| Monday, 16th June 2025, 12:14 pm

45കാരിയെ ഭീഷണിപ്പെടുത്തി 19 ലക്ഷം തട്ടിയെടുത്തു; യൂട്യൂബര്‍ പിയൂഷ് കത്യാല്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. പിയൂഷ് കത്യാലാണ് അറസ്റ്റിലായത്. 45 വയസുള്ള ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി 19 ലക്ഷം രൂപ തട്ടിയ കേസിലാണ് യൂട്യൂബര്‍ അറസ്റ്റിലായത്.

ഇന്നലെ (ഞായര്‍) മുംബൈ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 45കാരിയെ വഞ്ചിച്ച് പണം തട്ടിയതിനാണ് പിയൂഷ് കത്യാലിനെ അറസ്റ്റ് ചെയ്തതെന്ന് ഡി.സി.പി പുരുഷോത്തം കര്‍ഹാദ് പറഞ്ഞു.

കഴിഞ്ഞയാഴ്ച നോര്‍ത്ത് റീജിണല്‍ സൈബര്‍ പൊലീസില്‍ തട്ടിപ്പിനിരയായ സ്ത്രീ പരാതി നല്‍കിയിരുന്നു. പിയൂഷ് കത്യാല്‍ പ്രാങ്ക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രാങ്ക് വീഡിയോകള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് കേസിലെ പ്രതി.

അഞ്ച് മാസം മുമ്പ് കത്യാലിന്റെ ഒരു പ്രാങ്ക് വീഡിയോ ലൈക്ക് ചെയ്തതിന് പിന്നാലെയാണ് ഇരുവരും പരിചയപ്പെട്ടത്. പ്രാങ്ക് വീഡിയോക്ക് താഴെ കമന്റ് ചെയ്തതായും പിയൂഷിനെ ഫോളോ ചെയ്തതായും യുവതി പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് നമ്പറുകള്‍ കൈമാറി ഇരുവരും ആശയവിനിമയം നടത്തിയിരുന്നു.

എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രി ചെലവിന് എന്ന പേരില്‍ പരാതിക്കാരിയില്‍ നിന്ന് പ്രതി 19 ലക്ഷം രൂപ വാങ്ങുകയായിരുന്നു. പണം വേണമെന്ന പ്രതിയുടെ ആവശ്യം പരാതിക്കാരി ആദ്യം നിരസിച്ചിരുന്നു.

പിന്നാലെ ചാറ്റുകള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിയൂഷ് പണം തട്ടിയത്. ഇതിനെ തുടര്‍ന്നാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്.

ഒന്നിലധികം തവണയായാണ് പ്രതി പണം തട്ടിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ വകുപ്പുകള്‍ പ്രകാരമാണ് യൂട്യൂബര്‍ പിയൂഷ് കത്യാലിനെതിരെ കേസെടുത്തത്.

Content Highlight: YouTuber Piyush Katyaal arrested for threatening 45-year-old woman and extorting Rs 19 lakh

We use cookies to give you the best possible experience. Learn more