| Thursday, 26th September 2024, 5:24 pm

അവിടെയാണെങ്കില്‍ വിരാട് ഒരിക്കലും എന്റെ ടീമിലുണ്ടാകില്ല, പകരം... വമ്പന്‍ തെരഞ്ഞെടുപ്പുമായി യുവരാജ്

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ഫോര്‍മാറ്റിലെ തന്റെ ഏറ്റവും മികച്ച ബാറ്ററെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ ഇതിഹാസ താരം യുവരാജ് സിങ്. വിരാട് കോഹ്‌ലി, ജോ റൂട്ട്, ഇവരില്‍ നിന്നും വേള്‍ഡ് ടെസ്റ്റ് ഇലവനിലേക്ക് ആരെ തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ഉത്തരമായാണ് യുവരാജ് ഇക്കാര്യം പറഞ്ഞത്. ക്ലബ്ബ് പ്രയറി ഫയറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യുവി.

ഫോമിന്റെ അടിസ്ഥാനത്തില്‍ താന്‍ ഉറപ്പായും റൂട്ടിനെ തന്നെ ടീമിന്റെ ഭാഗമാക്കുമെന്നാണ് യുവരാജ് പറഞ്ഞത്. പക്ഷേ മത്സരം നടക്കുന്ന വേദിയും താന്‍ പരിഗണിക്കുമെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിന് പുറത്തുള്ള സ്റ്റേഡിയത്തിലാണെങ്കില്‍ താന്‍ വിരാട് കോഹ്‌ലിയെ തെരഞ്ഞെടുക്കുമെന്നും താരം വ്യക്തമാക്കി.

‘ഫോമിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇക്കാര്യം ചോദിക്കുന്നതെങ്കില്‍ ഞാന്‍ റൂട്ടിനെയാകും തെരഞ്ഞെടുക്കുക. പക്ഷേ മത്സരം എവിടെ വെച്ച് നടക്കുന്നു എന്ന കാര്യവും ഞാന്‍ പരിഗണിക്കും.

ഈ മാച്ച് നടക്കുന്നത് ഇംഗ്ലണ്ടിലാണെങ്കില്‍ ജോ റൂട്ടിനെ തന്നെയാകും ഇലവന്റെ ഭാഗമായി ഉള്‍പ്പെടുത്തുക. മറ്റെവിടെയാണെങ്കിലും ഞാന്‍ വിരാടിനൊപ്പമാണ്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ആര്‍ക്കും തടുക്കാനാകാത്ത കുതിപ്പാണ് ജോ റൂട്ട് നടത്തുന്നത്. എല്ലാ ടീമുകള്‍ക്കെതിരെയും റൂട്ട് റണ്‍സ് സ്‌കോര്‍ ചെയ്യുന്നുണ്ട്. അവന്‍ ടെസ്റ്റില്‍ വളരെ മികച്ചതാണ്, എന്നാല്‍ എല്ലാ ഫോര്‍മാറ്റുകളും പരിശോധിക്കുമ്പോള്‍ വിരാടാണ് മുമ്പില്‍,’ യുവരാജ് പറഞ്ഞു.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായ ആര്‍ക്കും തൊടാന്‍ സാധിക്കാത്ത ഫോമിലാണ് റൂട്ട് ടെസ്റ്റ് ഫോര്‍മാറ്റില്‍ ബാറ്റ് വീശുന്നത്. വിരാട് കോഹ്‌ലിയടക്കം ഫാബ് ഫോറിലെ മൂന്ന് പേരെയും മറികടന്നാണ് റൂട്ടിന്റെ കുതിപ്പ്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ 34 സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം കുതിക്കുന്നത്. ആക്ടീവ് ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറിയുടെ റെക്കോഡ് തന്റെ പേരിലാക്കിയാണ് റൂട്ട് കുതിക്കുന്നത്.

ഏറ്റവുധികം ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങള്‍ (ആക്ടീവ് ക്രിക്കറ്റര്‍മാര്‍)

(താരം – ടീം – മത്സരം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

ജോ റൂട്ട് – ഇംഗ്ലണ്ട് – 146 – 34

കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 102 – 32

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 109 – 32

വിരാട് കോഹ്‌ലി – ഇന്ത്യ – 114 – 29

ഇതിന് പുറമെ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് എന്ന സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ സാധ്യത കല്‍പിക്കുന്ന ഏക താരവും റൂട്ട് തന്നെയാണ്.

200 ടെസ്റ്റില്‍ നിന്നും 15.921 റണ്‍സുമായാണ് സച്ചിന്‍ ടെസ്റ്റിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 51 സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും അടങ്ങുന്നതാണ് സച്ചിന്റെ മഹോജ്ജ്വലമായ ടെസ്റ്റ് കരിയര്‍.

മറുവശത്ത് 33കാരനായ റൂട്ടാകട്ടെ 146 മത്സരത്തില്‍ നിന്നും 34 സെഞ്ച്വറിയുടെയും 64 അര്‍ധ സെഞ്ച്വറിയുടെയും അകമ്പടിയോടെ 12402 റണ്‍സാണ് അടിച്ചുകൂട്ടിയത്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനക്കാരനാണ് നിലവില്‍ റൂട്ട്.

3519 റണ്‍സാണ് സച്ചിനെയും റൂട്ടിനെയും തമ്മില്‍ വേര്‍തിരിക്കുന്നത്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ റൂട്ടിന് എത്തിപ്പിടിക്കാന്‍ സാധിക്കാത്ത നേട്ടമല്ല ഇത്.

എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അത്രകണ്ട് മികച്ച പ്രകടനമല്ല വിരാടിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ മത്സരത്തിലും താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ ആറ് പന്തില്‍ ആറ് റണ്‍സ് നേടിയ വിരാട് രണ്ടാം ഇന്നിങ്‌സില്‍ 37 പന്ത് നേരിട്ട് 17 റണ്‍സിനും പുറത്തായി.

കാണ്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ വിരാട് ഫോം വീണ്ടെടുക്കുമെന്നും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Yuvraj Singh about Joe root and Virat Kohli

Latest Stories

We use cookies to give you the best possible experience. Learn more