| Thursday, 6th November 2025, 11:04 pm

ഇസ്രഈല്‍ ക്രൂരതകള്‍ തുറന്നുകാട്ടിയ 700ലധികം വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു: ദി ഇന്റര്‍സെപ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റഫ: ഗസയിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്രഈല്‍ അതിക്രമങ്ങള്‍ തുറന്നുകാണിക്കുന്ന 700ലധികം വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തതായി ദി ഇന്റര്‍സെപ്റ്റ്. ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടുകള്‍, സാക്ഷി മൊഴികള്‍, അതിക്രമങ്ങള്‍ക്ക് ശേഷമുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് യൂട്യൂബ് നീക്കം ചെയ്തത്.

ഫലസ്തീന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അക്ലേയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം, ഇസ്രഈല്‍ സൈന്യം വെസ്റ്റ് ബാങ്കിലെ വീടുകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍, ഇസ്രഈല്‍ അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ഗസയിലെ അമ്മമാരെ കുറിച്ചുള്ള ഡോക്യൂമെന്ററി തുടങ്ങിയവ നീക്കം ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

ഇത് ഇസ്രഈലി യുദ്ധക്കുറ്റങ്ങളുടെ രേഖകള്‍ പുറത്തുവരാതിരിക്കാനുള്ള യു.എസ് പിന്തുണയോട് കൂടിയ ശ്രമമാണെന്നും ഇന്റര്‍സെപ്റ്റ് പറയുന്നു.

ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനകളായ അല്‍-ഹഖ്, അല്‍ മെസാന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, ഫലസ്തീന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്നിവയുടെ യൂട്യൂബ് ചാനലുകള്‍ താത്കാലികമായി തടസപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഈ സംഘടനകള്‍ക്ക് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ തെളിവുകള്‍ നല്‍കിയതിന് പിന്നാലെയായിരുന്നു യു.എസിന്റെ ഉപരോധം.

ഗസയിലെ ഇസ്രഈല്‍ അതിക്രമങ്ങളില്‍ പങ്കാളികളാണെന്ന് ചൂണ്ടിക്കാട്ടി മൈക്രോസോഫ്റ്റ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അടുത്തിടെ ഇസ്രഈലുമായുള്ള ബന്ധം തുടരുന്നതില്‍ പ്രതിഷേധിച്ച നാല് ജീവനക്കാരെ മൈക്രോസോഫ്റ്റ് പുറത്താക്കിയിരുന്നു.

ഫലസ്തീനികളുടെ ഫോണ്‍കോള്‍ റെക്കോര്‍ഡിങ്ങുകൾ ശേഖരിക്കാനായി, ഇസ്രഈല്‍ സൈന്യം മൈക്രോസോഫ്റ്റിന്റെ ‘ആസുര്‍’ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മൈക്രോസോഫ്റ്റിനെതിരെ പ്രതിഷേധം ശക്തമായത്.

അതേസമയം ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബര്‍ മുതല്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 68,875ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2025 ഒക്ടോബര്‍ പത്തിന് ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും 200 ലധികം തവണ ഇസ്രഈല്‍ കരാര്‍ ലംഘിച്ചുവെന്നാണ് ഗസയിലെ മീഡിയ ഓഫീസ് പറയുന്നത്.

Content Highlight: YouTube removes over 700 videos exposing Israeli atrocities: The Intercept

We use cookies to give you the best possible experience. Learn more