| Thursday, 11th June 2026, 5:18 pm

തൊപ്പി ഗ്യാങ് തര്‍ക്കം; നീക്കം ചെയ്ത വീഡിയോ പങ്കുവെച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി ഹനാന്‍ ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ നിന്നും മാറി സൈബര്‍ ലോകത്ത് വലിയ കോലാഹലങ്ങള്‍ക്കാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. തൊപ്പി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഓണ്‍ലൈന്‍ ഗെയ്മറും സ്ട്രീമറുമായ നിഹാദിനെതിരെ തന്റെ അനുയായികളായ മുഹമ്മദും, ഷമീറും ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്.

നിഹാദ്, ഹനാന്‍ ഷാ. Photo: X.com

ഇരുകൂട്ടരുമായി ലൈവ് വീഡിയോ സ്ട്രീമിങ് വഴി ഉടലെടുത്ത തര്‍ക്കത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ഗായകനും, അഭിനേതാവുമായ ഹനാന്‍ ഷായുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇതോടെ വലിയ വിവാദങ്ങള്‍ക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ തുടക്കമിട്ടിരുന്നു. ഹനാന്‍ ഷായുടെ കുടുംബത്തിലെ അംഗമായ സ്ത്രീക്കെതിരെ നിഹാദ് മോശമായി സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷമീറും മുഹമദും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. നിഹാദ് ലൈംഗിക ചുവയോടെ സംസാരിക്കുന്ന ഓഡിയോയും തെളിവായി പുറത്തുവിട്ടിരുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കോപ്പിറൈറ്റ് സ്‌ട്രൈക്ക് നല്‍കി ഹനാന്‍ ഷാ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്തിരുന്നു. എന്നാല്‍ വീഡിയോയുടെ പല ഭാഗങ്ങളും ഒട്ടനവധി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ താക്കീതുമായി എത്തിയിരിക്കുകയാണ് ഹനാന്‍ ഷാ. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

ഹനാന്‍ ഷാ പങ്കുവെച്ച കുറിപ്പ്. Photo: Screen grab/ Instagram.com

ഹനാന്‍ ഷാ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നലെ എന്റെയും എന്റെ കൂട്ടുകാരെയും കുടുംബത്തെയും ലക്ഷ്യമാക്കി ഒരു യൂട്യൂബ് ലൈവില്‍, ഉപദ്രവം, അധിക്ഷേപം, സ്ത്രീകള്‍ക്ക് നേരെയുള്ള അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ യൂട്യൂബില്‍ നിന്ന് ഞങ്ങള്‍ നല്‍കിയ കോപ്പി റൈറ്റ് സ്‌ട്രൈക്കിനാല്‍ നീക്കം ചെയ്യപ്പെട്ടു.

ഇപ്പോള്‍ അതേ ലൈവിലെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന റീല്‍സ്, ഷോര്‍ട്‌സ്, ക്ലിപ്‌സ്, റീപോസ്റ്റ്‌സ്, ഇതിനെ സംബന്ധിച്ചുള്ള റിയാക്ഷന്‍സ് തുടങ്ങിയവ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വീണ്ടും പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത്തരം കണ്ടെന്റ്‌സ് സൃഷ്ടിക്കപ്പെടുകയോ, പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ, ചെയ്യുന്നവര്‍ക്ക്, കോപ്പിറ്റെറ്റ് സ്‌ട്രൈക്ക്, അക്കൗണ്ട് ടേക്ക്ഡൗണ്‍സ്, പ്ലാറ്റ്‌ഫോം ആക്ഷന്‍സ് എന്നിവയ്‌ക്കൊപ്പം അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍, സൈബര്‍ ഉപദ്രവം, വ്യക്തിഹത്യ, സ്വകാര്യത ലംഘനം, എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും, ഇന്‍ഫര്‍മോഷന്‍ ടെക്‌നോളജി ആക്ടിലെയും ബാധകമായ വകുപ്പുകള്‍ പ്രകാരമുള്ള നിയമനടപടികള്‍ നേരിടേണ്ടി വരാം. നിങ്ങള്‍ ഇത്തരത്തിലുള്ള വീഡിയോസ് പങ്കുവെച്ചിട്ടുണ്ടെങ്കില്‍ ദയവായി അത് നീക്കം ചെയ്യു, നന്ദി.

Content Highlight: Youtuber Warns against sharing videos which abuses his friends and family members relating to thoppi issue

Latest Stories

We use cookies to give you the best possible experience. Learn more