| Wednesday, 22nd July 2026, 8:36 pm

വിദ്യാര്‍ത്ഥികളെ പിന്തുച്ചതിന് ടൊവിനോക്കെതിരെ യുവമോര്‍ച്ച; വീടിന് മുന്നില്‍ പ്ലക്കാഡുമായി യുവമോര്‍ച്ചക്കാര്‍

റെന്വര്‍ പി

തൃശൂര്‍: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സമരത്തിന് നേര്‍ക്കുണ്ടായ അടിച്ചമര്‍ത്തലുകളില്‍ പ്രതിഷേധമറിയിച്ച നടന്‍ ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം.

ടൊവിനോയുടെ ഇരിങ്ങാലക്കുടയിലെ വസതിക്ക് മുന്നിലായിരുന്നു പ്രതിഷേധം. വായമൂടിക്കെട്ടിയാണ് യുവമോര്‍ച്ചക്കാര്‍ പ്രതിഷേധിക്കാനെത്തിയത്. പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആറ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്ലക്കാഡുമായി നില്‍ക്കുന്നതായി വീഡിയോയില്‍ കാണാം.

ഇന്നലെ (ജൂലൈ 21, ചൊവ്വ) ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുള്ള പൊലീസ് അതിക്രമത്തെ അപലപിച്ചത്. ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താന്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

‘ശരിയും തെറ്റും ആപേക്ഷികമായിരിക്കും. പക്ഷേ ഇതല്ല ഒരു സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗം,’ എന്നാണ് പൊലീസ് അതിക്രമത്തെക്കുറിച്ച് ടൊവിനോ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്.

യുവാക്കളെ അടിച്ചമര്‍ത്തുന്നവര്‍ ഭാവിയെ തന്നെയാണ് അടിച്ചമര്‍ത്തുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോര്‍ന്നുപോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

‘ഒരു രാജ്യത്തിന്റെ ഭാവി തലമുറ ശബ്ദമുയര്‍ത്തുമ്പോള്‍, അവരുടെ ശബ്ദത്തിന് നേര്‍ക്ക് അടിച്ചമര്‍ത്തലിന്റെ ശക്തി പ്രയോഗിക്കുമ്പോള്‍ അത് ഭാവിയെ തന്നെയാണ് അടിച്ചമര്‍ത്തുന്നത്. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോര്‍ന്നുപോകുന്നത്,’ ടൊവിനോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

ഈ രീതിയില്‍ കൈാര്യം ചെയ്യപ്പെടാന്‍ വേണ്ടി അവര്‍ എന്താണ് ചെയ്തതെന്നും ടൊവിനോ ചോദിച്ചു. ‘ഈ വിദ്യാര്‍ത്ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്. അവര്‍ പൊതുമുതല്‍ വല്ലതും നശിപ്പിച്ചോ. അവര്‍ എന്തെങ്കിലും അതിക്രമം നടത്തിയോ? ഈ രീതിയില്‍ കൈാര്യം ചെയ്യപ്പെടാന്‍ വേണ്ടി അവര്‍ എന്താണ് ചെയ്തത്,’ ടൊവിനോയുടെ കുറിപ്പില്‍ പറയുന്നു.

വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല. യഥാര്‍ത്ഥത്തില്‍ അത് ജനാധിപത്യത്തിന്റെ അടിത്തറകളിലൊന്നാണ്. നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തും, ന്യായമായ ഒരു ആവശ്യത്തിനായി, സമാധാനപരമായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും എന്റെ ഹൃദയം നിറഞ്ഞ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുവെന്നും ടൊവിനോ വ്യക്തമാക്കി.

‘എന്റെ ദേശീയ ബോധത്തെ ചോദ്യം ചെയ്യാന്‍ വരുന്നവരോട്, നിങ്ങളെക്കാള്‍ നന്നായി എനിക്ക് എന്നെ അറിയാം. ഇത് രാഷ്ട്രീയത്തിനും മതങ്ങള്‍ക്ക് മറ്റ് എല്ലാ തരം വേര്‍തിരിവുകള്‍ക്കും എതിരാണ്.

എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. എന്റെ വിശ്വാസം സമാധാനമാണ്,’ എന്നും ടൊവിനോയുടെ കുറിപ്പില്‍ പറയുന്നു.

Content Highlight: Yuvamorcha Protest In front of Tovino’s Home

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more