| Friday, 6th November 2026, 1:51 pm

യഥാര്‍ത്ഥ ഇതിഹാസം, എക്കാലത്തെയും മികച്ച താരം; റൊണാള്‍ഡോയെ പ്രശംസിച്ച് യുവരാജ് സിങ്

ശ്രീരാഗ് പാറക്കല്‍

ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 23 വര്‍ഷം നീണ്ട സ്വപ്നതുല്യമായ കരിയറാണ് റൊണാള്‍ഡോ അവസാനിപ്പിക്കുന്നത്.

ഇപ്പോള്‍ റൊണാള്‍ഡോയ്ക്ക് ആശംസ അറിയിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിങ്. ഓരോ പ്രതിസന്ധിയിലും തിരിച്ചടിയിലും ഉയര്‍ങ്ങള്‍ കീഴടക്കാന്‍ കഴിഞ്ഞ താരമാണ് റൊണാള്‍ഡോ എന്ന് യുവി പറഞ്ഞു.

റെക്കോഡുകളും ട്രോഫികളും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും നേടിയതിന്റെ പിന്നിലെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചും യുവി ചൂണ്ടിക്കാട്ടി. മാത്രമല്ല ഫുട്‌ബോള്‍ ലോകത്തെ യഥാര്‍ത്ഥ ഇതിഹാസവും എക്കാലത്തെയും മികച്ച താരവും ക്രിസ്റ്റിയാനോയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മദെയ്റയിലെ സ്വപ്നങ്ങളുമായി നടന്ന ഒരു കൊച്ചുബാലനില്‍ നിന്ന് ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായി മാറിയ നിങ്ങളുടെ യാത്ര, വലിയ ലക്ഷ്യങ്ങള്‍, അച്ചടക്കം, വിശ്വാസം എന്നിവയുടെ ഉത്തമപാഠമാണ്.

ഓരോ പ്രതിസന്ധിയിലും തിരിച്ചടികളിലും നേട്ടങ്ങളിലും നിങ്ങള്‍ സ്വയം കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരുന്നു. മഹത്വത്തിന് പിന്നാലെ ഓടുക മാത്രമല്ല, അതിനായി കഠിനാധ്വാനം ചെയ്യുകയും ത്യാഗങ്ങള്‍ സഹിക്കുകയും അസാധ്യമായതിന്റെ അതിരുകള്‍ പുനര്‍നിര്‍വചിക്കുകയും ചെയ്തു. റെക്കോഡുകളും ട്രോഫികളും അഞ്ച് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും ഒരു കഥയാണ് പറയുന്നത്. എന്നാല്‍ അവയ്ക്ക് പിന്നിലെ നിശ്ചയദാര്‍ഢ്യം മറ്റൊരു കഥയാണ് പറയുന്നത്.

വലിയ സ്വപ്നങ്ങള്‍ കാണാനുള്ള ധൈര്യത്തിന്റെയും മുന്നോട്ടുപോകാനുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെയും ഒരിക്കലും തൃപ്തിപ്പെടാതെ മുന്നേറാനുള്ള ആത്മവിശ്വാസത്തിന്റെയും തെളിവാണ് നിങ്ങളുടെ കരിയര്‍. അസാധാരണമായ രാജ്യാന്തര കരിയറിന് അഭിനന്ദനങ്ങള്‍, ക്രിസ്റ്റ്യാനോ. ഇനി വരാനിരിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ആശംസകള്‍. യഥാര്‍ത്ഥ ഇതിഹാസം. എക്കാലത്തെയും മികച്ച താരം. തലമുറകള്‍ക്ക് പ്രചോദനം,’ യുവരാജ് തന്റെ ഇന്‍സ്റ്റ്ഗാമില്‍ എഴുതി.

ദേശീയ ടീമും റോണോയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നില നില്‍ക്കുമ്പോഴാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. പോര്‍ച്ചുഗലിനായി 234 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 146 ഗോളുകള്‍ നേടി റെക്കോഡിട്ട താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായാണ് റൊണാള്‍ഡോ കരിയര്‍ അവസാനിപ്പിക്കുന്നത്.

Content Highlight: Yuvaraj Singh Praises Cristiano Ronaldo

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more