം മാറിയാലും ഓസ്‌ട്രേലിയയാണ് എതിരാളിയെങ്കിൽ യുവരാജിലെ പോരാളി ഉണരുമെന്നത്തിന്റെ തെളിവ് കൂടിയാണ് ഓസ്‌ട്രേലിയൻ ലെജൻഡ്സിനെതിരെയുള്ള യുവിയുടെ പ്രകടനം.
അതേസമയം ഓസീസ് ചാമ്പ്യൻസിനെതിരെയുള്ള മത്സരത്തിൽ യുവരാജിന് പുറമേ 20 പന്തിൽ നാല് സികസറും ഒരു ഫോറും ഉൾപ്പെടെ 37 റൺസ് നേടിയ യൂസഫ് പത്താനാണ് ഇന്ത്യയുടെ സെക്കൻഡ് ടോപ് സ്‌കോറർ.
ഏഴാം നമ്പറിൽ ഇറങ്ങി മിന്നും പ്രകടനമാണ് ഋഷി ധവാനും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 12 പന്തിൽ നാല് സിക്‌സും ഒരു ഫോറും ഉൾപ്പെടെ 35 റൺസായിരുന്നു ഋഷി അടിച്ചെടുത്തത്. 291.67 എന്ന മിന്നൽ സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. ഓപ്പണർ നമൻ ഓജ 26 പന്തിൽ ഒരു സിക്‌സും മൂന്ന് ഫോറും ഉൾപ്പെടെ 31 റൺസ് നേടിയിരുന്നു.
ഓസ്‌ട്രേലിയക്ക് വേണ്ടി ബെൻ ഹിൽഫെൻഹൗസ്, ബെൻ ലാഫ്‌ളിങ്, ഫവാദ് അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ചാമ്പ്യൻസിന് വേണ്ടി ഓപ്പണർ ആർക്കി ഷോട്ടാണ് മികച്ച പ്രകടനം നടത്തിയത്. 28 പന്തിൽ നിന്ന് ഏഴ് സികസറുകളും നാല് ഫോറും ഉൾപ്പെടെ 65 റൺസാണ് താരം നേടിയത്. ജോ ബേൺസ് 32 പന്തിൽ നാല് സികസറുകൾ ഉൾപ്പെടെ 45 റൺസ് നേടി. മറ്റാർക്കും ടീമിന് വേണ്ടി ഉയർന്ന സ്‌കോർ കണ്ടെത്താൻ സാധിച്ചില്ല.
ഇന്ത്യക്കായി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ധവാൽ കുൽക്കർണിയാണ്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മോഹിത് ശർമ മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ പിയൂഷ് ചൗള രണ്ട് വിക്കറ്റും ഹർഭജൻ സിങ് ഒരു വിക്കറ്റും നേടി.
Content Highlight: Yuvraj Singh great performance against Australia