| Sunday, 18th October 2026, 1:42 pm

117 പന്തില്‍ 105, യുവരാജിന് കരിയറിലെ 'ആദ്യ' സെഞ്ച്വറി; നേപ്പാളിന് തോല്‍വി

ആദർശ് എം.കെ.

ഏകദിന ഫോര്‍മാറ്റില്‍ കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയുമായി കനേഡിയന്‍ താരം യുവരാജ് സാംര. ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ലീഗ് 2ല്‍ നേപ്പാളിനെതിരെയാണ് താരം സെഞ്ച്വറി നേടിയത്.

ഒമാനില്‍ നടന്ന മത്സരത്തില്‍ 117 പന്ത് നേരിട്ട് 105 റണ്‍സാണ് താരം സ്വന്തമാക്കിയത്. 11 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു കനേഡിയന്‍ ഓപ്പണറുടെ ഇന്നിങ്‌സ്.

മത്സരത്തില്‍ സാംരയുടെ കരുത്തില്‍ കാനഡ വിജയിക്കുകയും ചെയ്തിരുന്നു. 24 റണ്‍സിനായിരന്നു മേപ്പിള്‍ ലീഫ്‌സിന്റെ വിജയം. കാനഡ ഉയര്‍ത്തിയ 257 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നേപ്പാള്‍ 46 ഓവറില്‍ 232ന് പുറത്തായി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കാനഡയ്ക്കായി യുവരാജ് സമാരയ്ക്ക് പുറമെ ആരോണ്‍ ജോണ്‍സണ്‍ (53 പന്തില്‍ 36), ഹര്‍ഷ് താക്കെര്‍ (57 പന്തില്‍ 34), ക്യാപ്റ്റന്‍ ഹംസ താരിഖ് (26 പന്തില്‍ 36) എന്നിവരും മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു.

ഒടുവില്‍ ഇന്നിങ്‌സിലെ അവസാന പന്തില്‍ അവസാന വിക്കറ്റും നഷ്ടപ്പെട്ട കാനഡ 256ല്‍ പോരാട്ടം അവസാനിപ്പിച്ചു.

നേപ്പാളിനായി ലളിത് രാജ്ബന്‍ഷി നാല് വിക്കറ്റും ക്യാപ്റ്റന്‍ സന്ദീപ് ലാമിഷാന്‍ മൂന്നും ദീപേന്ദ്ര സിങ് ഐറി രണ്ട് വിക്കറ്റും സ്വന്തമാക്കി. രോഹിത് പൗഡലാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ ഓപ്പണര്‍ അര്‍ജുന്‍ കുമാലിന്റെ (112 പന്തില്‍ 87) ഇന്നിങ്‌സിന്റെ കരുത്തില്‍ പ്രത്യാക്രമണം നടത്തിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കനേഡിയന്‍ ബൗളര്‍മാര്‍ മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ അനുവദിച്ചില്ല.

ദീപേന്ദ്ര സിങ് ഐറി (32 പന്തില്‍ 27), ഗുല്‍സന്‍ ഝാ (19 പന്തില്‍ 21), ഇഷാന്‍ പാണ്ഡേ (21 പന്തില്‍ 20), ആസീഫ് ഷെയ്ഖ് (21 പന്തില്‍ 20) എന്നിവര്‍ ചെറിയ സംഭാവനകള്‍ നല്‍കിയെങ്കിലും വിജയത്തിലെത്താന്‍ അതൊന്നും മതിയാകാതെ വരികയായിരുന്നു.

ഒടുവില്‍ 46 ഓവറില്‍ നേപ്പാള്‍ 232ന് പുറത്തായി.

കാനഡയ്ക്കായി സുഖീന്ദര്‍ സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ശീല്‍ പട്ടേല്‍, കലീം സന എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സാഹിദ് ഷിര്‍സാദ് ഓരു വിക്കറ്റും സ്വന്തമാക്കി.

Content highlight: Yuvraj Samra scored maiden ODI century, Canada defeated Nepal

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more