തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മെത്രാപ്പോലീത്തയുടെ പരിഹാസം.
തൃശൂരുകാര്‍ ചേര്‍ന്ന് തെരഞ്ഞെടുത്ത് ദല്‍ഹിയിലേക്ക് അയച്ച ഒരു നടനെ കാണാനില്ലെന്നാണ് അദ്ദേഹം കുറിച്ചത്. ‘ഞങ്ങള്‍ തൃശൂരുകാര്‍ തെരഞ്ഞെടുത്ത് ദല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസില്‍ അറിയിക്കണമോ എന്നാശങ്ക!,’ മെത്രാപ്പോലീത്തയുടെ പോസ്റ്റ്.
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തതിലും ഒഡീഷയില്‍ മലയാളികളായ കന്യാസ്ത്രീകളെയും വൈദികരെയും ആക്രമിച്ച സംഭവത്തിലും പ്രതികരിക്കുന്നതില്‍ സുരേഷ് ഗോപി പൂര്‍ണമായും പരാജയപ്പെട്ടതോടെയാണ് മെത്രാപ്പോലീത്ത രംഗത്തെത്തിയത്.
ഇരുസംസ്ഥാനങ്ങളിലുമായി മലയാളികള്‍ നേരിട്ട അതിക്രമത്തിന് പിന്നില്‍ തീവ്രഹിന്ദുത്വ സംഘടനകളായ ബജ്‌രംഗ്ദളായിരുന്നു. ജൂലൈ 25നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മലയാളികളായ കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജ്യോതി ശര്‍മ എന്ന വനിതാ നേതാവ് ഉള്‍പ്പെടെയുള്ള ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ക്കെതിരെ മതപരിവര്‍ത്തന കുറ്റം ആരോപിച്ച് രംഗത്തെത്തിയത്.
തുടര്‍ന്ന് ബജ്‌രംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ഛത്തീസ്ഗഡിലെ നിയമമനുസരിച്ച് ജാമ്യം ലഭിക്കാത്ത കുറ്റകൃത്യങ്ങളാണ്.
ഇതിനെ മുന്‍നിര്‍ത്തി ദുര്‍ഗിലെ മജിസ്ട്രേറ്റ് കോടതിയും സെഷന്‍ കോടതിയും മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. പിന്നീട് കര്‍ശനമായ ഉപാധികളോടെ ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ഇതിനുപിന്നാലെയാണ് ഒഡീഷയിലെ സംഭവം. ബുധനാഴചയാണ് മലയാളികളായ കന്യാസ്ത്രീകളും വൈദികരും ഒഡീഷയില്‍ ആക്രമിക്കപ്പെട്ടത്. ഓഗസ്റ്റ് ആറിന് ഒമ്പത് മണിയോടെയാണ് മലയാളി കന്യാസ്തീകള്‍ക്കും വൈദികര്‍ക്കും നേരെ ആക്രമണമുണ്ടായത്.
ഒരു ക്രിസ്ത്യന്‍ മതവിശ്വാസിയുടെ രണ്ടാമത്തെ ചരമവാര്‍ഷികത്തിനായാണ് ജലേശ്വറിലെ ഗംഗാധര്‍ ഗ്രാമത്തിലെത്തിയതെന്നാണ് വൈദികര്‍ പറയുന്നത്. വീട്ടില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം മടങ്ങിപ്പോകുന്നതിനിടെ 70 അംഗ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ സംഘം ഇവരെ മര്‍ദിക്കുകയായിരുന്നു.
ആക്രമണത്തില്‍ വൈദികരായ ഫാദര്‍ നരിപ്പേല്‍, ജോജോ എന്നിവര്‍ക്ക് ഗുരുതമായി പരിക്കേറ്റിരുന്നു.സംഭവത്തില്‍ വൈദികര്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ മുഖത്തടിച്ചതായും കന്യാസ്ത്രീകളെ അസംഭ്യം പറഞ്ഞതായും വൈദികര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വൈദികരെ മര്‍ദിച്ചതില്‍ നടപടി ആവശ്യപ്പെട്ട് സി.ബി.സി.ഐയും രംഗത്തെത്തിയിരുന്നു.
Content Highlight: Yuhanon Mar Meletius mocks Suresh Gopi