| Tuesday, 10th April 2018, 10:36 am

'എന്തുവാടെ ഇത് വെടിയുണ്ടയോ?'; ഉനദ്കടിനെ പുറത്താക്കിയ യൂസഫ് പത്താന്റെ 'ബുള്ളറ്റ് ത്രോ' കാണാം

സ്പോര്‍ട്സ് ഡെസ്‌ക്

ഹൈദരാബാദ്: ഐ.പി.എല്‍ പതിനൊന്നാം സീസണിലെ നാലാമത്തെ മത്സരമായിരുന്നു ഇന്നലെ ഹൈദരാബാദില്‍ നടന്നത്. മുന്‍ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പതുവിക്കറ്റിനായിരുന്നു മത്സരത്തില്‍ പരാജയപ്പെടുത്തിയത്. മലയാളിതാരം സഞ്ജു സാംസണ്‍ ഒഴികെയുള്ള രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ മികവിലേക്ക് ഉയരാതിരുന്നതാണ് റോയല്‍സിനെ തോല്‍വിയിലേക്ക് നയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 25 പന്തുകള്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടക്കുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടി പുറത്താകെ നിന്ന ശിഖര്‍ ധവാന്റെ (57 പന്തില്‍ 77 റണ്‍സ്) ബാറ്റിങ്ങാണ് ഹൈദരാബാദിന് അനായാസ ജയം സമ്മാനിച്ചത്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്. 15.5 ഓവറിലാണ് ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നത്.

നായകന്‍ കെയിന്‍ വില്യംസണിനൊപ്പം 121 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ധവാന്‍ ടീമിനെ വിജയത്തിലെത്തിച്ചത്. 35 പന്തുകള്‍ നേരിട്ട വില്യംസണ്‍ 36 റണ്‍സെടുത്ത് പുറത്താകെ നിന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ മികച്ച ബൗളിങ്ങ് പ്രകടനത്തിലൂടെയാണ് ഹൈദരാബാദ് 126 റണ്‍സില്‍ പിടിച്ചുനിര്‍ത്തിയത്.

രാജസ്ഥാന്‍ നിരയില്‍ ഒരു റണ്‍സ് അകലെ അര്‍ധസെഞ്ച്വറി നഷ്ടമായ സഞ്ജു മാത്രമായിരുന്നു തിളങ്ങിയത്. 42 പന്തുകള്‍ നേരിട്ടാണ് സഞ്ജു 49 റണ്‍സ് അടിച്ചെടുത്തത്. സഞ്ജുവിന് പുറമേ ക്യാപ്റ്റന്‍ രഹാനെ (13 പന്തില്‍ 13 റണ്‍സ്), ത്രിപാദി (15 പന്തില്‍ 17 റണ്‍സ്), ഗോപാല്‍ (18 പന്തില്‍ 18 റണ്‍സ്) എന്നിവര്‍ക്ക് മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കടക്കാനായുള്ളു.

മത്സരത്തില്‍ ഹൈദരാബാദിന്റെ ഫീല്‍ഡിങ്ങും രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍ മാരുടെ പരാജയത്തിനു കാരണമായിരുന്നു. ഇതില്‍ ജയദേവ് ഉനദ്കടിനെ പുറത്താക്കിയ ഇന്ത്യന്‍ താരം യൂസഫ് പത്താന്റെ സൂപ്പര്‍ ത്രോ ആരാധകരുടെ മനം കവരുന്നതായിരുന്നു. രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറിലായിരുന്നു സംഭവം.

ആദ്യ ബോള്‍ നേരിട്ട ഉനദ്കട് ഓഫ്‌സൈഡിലേക്ക് അടിച്ച പന്തില്‍ രണ്ടു റണ്‍സിനായി ഓടുകയായിരുന്നു. എന്നാല്‍ ബൗണ്ടറി ലൈനരികില്‍ നിന്ന് പന്ത് കൈപ്പിടിയിലൊതുക്കിയ യൂസഫ് പത്താന്‍ “ബുള്ളറ്റ് ത്രോ” യിലൂടെ ബാറ്റ്‌സ്മാന്‍ മടങ്ങിയെത്തുന്നതിനുമുന്നേ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിക്കുകയായിരുന്നു. പന്ത് കൈപ്പിടിയിലൊതുക്കിയ വൃദ്ധിമാന്‍ സാഹ ബാറ്റ്‌സ്മാനു അവസരം നല്‍കാതെ സ്റ്റംപ് തെറിപ്പിക്കുകയും ചെയ്തു.

വീഡിയോ കാണം:

We use cookies to give you the best possible experience. Learn more