തൃശൂർ: പരിക്കേറ്റ തൃശൂര്‍ നാട്ടിക എം.എല്‍.എ സി.സി മുകുന്ദൻ നേരിടുന്ന ജപ്തി ഭീഷണിയിൽ സഹായവുമായി എം.എ യൂസഫ് അലി. യൂസഫ് അലിയുടെ പ്രൈവറ്റ് അസിസ്റ്റൻ്റ് വിളിച്ച് സാമ്പത്തിക കാര്യങ്ങൾ സംസാരിച്ചതായി ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തു.
‘പ്രൈവറ്റ് സെക്രട്ടറി വിളിച്ചിരുന്നു. യൂസഫ് അലിയുമായി സംസാരിക്കാൻ ഏർപ്പാട് ചെയ്യാമെന്ന് പി. എ പറഞ്ഞു. പക്ഷെ, നമ്മൾ നമ്മുടേതായ രീതിയിൽ രോഗം മാറ്റാനാണ് ഉദ്ദേശിക്കുന്നത്’ സി.സി മുകുന്ദൻ പറഞ്ഞു.
അതേസമയം മുകുന്ദനെ പാർട്ടി കൈവിടില്ലെന്നും സംരക്ഷണം ഒരുക്കുമെന്നും സി.പി.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ പറഞ്ഞു.
‘മുകുന്ദൻ്റെ കാര്യം അറിഞ്ഞ് ചെന്നിരുന്നെന്നും പാർട്ടിക്കകത്ത് കൂടിയാലോചിച്ച് അദ്ദേഹത്തിൻ്റെ കടബാധ്യത ഉൾപ്പെടെ ആവശ്യമായ സംരക്ഷണം സഹായവും നൽകുമെന്ന് ഇന്നലെ അദ്ദേഹത്തോട് പറഞ്ഞിരുന്നു,’ കെ.ജി. ശിവാനന്ദൻ പറയുന്നു.
റവന്യൂമന്ത്രി കെ. രാജന്‍. മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍, സി.പി.ഐ ജില്ലാസെക്രട്ടറി കെ.ജി ശിവാനന്ദന്‍ എന്നിവരാണ് സി.സി മുകുന്ദനെ സന്ദർശിച്ചത്.
വീടിന്‌റെ ശോചനീയാവസ്ഥ കണ്ട കെ. രാജൻ മുകുന്ദന് എല്ലാവിധ സഹായവും ചെയ്തുകൊടുക്കുമെന്ന് പറഞ്ഞിരുന്നു.
കാരമുക്ക് സഹകരണ ബാങ്കില്‍ നിന്നും സി.സി മുകുന്ദൻ ആറ് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 10 കൊല്ലം മുമ്പ് എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് വീട് ജപ്തി ഭീഷണിയിലായത്.
വീട്ടിനുള്ളിൽ തെന്നിവീണാണ് എം.എൽ.എയ്ക്ക് പരിക്കേറ്റത്. വലതുകാലിന് ഗുരുതരമായി പരിക്കേറ്റ എം.എൽ.എ നിലവിൽ വിശ്രമത്തിലാണ്. അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് തിരിച്ചുവരുമ്പോഴായിരുന്നു സംഭവം.
അതേസമയം സി.സി മുകുന്ദൻ പാർട്ടിയുമായി സ്വരച്ചേർച്ചയിൽ അല്ല. നേരത്തേ നടന്ന തൃശൂർ ജില്ലാ സമ്മേളനത്തിൽ നിന്നും അദ്ദേഹം ഇറങ്ങിപ്പോയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
Content Highlight: Yusuff Ali comes to the help Nattika MLA C.C. Mukundan