| Thursday, 6th June 2019, 9:27 am

മോഹനന്‍ വൈദ്യന്മാര്‍ക്കും, കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ക്കും തടയിടാനൊരുങ്ങി യൂട്യൂബ്; ദുരുദ്ദേശ്യപരമായ വീഡിയോകള്‍ നീക്കം ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിലിക്കണ്‍ വാലി: വിദ്വേഷ ഉള്ളടക്കമുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനൊരുങ്ങി യൂട്യൂബ്. വിദ്വേഷ വീഡിയോകള്‍ക്കെതിരെ യൂട്യൂബിന്റെ നയങ്ങളെക്കുറിച്ചുള്ള അവലോകനത്തിനൊടുവിലാണ് തീരുമാനം. നിലവില്‍ ദുരുദ്ദേശ്യപരമായ ഉള്ളടക്കമുള്ള വീഡിയോകള്‍ക്ക് യൂട്യൂബില്‍ വിലക്കുണ്ടെങ്കിലും ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ ഈ വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമിലൂടെ പ്രചരിക്കുന്നുണ്ട്.

‘പ്രായത്തിന്റേയും, ലിംഗത്തിന്റെയും, വംശത്തിന്റേയും, ജാതിയുടേയും, മതത്തിന്റേയും പേരില്‍ വിവേചനവും മാറ്റിനിര്‍ത്തലും നടത്തി, ഒരു കൂട്ടം ആളുകള്‍ക്ക് മറ്റൊരു കൂട്ടത്തെക്കാളും ഔന്നിത്യം ഉണ്ടെന്ന് ന്യായീകരിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ ഞങ്ങള്‍ നിരോധിക്കും’- യൂട്യൂബ് പുറത്തു വിട്ട കുറിപ്പില്‍ പറയുന്നു.

ഗവേഷകര്‍ക്ക് ഉപകാരപ്രദമായ വീഡിയോകളും, വിദ്വേഷ പ്രചരണങ്ങളെ തുറന്നു കാട്ടാനായി പുറത്തിറക്കുന്ന വീഡിയോകള്‍, കാലിക വിഷയങ്ങളുടെ വിശകലനം എന്നീ വിഡിയോകള്‍ നീക്കം ചെയ്യില്ലെന്നും യൂട്യൂബ് അറിയിച്ചു.

ആയിരക്കണക്കിന് അക്കൗണ്ടുകള്‍ ഇതോടെ അടച്ചു പൂട്ടുമെന്നാണ് കരുതുന്നത്. എന്നാല്‍  ഇത് എളുപ്പമാവില്ലെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു. ‘പുതിയ പോളിസി ഇന്ന് മുതല്‍ നടപ്പില്‍ വരുത്തും, എന്നാല്‍ ഇത് നടപ്പിലാക്കുന്നതിന് സമയം ആവശ്യമായി വരും’- യൂട്യൂബിന്റെ കുറിപ്പില്‍ പറയുന്നു.

അത്ഭുത സിദ്ധികള്‍, വ്യാജ വൈദ്യം, ഫ്‌ളാറ്റ് എര്‍ത്ത് കോണ്‍സ്പിരസി (ഭൂമി പരന്നതാണെന്ന് അവകാശപ്പെട്ട് യൂട്യൂബില്‍ ആയിരക്കണക്കിന് വീഡിയോകളാണ് പ്രചരിക്കുന്നത്)  തുടങ്ങി ദുരുദ്ദേശ്യപരവും തെറ്റിദ്ധാരണാജനകവുമായ വീഡിയോകള്‍ നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടി തങ്ങളുടെ അല്‍ഗോരിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും യൂട്യൂബ് പറയുന്നു. ‘അപ് നെക്സ്റ്റ്’ ആയി ഇത്തരത്തിലുള്ള വീഡിയോകള്‍ യൂട്യൂബ് നിര്‍ദേശിക്കില്ല.

കൂടുതല്‍ ആധികാരികവും ശാസ്ത്രത്തിന്റെ പിന്‍ബലവുമുള്ള വീഡിയോകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുമെന്നും, ഇത് മറ്റ് മോശം വീഡിയോകളുടെ ഉള്ളടക്കത്തില്‍ ആളുകള്‍ വിശ്വസിക്കുന്നത് തടയാന്‍ സഹായിക്കുമെന്നും യൂട്യൂബ് കരുതുന്നു.

അമേരിക്കയില്‍ പരീക്ഷിച്ച് വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ യൂട്യൂബ് തീരുമാനിച്ചത്. എന്തെങ്കിലും തരത്തിലുള്ള വിദ്വേഷപ്രചരണങ്ങള്‍ നടത്തുന്ന വീഡിയോകള്‍ക്ക് പരസ്യവരുമാനം ലഭിക്കില്ലെന്ന് ഉറപ്പു വരുത്തുമെന്നും യൂട്യൂബ് പറയുന്നു.

ആഗോളതലത്തില്‍ തീവ്രവലതു പക്ഷം വീണ്ടും ശക്തിപ്രാപിക്കാന്‍ ആരംഭിച്ചതോടെ ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന യൂട്യൂബ് കണ്ടെന്റുകളും വ്യാപകമായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ യൂട്യൂബ് തയ്യാറാകുന്നില്ലെന്ന് പരാതികളുയര്‍ന്നിരുന്നു. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പിന് ശേഷം വിമര്‍ശനം കൂടുതല്‍ ശക്തമാവുകയായിരുന്നു.

യൂട്യൂബിലെ ഏറ്റവും പ്രചാരത്തിലുള്ള വീഡിയോകള്‍ തീവ്ര വലതുപക്ഷ വാദം പ്രചരിപ്പിക്കുന്നവയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

Image Credits: Vice

We use cookies to give you the best possible experience. Learn more