| Tuesday, 17th February 2026, 5:05 pm

ലോക ചരിത്രം തിരുത്തിയ അതേ ദിവസം തന്നെ നിര്‍ഭാഗ്യവും; ഇങ്ങനെയൊന്ന് ടി - 20 ചരിത്രത്തില്‍ രണ്ടാമത്തേത് മാത്രം!

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് കാനഡ പരാജയപ്പെട്ടിരുന്നു. എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് ടീം വഴങ്ങിയത്. ഓപ്പണര്‍ യുവരാജ് സമ്ര സെഞ്ച്വറിയടിച്ചിട്ടും കാനഡ കിവീസിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു.

മത്സരത്തില്‍ സമ്ര 65 പന്തില്‍ 110 റണ്‍സാണ് എടുത്തത്. താരത്തിന്റെ ബാറ്റിങ്ങില്‍ നിന്ന് പിറന്നത് ആറ് സിക്‌സുകളും 11 ഫോറുകളുമാണ്. 169.23 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റേന്തിയത്. കിവീസിന് മുമ്പില്‍ കാനഡ പരാജയപ്പെട്ടതോടെ താരത്തിന്റെ സെഞ്ച്വറി പാഴായി.

യുവരാജ് സമ്ര.  Photo: ICC/x.com

ഇതോടെ ഐ.സി.സി. ലോകകപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയന്‍ എന്ന നേട്ടം കുറിക്കാനും സമ്രയ്ക്ക് സാധിച്ചു. പക്ഷേ, അതേ ദിവസം തന്നെ ഒരു നിര്‍ഭാഗ്യത്തിന്റെ ലിസ്റ്റിലും താരം പേര് ചേര്‍ത്തുവെച്ചു. ടി – 20 ലോകകപ്പില്‍ ഇത് രണ്ടാം തവണ മാത്രമാണ് സെഞ്ച്വറി നേടിയ താരങ്ങളുടെ ടീമുകള്‍ പരാജയപ്പെട്ടത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലാണ് ഇങ്ങനെ പരാജയപ്പെട്ട ആദ്യ സെഞ്ചൂറിയന്‍.

ടി – 20 ലോകകപ്പിന്റെ ഉദ്ഘാടന എഡിഷനായ 2007ലായിരുന്നു ഇത്. അന്ന് സൗത്ത് ആഫ്രിക്കക്ക് എതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി ഗെയ്ല്‍ 57 പന്തില്‍ 117 റണ്‍സാണ് എടുത്തത്. മത്സരത്തില്‍ കരീബിയന്‍ പട നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 205 റണ്‍സുമെടുത്തു.

ഇത് പിന്തുടര്‍ന്ന പ്രോട്ടിയാസ് 14 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയിക്കുകയായിരുന്നു. 208 റണ്‍സ് അടിച്ചെടുത്തതായിരുന്നു ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയത്.

2007 ലോകകപ്പിൽ സൗത്ത് ആഫ്രിക്കക്ക് എതിരെ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്ൽ.  Photo: https://www.espncricinfo.com

അതിന് ശേഷം 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സെഞ്ച്വറി നേടിയ മറ്റൊരു താരത്തിന്റെ ടീം ലോകകപ്പില്‍ പരാജയപ്പെടുന്നത്. ആ നിര്‍ഭാഗ്യത്തില്‍ പേര് എഴുതി ചേര്‍ത്തതാകട്ടെ സമ്രയെന്ന യുവതാരവും.

ഈ രണ്ട് മത്സരങ്ങളും തമ്മില്‍ ഒരു സാമ്യതയുണ്ട്. അത് വിജയിച്ച ടീമിന്റെ മാര്‍ജിനിലാണ്. അന്ന് സൗത്ത് ആഫ്രിക്കയും ഇന്ന് കിവീസും ജയിച്ചത് എട്ട് വിക്കറ്റിനായിരുന്നു.

Content Highlight: Yuvraj Samran and Chris Gayle are only centurions who ended in losing side in T2o World Cup

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more