| Saturday, 8th November 2025, 11:46 am

'ഞാന്‍ തെറ്റായൊന്നും ചോദിച്ചില്ല; ഗൗരിയുടെ പ്രതികരണം പി.ആര്‍ സ്റ്റണ്ട്': നടിയെ അധിക്ഷേപിച്ച സംഭവത്തില്‍ യൂട്യൂബര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് യൂട്യൂബര്‍. ഗൗരിയുടെ പ്രതികരണം പി.ആര്‍ സ്റ്റണ്ടാണെന്നും 32 വര്‍ഷത്തെ അനുഭവസമ്പത്തുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് താനെന്നും ആര്‍. എസ് കാര്‍ത്തിക് പറയുന്നു. വിഡ്ഢി എന്ന് വിളിച്ചത് ഗൗരിയാണെന്നും നടിയെ നടന്‍ എടുത്തുയര്‍ത്തിയെന്ന് പറഞ്ഞാല്‍ നാല് പേര് കൂടുതല്‍ വരുമെന്നും ഇയാള്‍ പറഞ്ഞു.

‘എന്റെ ചോദ്യത്തില്‍ ബോഡി ഷെയ്മിങ് ഇല്ല. ഞാന്‍ തെറ്റൊന്നും ചോദിച്ചിട്ടില്ല. നടിയെ എടുത്തുയര്‍ത്തിയെന്ന് പറഞ്ഞാല്‍ നാല് പേര് കൂടുതല്‍ തിയേറ്ററിലേക്ക് വരും. അതല്ലാതെ ട്രംപിനെയും മോദിയെയും കുറിച്ച് നടിയോട് ചോദിക്കണോ. ആ നടിക്ക് മാര്‍ക്കറ്റ് ഇല്ല. മാര്‍ക്കറ്റ് വാല്യൂ ഉണ്ടാക്കാന്‍ വേണ്ടിയും അവരുടെ പുതിയ സിനിമ ഓടാന്‍ വേണ്ടിയുമാണ് ഈ വിഷയത്തെ വലുതാക്കുന്നത്,’ എന്നാണ് യൂട്യൂബറിന്റെ പ്രതികരണം.

തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് നടിയുടെ ഭാരവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചത്. നായകനോട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് ചോദിച്ചതാണ് ഗൗരിയെ പ്രകോപിപ്പിച്ചത്. തന്റെ ഭാരവും സിനിമയും തമ്മില്‍ എന്താണ് ബന്ധമെന്നും ഇങ്ങനെയൊരു ചോദ്യം നിങ്ങള്‍ നടന്മാരോട് ചോദിക്കുമോ എന്നും നടി പ്രതികരിച്ചു.

ഇത് ബോഡിഷെയ്മിങ്ങാണെന്നും ഇത്തരം ചോദ്യങ്ങള്‍ എന്തിനാണ് ചോദിക്കുന്നതെന്നും ഗൗരി മാധ്യമപ്രവര്‍ത്തകനോട് ചോദ്യമുയര്‍ത്തി. എന്നാല്‍ ഗൗരിയുടെ ചോദ്യങ്ങള്‍ക്ക് നിഷേധ രൂപത്തില്‍ മറുപടി നല്കുക മാത്രമല്ല, താരത്തോട് ആ മാധ്യമപ്രവര്‍ത്തകന്‍ കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ ചിന്മയി അടക്കുമുള്ള ആളുകള്‍ സിനിമാ മേഖലയില്‍ നിന്ന് ഗൗരിക്ക് പിന്തുണയുമാായി രംഗത്തെത്തി.

Content highlight: youTuber will not apologize for the incident of abusing actress Gauri Kishan

We use cookies to give you the best possible experience. Learn more