| Friday, 23rd October 2026, 5:44 pm

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ എന്‍.ഡി.എ തടയുന്നു: പുതിയ തെളിവുകളുമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജഗന്‍മോഹന്‍ റെഡ്ഡി

ദേവിക ജയചന്ദ്രന്‍

തഡേപ്പള്ളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും നാമനിര്‍ദേശ പത്രികകള്‍ തള്ളിയും മത്സരിക്കുന്നതില്‍ നിന്ന് തടയുകയാണെന്ന് ആവര്‍ത്തിച്ച് മുന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി. പുതിയ തെളിവുകളുമായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് റെഡ്ഡി വെള്ളിയാഴ്ച പറഞ്ഞു.

തഡേപ്പള്ളിയിലെ പാര്‍ട്ടി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ , വൈ.എസ്.ആര്‍.സി.പി സ്ഥാനാര്‍ഥികളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് തടയുന്നുവെന്ന പരാതികളില്‍ സുപ്രീം കോടതി ഇടപെട്ടിട്ടും സ്ഥിതിഗതികളില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് ജഗന്‍ പറഞ്ഞു. കോടതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും അക്ഷരാര്‍ഥത്തിലും അന്തസത്തയിലും നടപ്പാക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് മത്സരിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത, ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന ‘ഏകാധിപതിയുടെ ഭരണമാണ്’ ടി.ഡി.പി. നയിക്കുന്ന എന്‍.ഡി.എ സഖ്യത്തിന്റേതെന്ന് ജഗന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് സ്വന്തം സ്വത്തുപോലും നഷ്ടപ്പെടാന്‍ ഇടയാക്കുന്ന സാഹചര്യമുണ്ടാകുമെന്ന് അദ്ദേഹം വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും ജഗന്‍ പറഞ്ഞു.

ചില മുനിസിപ്പാലിറ്റികളില്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ചത്, ബാധിത നഗര തദ്ദേശ സ്ഥാപനങ്ങളിലുടനീളം സ്ഥാനാര്‍ഥികള്‍ നേരിട്ടതായി ആരോപിക്കുന്ന തടസങ്ങള്‍ക്ക് മതിയായ പരിഹാരമായില്ലെന്ന് ജഗന്‍ പറഞ്ഞു.

32 വാര്‍ഡുകളുള്ള രാജംപേട്ട മുനിസിപ്പാലിറ്റിയില്‍ പാര്‍ട്ടിയ്ക്ക് തുടക്കത്തില്‍ 3 വാര്‍ഡുകളില്‍ മാത്രമാണ് പത്രിക സമര്‍പ്പിക്കാന്‍ സാധിച്ചതെന്നും വീണ്ടും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ അവസരം കിട്ടിയപ്പോള്‍ പതിനൊന്ന് ഇടത്ത് കൂടി മാത്രമേ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചുള്ളൂ എന്നും മുന്‍മുഖ്യമന്ത്രി പറഞ്ഞു.

ചില സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ നാമനിര്‍ദേശ പത്രികകള്‍ കീറുകയോ ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്, നാല് തദ്ദേശ സ്ഥാപനങ്ങളിലെയും നാമനിര്‍ദേശ നടപടികള്‍ ഒക്ടോബര്‍ 24 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒക്ടോബര്‍ 22ന് അറിയിച്ചിരുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍നിന്ന് സ്ഥാനാര്‍ഥികളെ തടഞ്ഞതായി പരാതിയുള്ള എല്ലാ മണ്ഡലങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് ജഗന്‍ ചോദിച്ചു. തെരഞ്ഞെടുത്ത ചില മേഖലകളില്‍ മാത്രം ആശ്വാസം നല്‍കുന്നത് വലിയൊരു വിഭാഗം സ്ഥാനാര്‍ഥികള്‍ക്ക് മത്സരിക്കാനാകാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 21ന് വൈ.എസ്.ആര്‍.സി.പി പുറത്തുവിട്ട ഒരു പ്രസ്താവനയില്‍, തെരഞ്ഞെടുപ്പ് ഓഫീസുകള്‍ക്കുള്ളില്‍ തന്നെ ടി.ഡി.പി. പ്രവര്‍ത്തകര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ ആക്രമിക്കുകയും നാമനിര്‍ദേശ പത്രികകള്‍ കീറുകയും ചെയ്തതായി പറഞ്ഞിരുന്നു. സുപ്രീം കോടതി നിര്‍ദേശങ്ങള്‍ വന്നിട്ടും എം.പി.ടി.സി., ഇസഡ്.പി.ടി.സി. തെരഞ്ഞെടുപ്പുകളിലേക്കുള്ള നാമനിര്‍ദേശ നടപടികള്‍ക്കിടെ അക്രമം തുടര്‍ന്നുവെന്നാണ് പാര്‍ട്ടിയുടെ വാദം.

ടി.ഡി.പി നയിക്കുന്ന എന്‍.ഡി.എ സഖ്യം തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച സൂപ്പര്‍ സിക്‌സ്, സൂപ്പര്‍ സെവന്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ജനങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍, നിലവിലെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പുകള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണെന്ന് ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.

അര്‍ഹരായ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഭയമില്ലാതെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസ് മേധാവിയും ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരും ഉറപ്പാക്കണമെന്ന് ജഗന്‍ ആവശ്യപ്പെട്ടു. പരാതികളും അനുബന്ധ തെളിവുകളും സമഗ്രമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള തെളിവുകളുമായി ഗവര്‍ണറെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവിനെ വൈ.എസ്.ആര്‍.സി.പി വളച്ചൊടിക്കുകയാണെന്ന് ടി.ഡി.പി. ആരോപിച്ചു. അതേസമയം, സംഘര്‍ഷങ്ങളില്‍ പ്രതിപക്ഷത്തിനും പങ്കുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Content Highlight: YSRCP chief YS Jagan Mohan Reddy slammed the state’s poll process, claiming officials are ignoring Supreme Court orders and blocking candidate filings.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more